ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Wednesday, October 13, 2021
പന്നി(ഒരു ഫെമിനിസ്റ്റിന് ) - ബാലചന്ദ്രന്‍ ചുള്ളിക്കാട്
Thursday, May 20, 2021
ഗൗരി - ബാലചന്ദ്രൻ ചുള്ളിക്കാട്
Sunday, April 10, 2016
ഏറ്റവും ദുഃഖഭരിതമായ വരികള്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ് രാത്രി നീല നക്ഷത്രങ്ങള്‍
അകലെയായ് വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ-
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു
എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍
അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ ആരുമോഹിച്ചു പോയിടാ
കഴിയുമീ രാവില്‍ ഏറ്റവും സങ്കട-
ഭരിതമായ വരികല്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍
അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍
കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ്
ശിഥിലമായ് രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്രമാത്രം വിജനത്തില്‍
അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു
അരികിലേക്കൊന്നണയുവാനെന്നപോല്‍
അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലും
എന്‍ മനമവളെയിപ്പൊഴും തേടുന്നു
അന്നത്തെ നിശയും ആ വെന്നിലാവില്‍
തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ
പ്രണയിതാകളല്ല എത്രമേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍
ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍
അവളെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം സൌവര്‍ണ്ണ ദീപ്തമാം
മൃദുല മേനി അനന്തമാം കണ്ണുകള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം..
വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം
ഇതുപൊലെ പല നിശകളില്‍ എന്റെ യീ
കൈകളില്‍ അവളെ വാരിയെടുക്കയാലാകണം
ഹൃദയം ഇത്രമെലാകുലമാകുന്നത്
അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...
Saturday, April 2, 2016
സന്ദര്‍ശനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ
താളവും നിറയെ സംഗീതമുള്ള നിശ്വാസവും?
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.
കനക മൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും,
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.
മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗര വീഥികള്‍ നിത്യ പ്രയാണങ്ങള്‍,
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍,
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാർത്തനായ് ഭൂതായനങ്ങളില്‍,
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴി നീരില്‍ മുങ്ങും തുളസി തന്‍
കതിരു പോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരികുക.
സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍.
സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍...
Wednesday, March 30, 2016
ബാധ - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ക്ഷമാപണം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
വിഷം കുടിച്ചിന്നലെ രാത്രിയില്‍
ഞാന്‍ നിന്നരികിലിരുന്നുവോ?
നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവ തന്തുക്കളായ് വിറകൊണ്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീതശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധശബ്ദം തല തല്ലി വിളിച്ചുവോ?
കൂരിരുള്‍ മൂടിക്കിടക്കുന്നോരോര്‍മ്മ തന്‍
ഈറന്‍ തെരുവുകളാണ്
വെറും ശവഭോജനശാലകളാണ്
കിനാവറ്റ യാചകര്‍ വീണുറങ്ങും
കടത്തിണ്ണകളാണ്
ഘടികാര സൂചിയില്‍ക്കോര്‍ത്തുപിടയ്കും
ശിരസ്സുകളാണ് .
ബോധത്തിന്റെ പാതിരാത്തോര്‍ച്ചയില്‍
നെഞ്ചു പൊത്തിക്കൊണ്ട്
ചോര ഛര്‍ദ്ദിക്കുന്ന രോഗികളാണ്
കൊമ്പിട്ടടിച്ചോരോ മനസ്സിന്‍
തണുത്ത ചെളിയിലും
കാരുടല്‍ പൂഴ്‍ത്തിക്കിടക്കും വെറുപ്പാണ്
ഭയം കാറ്റും മഴയും കുടിച്ച്
മാംസത്തിന്റെ ചതുപ്പില്‍ വളരുകയാണ്
പകയുടെ ഹിംസ്ര സംഗീതമാണ്.
ഓരോ നിമിഷവും
ഓരോ മനുഷ്യന്‍ ജനിക്കുകയാണ്
സഹിക്കുകയാണ്
മരിക്കുകയാണ്.
ഇന്നു ഭ്രാന്ത് മാറ്റാന്‍
മദിരാലയത്തിന്‍ തിക്ത സാന്ത്വനം മാത്രമാണ്.
എങ്കിലും
പ്രേമം ജ്വലിക്കുകയാണ്
നിരന്തരമെന്റെ ജഡാന്തര സത്തയില്‍..
