Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Wednesday, February 22, 2017

യാത്രക്കിടയില്‍ - സുഗതകുമാരി

എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ളേതഴലിലും വന്നെന്‍ കണ്ണൂനീരൊപ്പി  തന്നു

വിളര്‍ക്കും ദിനങ്ങള്‍ തന്‍ കവിളില്‍ ചായം തേച്ചു‌
തിളക്കും വേനല്‍ച്ചൂടില്‍ പൂക്കളെ തുന്നിച്ചേർത്തു
ദാഹത്തില്‍ പൂന്തേനേകി  ദുഃഖത്തില്‍ പ്രേമം നല്‍കീ
രോഗത്തില്‍ സുഖാശ്വാസദൃഢവിശ്വാസം പാകീ

ഈ വഴിത്തളര്‍ച്ചയെ  ഞാനറിഞ്ഞീല നിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചു നടപ്പോൾ
അങ്ങനെ നാമൊന്നിച്ചേ കഴിഞ്ഞു ചിരകാലം
ഇന്നു ഞാനിവിടെയീ നാല്‍ക്കവലയില്‍ പെട്ടെ-
ന്നറിവു‌ കാണ്മീലല്ലോ  നിങ്ങളെകൂടെപ്പിരി -
ഞ്ഞകലുന്നേരം നിങ്ങള്‍ യാത്രയും ചൊല്ലീലല്ലോ

എങ്ങിനെയിനി? നിന്നു പോകുന്നേന്‍ , സ്വപ്നങ്ങളെ
നിങ്ങള്‍ കൈവിട്ടോന്‍ , ഏറെ ക്ഷീണനീ  യാത്രക്കാരന്‍
നടക്കാന്‍ വഴിയെത്രയുണ്ടിനി കൊടും വെയില്‍
തണുക്കും മഹാ സന്ധ്യക്കെത്രയുണ്ടിനി നേരം ...

യാത്രക്കുറിപ്പ് - കുരീപ്പുഴ ശ്രീകുമാർ

ആയിരം ശിഖയുള്ള മിന്നൽ
മാനത്തിന്റെ നാവിൽ നി-
ന്നഗ്നിമുഹൂർത്തം തൊടുക്കവേ
പായുന്ന വണ്ടിയിൽ
പാതാളയാത്രയിൽ
പേടിക്കൊടിയും പിടിച്ചുനിൽക്കുന്നു ഞാൻ
പിന്നിലെത്താവളം
തേടിപ്പറക്കുന്നു
കൊന്നയും
കാഞ്ഞിരക്കാടും
മനുഷ്യരും.
സൂചിതറച്ച മനസ്സിന്റെ വിങ്ങലിൽ
ആമുഖമില്ലാതെറിഞ്ഞു തരുന്നു ഞാൻ
ആഴിക്കൊരിന്ദ്രധനുസ്സിന്റെ പുസ്തകം
നീയിതിൻ വാക്കിലെയുപ്പു രുചിക്കുക
പെരിട്ടെടുത്തു പഠിച്ചു കത്തിക്കുക
ചാരം നദിക്കും സുഹൃത്തിനും വിത്തിനും
നേരറിയിച്ച നേരത്തിനും നൽകുക

