Showing posts with label Janikkathaval. Show all posts
Showing posts with label Janikkathaval. Show all posts

Wednesday, February 8, 2017

ജനിക്കാത്തവള്‍ - സച്ചിദാനന്ദന്‍

കാട് എന്നെ വിളിച്ചു,
ആയിരം പൂക്കളുടെ
സുഗന്ധങ്ങളുമായി.

എന്‍റെ ഞരമ്പുകളില്‍
ഇപ്പോഴുമുണ്ട് യക്ഷികളുടേതെന്നപോലെ
അരുവികളുടെ പൊട്ടിച്ചിരി.
എന്‍റെ യൗവനം ഞാന്‍
ഈ കാടുകള്‍ക്കു നല്‍കി
എന്‍റെ ഹൃദയം ഈ അനാഥരുടെ
വേദനകള്‍ക്കും.

എന്‍റെ കാലുകളില്‍ ഇപ്പോളുമുണ്ട്
കുന്നുകളില്‍ ഓടിനടന്ന
ചിലങ്കയിടാത്ത കുട്ടിക്കാലം
എന്‍റെ ശിരസ്സില്‍ ഓടകളില്‍ വീണുപോയ
പ്രണയരഹിതമായ കൗമാരവും.

ഈ ആദിവാസികളുടെ കൃഷ്ണമണികളില്‍
ഞാന്‍ ഒരു യുവതിയായി
ഇവരായിരുന്നു എന്‍റെ വിദ്യാലയം
എന്‍റെ ഭാഷയുടെ പേര്: 'കലാപം'
എന്‍റെ അക്ഷരമാലയുടെ ആരംഭം: 'നീതി'
കാറ്റ് ഇലകളോടെന്നപോലെ ഞാന്‍
ഇവരുടെ വിലപിക്കുന്ന ചെവികളില്‍
സ്വാതന്ത്ര്യത്തിന്‍റെ രഹസ്യം മന്ത്രിച്ചു
പകരം ഇവരെനിക്കു സ്നേഹത്തിന്‍റെ
ഉപ്പും മീനും കിഴങ്ങും തന്നു.

രോഗാവസ്ഥയില്‍ ബോധം കെടുമ്പോള്‍
ഞാന്‍ വീണ്ടും മുടി രണ്ടായിപ്പകുത്തു മെടഞ്ഞിട്ട്
സ്കൂളിലേക്കു നടന്നു,കൂട്ടുകാരികള്‍ക്കൊപ്പം
കുപ്പിവള പോലെ പൊട്ടിച്ചിരിച്ച്.
ചിലപ്പോള്‍ ഒരു കൂട്ടുകാരന്‍റെ മുഖം
ചെമ്പരത്തിച്ചെടികള്‍ക്കിടയില്‍ നിന്നെത്തിനോക്കി
ചിലപ്പോള്‍  എന്‍റെ  സ്വപ്നങ്ങളില്‍
വീടും അമ്മയും അച്ഛനും
മിന്നല്‍പോലെ വെളിച്ചം നിറച്ചു.

പെട്ടെന്നായിരുന്നു വായുവില്‍
ഞാന്‍ വെടിമരുന്നു മണത്തത്
അത് ബൂട്ടുകളുടെ ശബ്ദത്തിലലിഞ്ഞു
അര്‍ദ്ധബോധാവസ്ഥയില്‍
അത് ദു:സ്വപ്നമാണെന്ന് ഞാന്‍ കരുതി
നെഞ്ചില്‍ നിന്നൊലിച്ച ചോര
സ്വപ്നത്തില്‍ വിരിഞ്ഞിരുന്ന
ചെമ്പനീരാണെന്ന് കരുതി.

ഞാനിപ്പോള്‍ അശാന്തമായ ഒരാത്മാവായി
ഭാവിയുടെ ഇടനാഴികളില്‍ അലയുന്നു
നീതി,നിയമത്തിന്‍റെ മുന്‍പില്‍ നടക്കുന്നുവെന്ന്
ജനങ്ങളോട് വിളിച്ചുപറയണം എന്ന് എനിക്കുണ്ട്
നിങ്ങളാണ് എല്ലാം എന്ന്,
അതു നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം
സിംഹാസനങ്ങള്‍ തകര്‍ന്നുവീഴുമെന്ന്,
എങ്കില്‍ ഹിംസയേ വേണ്ടിവരില്ലെന്ന്.

വൈകി.

മരുഭൂമിയില്‍ വറ്റിയൊടുങ്ങിയ
എന്‍റെ ചോരയില്‍ നിന്ന്
ഞാന്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ,
ഞാന്‍,നാലാമത്തെ അജിത.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നാല് അജിതമാര്‍:യഥാക്രമം ബുദ്ധമഹാവീരന്മാരുടെ സമകാലീനന്‍ എന്ന് കരുതപ്പെടുന്ന,ഭൗതികവാദിയായ ദാര്‍ശനികന്‍ അജിത കേശകമ്പിളി,എഴുപതുകളിലെ കലാപകാരിയായിരുന്ന കേരളത്തിലെ അജിത,നിലമ്പൂര്‍ വനങ്ങളില്‍ കൊല്ലപ്പെട്ട,ഈ കവിതയില്‍ സംസാരിക്കുന്ന,അജിത,ഭാവിയിലെ തോല്‍ക്കാത്ത ജനനായിക