മാപ്പു ചോദിപ്പു
വിഷം കുടിച്ചിന്നലെ
രാത്രിതന്‍ സംഗീതശാലയില്‍
മണ്ണിന്റെ ചോര നാറുന്ന കറുത്ത നിഴലായ്
ജീവനെ,
ഞാന്‍ നിന്നരികിലിരുന്നുവോ?
Friday, March 18, 2016
എവിടെ ജോണ്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്
നിന്റെ വൈദ്യുതാലിംഗനം.
പൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍
തുരിശുമീര്‍ച്ചപ്പൊടിയും നിറച്ച്
നിന്‍ തുറമുഖത്തിലണയുകയാണെന്‍റെ
കുപിത യൌവ്വനത്തിന്‍ ലോഹ നൌകകള്‍ .
അരുത്, നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്..
നിന്‍റെ നിയോണ്‍ വസന്തത്തിന്‍റെ ചുന കുടിച്ച്
എന്‍റെ ധൂര്‍ത്ത കൌമാരവും
ജലഗിത്താറിന്‍റെ ലൈലാക ഗാനവും
പ്രണയ നൃത്തം ചവിട്ടിയ പാതിരാ തെരുവുകള്‍
ഇന്ന്, ദുഃഖ ദീര്‍ഘങ്ങള്‍
വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു,
ഞാനൊരുവനെ തേടി വന്നു!
വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍ !
പകലൊടുങ്ങുന്നു, സോഡിയം രാത്രിയില്‍
പകരുകയാം നഗരാര്‍ത്ത ജാഗരം.
തെരുവ്, രൂപങ്ങള്‍ തന്‍ നദി,
വിച്ഛിന്ന ഘടനകള്‍ തന്‍ ഖര പ്രവാഹം;
പരിക്ഷുഭിത ജീവല്‍ ഗതാഗത ധാരയില്‍
തിരകയാണെന്‍റെ പിച്ചളക്കണ്ണുകള്‍ ,
ശിഥില ജീവിതത്തിന്‍ ഭ്രാന്ത രൂപകം;
കരി പിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു
രാസ സന്ദേശങ്ങള്‍.
ഇരുപതാം നമ്പര്‍ വീട്, അതേ മുറി
ഒരു മെഴുതിരി മാത്രമെരിയുന്നു
നയന രശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ
ഭ്രമണ മാര്‍ഗ്ഗത്തില്‍ നിന്ന് തെറിപ്പിച്ച മറിയ
നീറിക്കിടക്കുന്നു, തൃഷ്ണ തന്‍
ശമനമില്ലാത്തൊരംഗാര ശയ്യയില്‍ !
എവിടെ ജോണ്‍ ?” സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
അവന് ഞാനല്ല കാവലാള്‍ , പോവുക!”
പരിചിതമായ ചാരായ ശാലയില്‍
നരക തീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു:
ഇന്ന് ജോണ്‍ ഇവിടെ വന്നുവോ?”
പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു പരിചയം ഗ്ലാസ്സ് നീട്ടുന്നു:
താനെവിടെയായിരുന്നിത്ര നാളും കവീ?
ഇത് ചെകുത്താന്‍റെ രക്തം, കുടിക്കുക;
ഇവിടെയുണ്ടായിരുന്നു ജോണ്‍ ,
എപ്പോഴോ ഒരു ബഹൂമിയന്‍ ഗാനം
പകുതിയില്‍ പതറി നിര്‍ത്തി അവനിറങ്ങിപ്പോയി.
അവന് കാവലാളാര്? ഈ ഞങ്ങളോ?”
ജല രഹിതമാം ചാരായം
ഓര്‍ക്കാതെ ഒരു കവിള്‍ മോന്തി,
അന്ന നാളത്തിലൂടെ എരിപൊരി-
ക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി!
പഴയ ലോഡ്ജില്‍ , ഒരു കൊതുകു വലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.
ഞാന്‍ അവിടെ മുട്ടുന്നു;
ജോണിനെ കണ്ടുവോ?”
പഴയ ജീവിതം പാടേ വെറുത്തു ഞാന്‍
ഇനിയുമെന്നെ തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്ക് പ്രവേശനമില്ല എന്‍റെ മുറിയില്‍
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ സര്‍പ്പ സാന്നിധ്യം;
എന്‍റെയീ പടി കയറുവാന്‍ പാടില്ല മേലില്‍ നീ,
അറിയൂ ജോണിന്‍റെ കാവലാളല്ല ഞാന്‍ !”
പടിയിറങ്ങുന്നു ഞാന്‍ , കശേരുക്കളില്‍
പുകയുകയാണ് ചുണ്ണാമ്പ് പൂവുകള്‍ !