Tuesday, February 21, 2017

ആരോട് യാത്ര പറയേണ്ടൂ - ഓ എന്‍ വി

ആരോട് യാത്രപറയേണ്ടു ഞാന്‍
മാസങ്ങളാണ്ടുകള്‍ അളന്നളന്നെത്തുമൊരു ബിന്ദുവില്‍

ആള്‍ത്തിരക്കേറുമീ വാഹനം എന്നെയൊരു
പാഴ്ച്ചുമടായിങ്ങിറക്കിവെക്കെ

എന്നമൃതപാഥേയവും പഴയ ഭാണ്ഡവും
നെഞ്ചോടണച്ചുഞാനിങ്ങു നില്‍ക്കെ

പാതയിതപാരതതന്‍ മധുരമാം ക്ഷണം മാതിരി
പാണികള്‍ നീട്ടി നില്‍ക്കെ

ആരുടെ കരങ്ങളെന്നറിവീല
പുഴയെ നീരാഴിപോലെന്നെ പുണര്‍ന്നുനില്‍ക്കെ

ആരോട് യാത്രപറയേണ്ടു ഞാന്‍
എന്തി- നോടാരോട് യാത്രപറയേണ്ടു

എത്ര സഹയാത്രികര്‍ സമാനഹൃദയര്‍
ജ്ഞാനദു:ഖങ്ങള്‍ തങ്ങളില്‍ പങ്കുവച്ചോര്‍

മധുരാക്ഷരങ്ങളില്‍ നിറഞ്ഞ മധുവുണ്ണുവാന്‍
കൊതിയാര്‍ന്ന കൊച്ചു ഹൃദയങ്ങള്‍

സാമഗീതങ്ങളെ സാധകം ചെയ്തവര്‍
ഭൂമിയെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചവര്‍

  മണ്ണിന്‍റെ ആര്‍ദ്രമാം ആഴങ്ങള്‍ തേടിയോര്‍
വിണ്ണിന്റെ ദീപ്തമാം ഉയരങ്ങള്‍ തേടിയോര്‍

മുന്നിലൂടവരൊഴുകി നീങ്ങുന്ന കാഴ്ച
ഉള്‍ക്കണ്ണുകളെയിന്നും  നനക്കേ

ഓര്‍മകളിലിന്നലെകള്‍ പിന്നെയുമുദിക്കെ
അവയോരോന്നുമുണ്‍മയായ്‌ നില്‍ക്കെ

ആരോട് യാത്രപറയേണ്ടു ഞാന്‍
എന്തി- നോടാരോട് യാത്രപറയേണ്ടു

ആരോട് യാത്രപറയേണ്ടു ഞാന്‍

മൊഴികളുടെയാഴങ്ങളില്‍
പഴമനസ്സുകള്‍ കുഴിച്ചിട്ട നിധിതേടി

വാഴ്വിന്റെ കൈപ്പുനീരും വാറ്റി
മധുരമാക്കുന്ന രസമന്ത്രതന്ത്രം തേടി

ഒരു പൊരുളില്‍ നിന്നപരമാം പൊരുളുദിച്ചു
കതിര്‍ ചൊരിയുന്ന വാക്കിലെ സൂര്യനെത്തേടി

ഒരു പൂവിലെക്കനിതേടി
കനിയിലെത്തരു തേടി

തീയിലെക്കുളിര്‍തേടി
കുളിരിലെ തീ തേടി

അണുവിന്റെ അണുവിലൊരു സൌരയൂഥം തേടി
മര്‍ത്യനില്‍ മഹാഭാരതങ്ങള്‍ തേടി

തീര്‍ത്ഥ്യരെത്രയോപേരൊത്തലഞ്ഞു തിരിഞ്ഞു
ഏറെഇഷ്ടമാര്‍ന്നൊരു നടക്കാവിനോടോ

ഇനിയാരോട് യാത്രപറയേണ്ടു ഞാന്‍
എന്തി- നോടാരോട് യാത്രപറയേണ്ടു?

Saturday, April 2, 2016

സഫലമീ യാത്ര - എന്‍ എന്‍ കക്കാട്

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.

വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!


ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...?

എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ-
യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍...

മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..

എവിടെയെന്തോര്‍മ്മകളെന്നോ....

നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ....

പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍...

ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കേ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍‍
നിന്നണയുന്ന നീളങ്ങളുറയുന്ന രാവുകളില്‍‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ...!
ഒന്നുമില്ലെന്നോ...!

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെരിരേല്‍ക്കും....
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ...

കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം...
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ.....
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര...

പാഥേയം - ഒ എന്‍ വി കുറുപ്പ്


വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ഡത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!

