Showing posts with label Mundanopanishad. Show all posts
Showing posts with label Mundanopanishad. Show all posts

Saturday, July 23, 2016

മുണ്ഡനോപനിഷത്ത് - എം എസ് ബനേഷ്

മുണ്ഡനം ചെയ്യാന്‍ ബാര്‍ബര്‍-
ഷോപ്പില്‍ നീയിരിക്കുമ്പോള്‍,
നിശ്ചയദാര്‍ഢ്യം കണ്ണില്‍
കത്തിയായ് മുനയ്ക്കുമ്പോള്‍,
കൊല്ലല്ലേ വസന്തത്തെ
വേരോടെയെന്നു മുടി-
ച്ചുരുള്‍ക്കാടുലഞ്ഞുവോ,
ചില്ലകള്‍ കിടുങ്ങിയോ?
ഞാനെത്രവട്ടം വിരല്‍-
ത്തന്ത്രികള്‍ മീട്ടീ മെല്ലെ
തഴുകാന്‍ ശ്രമിച്ചതാ-
ണിക്കാടിന്നാഴങ്ങളെ.
എത്രയോ രാത്രി നിന്റെ-
യഴിഞ്ഞ കാടിന്‍ കറു-
പ്പത്രയുമുള്‍ക്കൊണ്ടാവാ-
മിത്രയ്ക്കു കറുത്തിരുള്‍!
അത്രമേലിരുണ്ടതാം
രാത്രികള്‍ നിന്റെ മുഖം
ആവാഹിച്ചാവാം പിന്നെ
തെളിച്ചൂ നിലാവെട്ടം!
ഉപമയലങ്കാര
മധുരമൊഴികളില്‍
കര്‍ക്കശം മുടിവാരി-
ക്കെട്ടി നീയപ്പോഴൊക്കെ.
മുണ്ഡനം ചെയ്യാന്‍ തല
താഴ്ത്തി നീയിരിക്കുമ്പോള്‍
കത്രിക വിസമ്മത
ഘര്‍ഷണത്തീപാറിച്ചോ?