വിജനമാകുന്നു പാതിരാപ്പാതകള്‍ ,
ഒരു തണുത്ത കാറ്റൂതുന്നു,
ദാരുണ സ്മരണ പോല്‍,
ദൂരെ ദേവാലയങ്ങളില്‍ മണി മുഴങ്ങുന്നു;
എന്നോട് പെട്ടന്നൊരിടി മുഴക്കം
വിളിച്ച് ചോദിക്കുന്നു:എവിടെ ജോണ്‍ ?”
ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍ :
അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”
ഇവിടെ ഈ സെമിത്തേരിയില്‍
കോണ്‍ക്രീറ്റ് കുരിശ് രാത്രി തന്‍ മൂര്‍ദ്ധാവില്‍
പിന്‍കാല മലിനമാം മഞ്ഞ് പെയ്ത് പെയ്ത്
ആത്മാവ് കിടുകിടുക്കുന്നു, മാംസം മരയ്ക്കുന്നു,
എവിടെ ജോണ്‍ ?;ഗന്ധകാമ്ലം നിറച്ച നിന്‍
ഹൃദയ ഭാജനം, ശൂന്യമീ കല്ലറയ്ക്കരികില്‍
ആഗ്നേയ സൌഹൃദത്തിന്‍ ധൂമ വസനം
ഊരിയെറിഞ്ഞ ദിഗംബര ജ്വലനം!
Monday, March 14, 2016
വ്യര്‍ത്ഥം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
മഞ്ഞങ്ങനെ മഴയങ്ങനെ
കാറ്റങ്ങനെ കടലങ്ങനെ.
പരുന്ത് ഉപേക്ഷിച്ച
നിഴലുമായി ഞാന്‍ കാത്തിരുന്നു
ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
മണ്ണിര ഭൂമിയെ എന്നപോലെ
ഞാന്‍ കാലത്തെ തിന്നുതീര്‍ക്കുന്നു.
ഒടുവില്‍
മരുഭൂമിയിലേക്ക് പോയ നദിപോലെ
എന്‍റെ പ്രേമം വറ്റിപ്പോയി.
ഇപ്പോള്‍ എന്‍റെ ഉള്ളില്‍ കാറ്റാണ് ചുടുകാറ്റ്
മണിനാദം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ജീവിതം തുളുമ്പുമി-
പ്പെൺകുട്ടിയേതാണമ്മേ?”
പിന്നെയും ചോദിച്ചു ഞാൻ.
വൃദ്ധയാം കന്യാസ്ത്രീ കൺ
പീലികൾ പൂട്ടിക്കൊണ്ടു
ദീർഘനിശ്വാസത്തോടെ
ജപമാലയിൽത്തൊട്ടു.
“അഛന്റെ ശവദാഹം
കഴിഞ്ഞ വൈകുന്നേരം
പെട്ടിയിൽപ്പരതുമ്പോൾ-
ക്കിട്ടിയതാണിച്ചിത്രം.”
ഉരുകും മൌനത്തിന്റെ
തുള്ളിവീണുള്ളം പൊള്ളും
നിമിഷം--പൊട്ടീ വെള്ള
പ്രാവിന്റെ ചിറകടി.
“നൃത്തവേദിയിൽ മിന്നി
നിൽക്കുമിക്കുമാരിതൻ
സ്വപ്നദീപ്തമാം മുഖം
മറന്നുകഴിഞ്ഞെന്നോ?”
( ക്ഷുബ്ധസാഗരങ്ങളെ
ശാന്തമാക്കിയ ദേവൻ
ചിത്തരഞ്ജനം ചെയ്തു
ശമിപ്പിച്ചുവോ മോഹം! )
ശുഭ്രമാം കന്യാലയ
ഭിത്തികൾ ചെവിയോർക്കെ
ദു:ഖഗംഭീരം ദൂരെ
മുഴങ്ങീ മണിനാദം.
“ ഇതു ഞാനല്ലാ കുഞ്ഞേ.
നിനക്കു തെറ്റിപ്പോയി.
പൊറുക്കൂ-- പ്രാർത്ഥിക്കുവാൻ
നേരമായ്, പോകട്ടെ ഞാൻ.”
------/ /-----
നിമജ്ജനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
കണ്ണു തിരുമ്മിയടയ്ക്കുന്നതുപോലെ
എന്നേയ്ക്കുമായി നീ എന്നെക്കുറിച്ചുള്ള-
തെല്ലാം മറക്കൂ-- വിടപറയുന്നു ഞാൻ.