Friday, March 18, 2016

പോകുന്നവരേ - സച്ചിദാനന്ദന്‍

പോകുന്നവരേ പോകാനനുവദിക്കുക 
ബാക്കിയായവരിലേക്ക് ദൃഷ്ടി തിരിക്കുക 
കണ്ണാടിയിലേക്ക് നോക്കുക 
ഒരു മാലാഖ അതിന്നകത്തു നിന്നു 
നിങ്ങളെ നോക്കി ‘ജീവിക്കൂ ജീവിക്കൂ ’
എന്നു നിങ്ങളുടെ സ്വരത്തില്‍ മന്ത്രിക്കുന്നു 
നിശബ്ദതയ്ക്കു കാതോര്‍ക്കുക ;
അത് വാസ്തവത്തില്‍ ഒരു ആരവമാണ് 
മുടി പിറകിലേക്ക് തട്ടി നീക്കി 
കാമുകിയേപ്പോലെ പൊട്ടിച്ചിരിക്കുന്ന 
വെള്ളച്ചാട്ടങ്ങള്‍ ,ഇലകളുടെ നൃത്തം 
കാറ്റിന്‍റെ ചിലമ്പ്,ചീവീടുകളുടെ കളകളം 
പുഴയ്ക്കക്കരെ നിന്ന്‌ 
ഇനിയും മരിക്കാത്തവരുടെ പാട്ട് 
കാതുകളില്‍ മുക്കുറ്റിക്കുലകള്‍ ഞാത്തി 
കൈകള്‍ കൊട്ടി കടന്നു വരുന്ന ചിങ്ങം 
ഇന്നലെ ഇല്ല,നാളെയും ഇല്ല 
ആകാശത്തേയ്ക്ക് തുറക്കുന്ന 
വര്‍ത്തമാനത്തിന്‍റെ വാതിലുകള്‍ മാത്രം 
പിന്നെ മണങ്ങളും 
ഈറന്‍ വൈക്കോലിന്റെ,നെല്ല് 
പുഴുങ്ങുന്നതിന്‍റെ,പുതു മണ്ണിന്‍റെ 
ഇലഞ്ഞിയുടെ,കമുകിന്‍ പൂക്കിലയുടെ 
ഏലത്തിന്‍റെ ,പാമ്പിന്‍ മുട്ടയുടെ 
വൃക്ഷങ്ങളുടെയും മനുഷ്യരുടേയും 
രഹസ്യ സ്രവങ്ങളുടെ .
ഇന്നു രാത്രി ഞാന്‍ ഉറങ്ങുകയില്ല 
നിങ്ങളെ ഉറക്കുകയുമില്ല

Tuesday, March 1, 2016

യാത്ര - ഒ എന്‍ വി കുറുപ്പ്

വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം
വേദനകൾ പങ്കു വയ്ക്കുന്നു..
കരളിലെഴുതീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു...
കൊച്ചു സുഖദുഃഖ മഞ്ചാടി മണികൾ ചേർത്തു വച്ചു
പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങൾ
നമ്മളും, വിരിയുന്നു യാത്ര തുടരുന്നു...
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ..?
എങ്കിലും, സന്ധ്യയുടെ കൈയീലെ സ്വർണവും
പൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻ തുള്ളിയും
പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും
മൌനപാത്രങ്ങളിൽ കാത്തു വച്ച മാധുര്യവും...
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും പേറി
ഞാൻ യാത്ര തൂടരുന്നു....
മുറതെറ്റിയെത്തുന്നു ശിശിരം
വിറകൊൾവൂ തരു നഗ്ന ശിഖരം
ഒരു നെരിപ്പോടിന്റെ ചുടു കല്ലുകൾക്കിടയിൽ
എരിയുന്നു കനലുകൾ കെടുന്നു..
വഴിവക്കിൽ നിന്നേറ്റി വന്ന വിറകിൻ കൊള്ളി
മുഴുവൻ എരിഞ്ഞു തീരുന്നു....
ഒടുവിലെന് ഭാണ്ഡത്തിൽ ഭദ്രമായി സൂക്ഷിച്ച
തുടു ചന്ദന തുണ്ടു വിറകും അന്ത്യമായി കൺ ചിമും
അഗ്നിക്കു നൽകി ഞാൻ പാടുന്നു നീണ്ടൊരീ യാത്രയിൽ
തളരുമെൻ പാന്ഥേയമാകുമൊരു ഗാനം...
ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും
ഒരു നാൾ കവർന്നു പറന്നു പോകാം
നിഴലായ്...നിദ്രയായ് പിന്തുടർന്നെത്തുന്ന
മരണമേ...നീ മാറി നിൽക്കൂ....
അതിനു മുമ്പ് അതിനുമുമ്പ് ഞാൻ പാടട്ടെ..
അതിലെന്റെ ജീവനുരുകട്ടെ...
അതിലെന്റെ മണ്ണു കുതിരട്ടെ ...
ഇളകട്ടെ അതിനിടയിൽ ഞാൻ വീണുറങ്ങട്ടെ..