ആരെയോ ചങ്ങലയ്ക്കിട്ട മുറിപോലെ
ആരും കടക്കാതടച്ച മനസ്സിലും
നേർത്ത തണുത്ത നിലാവിന്റെ രശ്മിപോൽ
രാത്രികാലങ്ങളിലോർമ്മ വന്നെത്തുമോ?
ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?
എങ്കിലോർമ്മിക്കുക-അന്ധസമുദ്രങ്ങൾ
നീന്തിനീന്തിത്തളർന്നെത്തുമെന്നോർമ്മയെ.
--------------/ /----------------
അന്തര്‍ദ്ധാനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആഴക്കിണറ്റിലെയമ്പിളിത്തെല്ലിനെ-
പ്പോലെ വേഗം തേങ്ങിമായും വിഷാദമേ,
ആവാഹനം;
നിനക്കീ വെള്ളിമൂങ്ങയിലാവാഹനം.
ഈരേഴുലോകവും നിന്റെയാത്മാവിനെ-
ത്തേടിയലയുന്നൊരക്കൊടുങ്കാറ്റിനോ,
പാതിരാത്താമരമൊട്ടിനുള്ളിൽ ബ്രഹ്മ-
ഭാവന ചെയ്യും കഠിന തപസ്സിനോ
കാണുവാനാവില്ല നിന്നെയൊരിക്കലും.
ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ
ലോകനീതിക്കു ദയാവധാശംസകൾ.
സത്യം എനിക്കറിയാം - മറിന സ്വെതയെവ
Saturday, March 12, 2016
താതവാക്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും
ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:
ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം
നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ് നീ.
സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.
തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.
ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.
ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.
പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.
നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.
കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.
എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.
കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;
നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?
പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.
വീടിന്റെ പേരു കളയാനിടയായ് ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,
നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,
ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.
ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.
ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ് ഞാന്‍.
ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.
ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.
കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.
ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.
പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.
പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ് മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്, കാലത്രയങ്ങള്‍ക്കതീതനായ്.
സ്‌നാനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.
തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.
ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.
ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?
ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?
ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?
ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍
ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍
മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍
എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്.
ജലം നീരാവിയായ്-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ് ത്തന്നെ
പിറക്കാറുണ്ടെന്ന്.
ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.
ഗസല്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്
--------------------------------------------------
ഡിസംബര്‍ 31
രാത്രി സത്രത്തിന്‍ ഗാനശാലയില്‍ ഗുലാം അലി പാടുന്നു.
നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍ ..
വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടൊരീ പാത താണ്ടുമ്പോള്‍
ദൂരെ മാളികയുടെ കിളിവാതിലിന്‍ തിരശീല പാളിയോ ?..
കുളിര്‍കാറ്റോ? കനകാംഗുലികളോ ?
എന്റെ നിഴലിന്‍ നെറുകയില്‍ വീണത്
നിശാദീപം ചൊരിയും കിരണമോ ?
നിന്റെ കണ്‍ വെളിച്ചമോ ?
ശാഖയും ഇലകളും പൂക്കളും ഇല്ലാത്തൊരു
ജീവിതതമോ വൃക്ഷം വിണ്ടു വാര്‍ന്നൊലിക്കുന്ന
ചൂടെഴും ചറം പോലെ..
വിരഹാര്‍ത്തിയും ആർദ്രഗംഭീരമലിയുടെ നാദവും
ഉറുദുവുമുരുകിച്ചേരും ഗാനലായനിയൊഴുകുമ്പോള്‍
ചിരബന്ധിതമേതോ രാഗസന്താപം
ഹാര്‍മോണിയത്തിന്‍ ചകിത വാതായനം ഭേദിക്കുന്നു..
ഹൃദയാന്തരം ഋതുശൂന്യമാം
വര്‍ഷങ്ങള്‍ തന്‍ തബല ധിമി ധിമിക്കുന്നു.
.
ഭൂത തംബുരുവിന്റെ ശ്രുതിയില്‍
ഗുലാം അലി പാടുമ്പോള്‍ പിൻഭിത്തിയില്‍
ആരു തൂക്കിയതാണീ കലണ്ടര്‍..
കലണ്ടറില്‍ നിത്യ ജീവിതത്തിന്‍
ദുഷ്കര പദപ്രശ്നം
പലിശ പറ്റുപടി വൈദ്യനും വാടകയും
പകുത്തെടുത്ത പല കള്ളികള്‍
ഋണധന ഗണിതത്തിന്റെ
രസഹീനമാം ദുര്‍നാടകം.
ഗണിതമല്ലോ താളം.
താളമാകുന്നു കാലം..
കാലമോ സംഗീതമായ്
പാടുന്നു ഗുലാം അലി ...
ഒരു മാത്ര തന്‍ സര്‍വ്വകാല സംഗ്രഹ
ക്ഷണപ്രഭയില്‍ മായാപ്പടം മാറ്റുക മനോഹരീ..
സ്ഥിര ബന്ധിതം നിന്റെ ഗോപുരകവാടത്തിന്നരികില്‍
പ്രവാസി ഞാന്‍ നിഷ്ഫലം
സ്മരണ തന്‍ താരകാവലി ദീപ്തി ചൊരിയും
നിശ തോറും
പ്രാണസഞ്ചാരം ഹാര്‍മോണിയത്തില്‍ പകരുന്നു..
തബലയില്‍ ആയിരം ദേശാടകപ്പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകി
അലിയുടെ അന്തരാളത്തില്‍ നിന്നുമൊഴുകി
വൈഷാദിക വൈഖരി ശരന്നദി..
നദിയില്‍ ബിംബിക്കയാണാദിമ നിശാമുഖം..
ഉദയാസ്തമയങ്ങള്‍ ഷഡ്ജ ധൈവതങ്ങളാം ഗഗനമഹാ രാഗം..
ശ്രുതിയോ പുരാതന ജന ജീവിതത്തിന്റെ ഹരിതാരുണ ജ്വാല
പടരും നദീ തടം
ദ്രുത ഗാന്ധാര ഗ്രാമ വീഥികള്‍ ജ്വലിക്കുന്നു
അലിയും ഞാനും ഗാനശാലയും ദാഹിക്കുന്നു..
ജ്വാലയില്‍ ദഹിപ്പീല കലണ്ടര്‍ ..
കലണ്ടറില്‍ കാപ്പിരി ചോരച്ചെണ്ട കൊട്ടുന്ന കൊലനിലം
കാട്ടുരാത്രിയില്‍ ആദിവാസി തന്‍ കനലാട്ടം
ദേവദാരുവിന്‍ കുരിശേന്തിയ നിരാലംബ
ജ്ഞാതികളുടെ മഹാ പ്രസ്ഥാനം..
ആത്മാവിന്‍ അമ്ലഭാഷ നഷ്ടപ്പെട്ടൊരു
മൂകഗോത്രങ്ങളുടെ മുഖഗോഷ്ടികള്‍ ..
കലണ്ടറിന്‍ ജനലില്‍ കൂടെ കാണാം
സഹസ്രദിനചക്രചാരിയായ്
നെറ്റിക്കണ്ണില്‍ ജ്വലിക്കുമാപല്‍ ദ്യുതിയോടെ.
ലോഹാന്ത ഗര്‍ഭ ശ്രേണി നിറയെ ശവങ്ങളെ വഹിച്ചു
നദികള്‍ തുരങ്കങ്ങള്‍ നാടുകള്‍ നഗരങ്ങള്‍
മൃണ്മയ ശതാബ്ദങ്ങള്‍ ഭാഷകള്‍
സംസ്കാരങ്ങള്‍ പിന്നിട്ടു കൂകിപ്പായും തീവണ്ടി..
ജ്ഞാനത്തിനപ്രാപ്യമാണിപ്പോഴും ഗുലാം അലി
ഖേദത്തിന്‍ ഇരുണ്ട ഭൂഖണ്ഡങ്ങള്‍..
അവയുടെ മൂകമുക്രയില്‍ കാലത്രയവും
ചരാചര ഗ്രാമവും മുങ്ങിപ്പോകെ ആരുടെ സമാന്തര ബോധം
ഈ ശ്രവണാന്തരാദിയാം നാദ ജ്വാല..
ജാലകമടച്ചു നീ സ്വര്‍ഗ ചന്ദ്രികയുടെ
ഏകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ..
പദധാരവും ഏക ഗ്രസ്തമായ് മൃതിയുടെ തിമിര
ഗ്രഹത്തിലേക്കെത്രയുണ്ടിനി ദൂരം..
എത്രയുണ്ടിനി നേരം
അസ്തമിച്ചുവോ വര്‍ഷം..
എപ്പോഴോ പിൻഭിത്തിയില്‍ ദ്വാരപാലകന്‍ വന്നു തൂക്കിയോ
വീണ്ടും പുതു വര്‍ഷത്തിന്‍ കലണ്ടര്‍ ..
അതല്ലോ നാളെയുടെ നരക പടം
എത്ര ഭീതിദം
വീര ശൈവന്‍ കോല്‍ തൊട്ടു വായിക്കുന്നു.
കഴുമരത്തിന്‍ കനി തിന്ന കന്യകയിത്
കടലിന്നടിയിലെ വെങ്കലക്കാളയിത്
ഇത് നിദ്രയില്‍ നീന്തും കരി നീരാളിയല്ലോ
പ്രാവുകള്‍ പൊരിഞ്ഞു കായ്ക്കുന്ന
വൈദ്യുത വൃക്ഷക്കീഴിലെ ധ്യാനസ്ഥനാണിത്.
ഒടുവില്‍ ഭ്രമണാര്‍ത്തയായ്
വികര്‍ഷിതയായ്
ബധിരാന്ധകാര ഗര്‍ത്തത്തിലേക്കുരുണ്ടു പോം
ധരയെ വിഴുങ്ങുന്ന കാലസര്‍പ്പമാണിത് ..
നിര്‍ത്തുകീ യമലോക ദര്‍ശനം..
വായിക്കുവാന്‍ നിത്യവും വരും രക്തമിറ്റുന്ന ദിനപ്പത്രം
അകലങ്ങളില്‍ അതിവൃഷ്ടികള്‍ ,അത്യുഷ്ണങ്ങള്‍,
അഭയാര്‍ഥികളുടെ ആര്‍ത്തമാം പ്രവാഹങ്ങള്‍ ...
അകലങ്ങളില്‍ അഗ്നി ബാധകള്‍
ആഘാതങ്ങള്‍ അണുവിന്‍
സംഹാരൂർജ്ജ സമ്പുഷ്ട സംഭാരങ്ങള്‍ ..
അകലങ്ങളില്‍ മദം, മല്‍സരം, മഹാരോധം
അനധീനമാം ജീവിതെച്ഛ തന്‍ പ്രതിരോധം..
നിര്‍ത്തുക നരലോക ദര്‍ശനം..
ദിനപ്പത്രം ഉൾക്കതകിന്മേല്‍ കുറ്റപത്രമായ് പതിയുമ്പോള്‍
പ്രസരോപരി ഭസ്മപത്രശായിയാം മര്‍ത്യശിശുവിന്‍
മുഖം സ്വപ്നദൃഷ്ടിയില്‍ തെളിയുന്നു..
മതിയില്‍ മങ്ങിപ്പോകും സ്വപ്നദീപിക പോലെ
ധൃതിയില്‍ ഗസലുപസംഹരിക്കയാണലി..
അന്ത്യഷദ്ഡ്ജത്തിന്‍ അധോയാന
മരണ മുഹൂര്‍ത്തത്തിലെന്ന പോല്‍
സ്മരണ തന്‍ ത്വരിതാവരോഹണം.
നാദ മൂലത്തിന്‍ ഭൂത പാതാള ഗമനം..
ശ്രുതിയില്‍ ജഗല്ലയം..
സകലം മരണ ഗ്രസ്തം..
നിശൂന്യം...
ഞാന്‍ പോകട്ടെ..
പാതയില്‍ വിളക്കുകള്‍ ഒക്കെയും കെട്ടു.
പിത്തലാന്ചിതം മുഖം
മഞ്ഞള്‍ ചിത്രമായ്
ഉദരാന്ധകാരത്തില്‍ വിളയും
സുകൃത ദുഷ്കൃത യോഗ
ഫല ഭാരത്താല്‍ പരിക്ഷീണയായ്
ഹൃദിസ്തമാം കാലൊച്ച കാതോര്‍ത്തു കൊണ്ട്
ഏകാന്തതയിലേക്ക്
ലോകത്തെ വിവര്‍ത്തനം ചെയ്തു കൊണ്ട്
ഇലയും അത്താഴവും നേര്‍ത്ത കണ്‍വിളക്കുമായ്
അകലെ കുടുംബിനി കാത്തിരിക്കയാണ് എന്നെ..
ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി
മിഴിയുപ്പും മെഴുക്കും
വാര്‍ന്നൊട്ടിയ തലയിണ..
ഉള്ളിനീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്ദം ഐഹിക നിദ്ര
Friday, March 11, 2016
എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി - സെസാര്‍ വയെഹൊ (പെറു)
ഇന്നുഞാന്‍ വീടിന്റെ കല്പടിയില്‍
ഒറ്റയ്ക്കു കുത്തിയിരിക്കുന്നു.
നിന്റെ അഭാവം സൃഷ്ടിച്ച
അടിത്തട്ടില്ലാത്ത ശൂന്യതയില്‍.
ഈ നേരത്ത് നമ്മള്‍ ഓടിക്കളിക്കാറുള്ളതും,
“വേണ്ട മക്കളേ” എന്ന് അമ്മ നമ്മളെ പുന്നാരിക്കാറുള്ളതും
ഓര്‍ത്തുപോകുന്നു.
പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബ്ബാനകളില്‍നിന്നും.
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പുറംതളത്തിലൂടെ, അകത്തളത്തിലൂടെ,ഇടനാഴിയിലൂടെ.
പിന്നെ നീയും ഒളിക്കുകയായി.
ഇല്ല. ഞാന്‍ നിന്നെ കാട്ടിക്കൊടുക്കില്ല.
കളിച്ചു കളിച്ച്,
കരയുവോളം നമ്മള്‍ ചിരിച്ചതും
ഞാന്‍ ഓര്‍ക്കുന്നു.
ഒരു ഗ്രീഷ്മാന്തരാത്രിയില്‍,
പുലര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്,
മിഗ്വേല്‍, നീ ഒളിച്ചുകളഞ്ഞു.
അപ്പോള്‍ നീ പുഞ്ചിരിച്ചില്ല.
നീ ദുഃഖിതനായിരുന്നു.
നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു.
മരിച്ചുപോയ ആ മൂവന്തികളുടെ അപരഹൃദയം
ഇതാ നിന്നെ കണ്ടെത്താനാവാതെ കുഴങ്ങുന്നു.
എന്റെ ആത്മാവില്‍ ഒരു കരിനിഴല്‍ വീഴുന്നു.
കേള്‍ക്കൂ സഹോദരാ,
പുറത്തുവരാന്‍ വൈകരുതേ.
അമ്മ വിഷമിക്കും.
---------------------------------------------------------
James Wright, Robert Bly, Clayton Eshleman, Michael Smith, എന്നീ നാലുപേരുടെ ഇംഗ്ലീഷ് തർജ്ജമകളെ ആശ്രയിച്ചാണ് ഈ മലയാളം തർജ്ജമ.
----------------------------------------------------------------------------
വൃദ്ധന്‍ - ജോര്‍ജ്ജ് സെഫെരിസ്
ആൾക്കൂട്ടങ്ങൾ കടന്നുപോയി.
അശ്വാരൂഢരായ ആഢ്യന്മാരും
അഗതികളും കടന്നുപോയി.
വിദൂരഗ്രാമങ്ങളിൽനിന്നുള്ള സഞ്ചാരികൾ
രാത്രികാലങ്ങളിൽ ചെന്നായ്ക്കളെ ഓടിക്കാൻ
പാതയോരത്തു തീ കൂട്ടി.
ചാരം കാണുന്നില്ലേ?
വ്രണം കരിഞ്ഞപോലെ
തീയണഞ്ഞ വടു.
അയാൾ
വടുക്കൾ നിറഞ്ഞ പെരുംപാതപോലെ.
പാതയോരത്തെ വറ്റിപ്പോയ കിണറ്റിൽ
വഴിപോക്കർ ഭ്രാന്തൻനായ്ക്കളെ തള്ളിയിട്ടു.
അയാൾക്കു കണ്ണില്ല.
വടുക്കൾ മൂടിയ മനുഷ്യൻ.
അയാൾക്കു വെളിച്ചമുണ്ട്; കാറ്റുവീശുന്നുണ്ട്.
അയാൾ ഒന്നും വേർതിരിച്ചറിയുന്നില്ല,
എങ്കിലും എല്ലാം അറിയുന്നുണ്ട് .
പൊള്ളമരത്തിലെ ചീവീടിന്റെ ഉണക്കത്തൊണ്ട്.
അയാൾക്കു കണ്ണില്ല; കൈകൊണ്ടും കാണുന്നില്ല.
അയാൾ ഉദയാസ്തമയങ്ങളെ അറിയുന്നു,
നക്ഷത്രങ്ങളെ അറിയുന്നു.
പക്ഷേ അവയുടെ ജീവരക്തം അയാളെ പോഷിപ്പിക്കുന്നില്ല.
അയാൾ മരിച്ചിട്ടില്ല.
അയാൾക്കു വംശമില്ല.
അയാൾ മരിക്കയുമില്ല.
എല്ലവരും അയാളെ ചുമ്മാ അങ്ങു മറക്കും.
അയാൾക്കു പൂർവ്വികരില്ല.
കാറ്റ് ഇരുണ്ടുവീശുമ്പോൾ
അയാളുടെ ക്ഷീണിച്ച നഖമുനകൾ
അഴുകിയ ഓർമ്മകൾക്കുമേൽ കുരിശുവരയ്ക്കുന്നു.
മഞ്ഞുവീഴുന്നു.
ഞാൻ കണ്ടു, മുഖങ്ങളെ ചൂഴ്ന്ന ഉറമഞ്ഞ്.
ഞാൻ കണ്ടു,നനവാർന്ന ചുണ്ടുകൾ.
കൺകോണിൽ ഉറഞ്ഞുപോയ കണ്ണുനീർ.
നാസാദ്വാരങ്ങൾക്കരികിൽ വേദനയുടെ നീലരേഖ.
കൈമുട്ടിലെ ക്ലേശം.
ഞാൻ കണ്ടു: ശരീരം അതിന്റെ അന്ത്യത്തിലെത്തിയിരിക്കുന്നു.
അയാൾ ഒറ്റയ്ക്കല്ല.
വളയാത്ത ഉണക്കവടിയിൽ തങ്ങിനിൽക്കുന്ന നിഴൽ.
നിലത്തുകിടക്കാൻ അയാൾ കുനിയുന്നില്ല;അതിനു കഴിയുന്നില്ല.
കുഞ്ഞുങ്ങളുടെ കയ്യിലെ കളിപ്പാട്ടങ്ങൾപോലെ
ഉറക്കം അയാളുടെ സന്ധിബന്ധങ്ങളെ ചിതറിക്കും.
അയാൾ ആജ്ഞാപിക്കുന്നു;
രാത്രി വന്നെത്തുമ്പോൾ,
മലയിടുക്കുകളിൽ കാറ്റുണരുമ്പോൾ,
ഉണക്കമരക്കൊമ്പുകൾ പൊടുപൊടെ പൊട്ടുംപോലെ.
നിഴലിലെ മനുഷ്യരോടല്ല,
മനുഷ്യന്റെ നിഴലിനോടാണ് അയാളുടെ ആജ്ഞ.
അയാൾ കേൾക്കുന്നത്
കടലിന്റെയും കരയുടെയും ക്ഷീണനാദം കലർന്ന
വിധിയുടെ മുരൾച്ച മാത്രം.
തീരത്തു നിവർന്നുനിൽക്കുകയാണയാൾ.
അസ്ഥിഖണ്ഡങ്ങൾക്കിടയിൽ.
കൊഴിഞ്ഞുവീണ മഞ്ഞയിലകൾക്കിടയിൽ.
അഗ്നിമുഹൂർത്തം കാത്തുനിൽക്കുന്ന
ശൂന്യപഞ്ജരം!
---------------------
പുഴ - ഷുന്‍താരൊ തനികാവ (ജപ്പാന്‍ )
അമ്മേ,
പുഴ ചിരിക്കുന്നതെന്താ?
സൂര്യൻ അതിനെ ഇക്കിളിയാക്കുന്നതുകൊണ്ട്.
അമ്മേ,
പുഴ പാടുന്നതെന്താ?
വാനമ്പാടി പുഴയുടെ ശബ്ദത്തെ പുകഴ്ത്തിയതുകൊണ്ട്.
അമ്മേ,
പുഴയ്ക്കിത്ര തണുപ്പെന്താ?
അതു മഞ്ഞിന്റെ സ്നേഹത്തെ ഓർക്കുന്നതല്ലേ.
അമ്മേ ,
പുഴയ്ക്കെത്ര വയസ്സായി?
പൂക്കാലത്തെപ്പോലെ എന്നും പതിനാറ്.
അമ്മേ, അമ്മേ,
പുഴ ഒരിക്കലും നിൽക്കാത്തതെന്താ?
അതോ,
വീട്ടിൽ കടലമ്മ അവളെ കാത്തിരിക്കയല്ലേ
------------------------
ഭയം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഞട്ടിയുണർന്നു ഞാൻ.
വാതിലിൽ മുട്ടുന്നതാര്?
ജാലകത്തിൽച്ചന്ദ്രദംഷ്ട്ര.
മലങ്കാറ്റു വീശും മുഴക്കം.
മറ്റൊരാൾകൂടി മുറിയിലുണ്ടെന്നപോൽ
തപ്പിത്തടഞ്ഞൂ മനസ്സ്.
കത്തിയോ വാളോ മഴുവോ?
എത്രമേൽ നീണ്ട നിമിഷം!
-----------------------------------