Showing posts with label Pavithran Teekkuni. Show all posts
Showing posts with label Pavithran Teekkuni. Show all posts

Tuesday, February 7, 2017

ഇഷ്ടം - പവിത്രൻ തീക്കുനി

ഒരു മഞ്ഞു തുള്ളിയിൽ
ജീവിതം കാട്ടുന്ന
കറുകയോടാണെ-
നിക്കേറേയിഷ്ടം

ഒരു മാത്ര മാത്രം
ജീവിച്ചു തീർക്കുന്ന,
നീർക്കുമിളയോ -
ടാണെനിക്കേറെയിഷ്ടം

ഒരു ദീപ നാള_
ത്തിലെരിയുവാനാ-
യുന്നൊരിയ്യ ലോടാ -
ണെ നിക്കേറേയിഷ്ടം

ഒടുവിലെന്നെ നീ ,
യിട്ടേച്ച്, പോകുമ്പോൾ ,
ഒടുങ്ങാത്ത, നിന്ന-
സാന്നിധ്യവും, നോവു -
മെനിക്കേറെയിഷ്ടം!

Tuesday, March 29, 2016

പ്രണയപര്‍വം - പവിത്രന്‍ തീക്കുനി

ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയത്തിലെന്നെ
കുറിച്ചിരുന്നെങ്കില്‍,

ഒരു ശ്യാമവര്‍ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്‍,

ഒരു കനല്‍ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മൃതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്‍,

ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്‍
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്‍,

അതുമതി തോഴി,
കഠിനവ്യഥകള്‍
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം ….

അകല്‍ച്ച - പവിത്രന്‍ തീക്കുനി

ഞാന്‍ അനുഭവിച്ചിട്ടുണ്ട്
നിന്റെ ചിരി
ഒരു ശിക്ഷയാണ്.
ഞാന്‍ ഏറ്റിട്ടുണ്ട്
നിന്റെ മൗനം
ഒരു തീക്കൂനയാണ്.
ഞാന്‍ വീണിട്ടുണ്ട്
നിന്റെ നോട്ടം
ഒരു നീലിച്ച ഗര്‍ത്തമാണ്.
ഇപ്പോള്‍ നീ എവിടെയാണ്?
ഞാന്‍ എവിടെയാണ്?
അറിയില്ല.
അറിയാത്തിടത്ത് നമ്മളുണ്ട്.
പിരിഞ്ഞുപോകാന്‍ ആവാത്തവിധം
അകന്നിട്ട്..!

മതില്‍ - പവിത്രന്‍ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല,
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

ഒരു വളവില്‍ വെച്ച് - പവിത്രന്‍ തീക്കുനി

കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ

ഒരു വളവില്‍വെച്ച്‌
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും

തെറ്റിപ്പോകും
നിന്റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്റെ അരകല്ലുപോലെ

ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും

മറ്റെവിടെയുമല്ല
വരാന്തയില്‍ത്തന്നെ,
നിന്റെ ഹൃദയത്തിന്റെ.

ഇത്തിരിനേരത്തേയ്ക്ക്‌ -പവിത്രന്‍ തീക്കുനി


പുലര്‍ച്ചയ്ക്കുമുമ്പേ
പാഞ്ഞുപോകും വണ്ടിയില്‍
ആള്‍ത്തിരക്കിലൊറ്റയ്ക്കിരിക്കുവോളേ..
പുറത്തേയ്ക്കു കൊഴിഞ്ഞ
നിന്‍റെ മിഴികളോടല്ല
കോതിയൊതുക്കി വകഞ്ഞുവക്കാത്ത
ചെമ്പന്‍ മുടിയിലെ വാടിയ മുല്ലകളോടല്ല
വെള്ളിരോമങ്ങള്‍ നിറഞ്ഞ്‌
മെല്ലിച്ചുണങ്ങിയ കണങ്കാലുകളോടല്ല
തട്ടിയുരഞ്ഞേതുമാത്രയും പൊട്ടിയേക്കാവുന്ന
കുപ്പിവളകളോടല്ല
ഉലഞ്ഞുമുഷിഞ്ഞ ഉടുപ്പുകള്‍ക്കുള്ളില്‍
ഉദയംകാക്കുമുന്മാദങ്ങളോടല്ല,
നിന്നോടുമല്ല..
എന്‍റെ പെങ്ങളേ
കാലങ്ങളായി നിന്‍റെ കരളിലിരുന്ന്‌
നനഞ്ഞു നനഞ്ഞു മരവിച്ചതിനോടാണ്‌
ഇത്തിരിനേരത്തേക്കെങ്കിലും
വന്നിരുന്നൂടെ എന്‍റെ കവിതയില്‍
ഇത്തിരി തീകാഞ്ഞു പൊയ്ക്കൂടേ?

Tuesday, March 15, 2016

കുട - പവിത്രന്‍ തീക്കുനി

വെയിലില്ലായിരുന്നു
മഴയും.
എന്നിട്ടും നീയെന്നെ ചൂടി നടന്നു.
ഇടയ്ക്ക് ചരിച്ചുപിടിച്ചു.
ഇടയ്ക്ക് മറച്ചും.
ഇല്ലാത്ത കുന്നിന്റെ നെറുകയിലെ
വീടെത്തിയപ്പോള്‍,
ഒടിച്ചുമടക്കി, പുറത്തുവെച്ചു
നീയകത്തേക്ക് പോയി
വൈകാതെ വാതിലടച്ചു.


“ഒരു നോട്ടം കൊണ്ട്
എന്റെ സൂര്യനെ നീ കീഴടക്കി…
ഒരു മന്ദസ്മിതം കൊണ്ട്
എന്റെ റോസ്സാപ്പൂവ്
നീ അടര്‍ത്തിയെടുത്തു….
ഒരു ചുംബനം കൊണ്ട്
എന്റെ നക്ഷത്രത്തെ
നീ ശ്വാസം മുട്ടിച്ചുകൊന്നു…
പ്രണയപൂര്‍വം

ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയത്തിലെന്നെ
കുറിച്ചിരുന്നെങ്കില്‍
ഒരു ശ്യാമവര്‍ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്‍,
ഒരു കനല്ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മൃതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്‍,
ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്‍
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്‍,
അതുമതി തോഴി,
കഠിനവ്യഥകള്‍
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം

കാത്തിരിപ്പുകാര്‍

ആരോ നമ്മെ കാത്തിരിക്കുന്നുണ്ട്
ഏതോ വളവില്‍,ചുഴിയില്‍,മുറിവില്‍,
മൌനത്തില്‍.
കയറ്റക്കാരന്‍ കണാരേട്ടനെ
തെങ്ങ് കാത്തിരുന്നപോലെ.
കുത്തിയായ രാമേട്ടനെ
കിണറു കാത്തിരുന്ന പോലെ.
ഡ്രൈവറായ മമ്മതിക്കായെ
വണ്ടി കാത്തിരുന്നപോലെ.
ഡോക്ടറായ സാമുവലിനെ
രോഗം കാത്തിരുന്ന പോലെ.

മനുഷ്യരോട് മിണ്ടിയിട്ട്
മാസങ്ങളായി.
മീനുമായ് ചെല്ലുമ്പോള്‍
വീടുകള്‍ മാത്രം സുഖദുഃഖങ്ങള്‍ തിരക്കുന്നു.
പൂക്കളും പൂച്ചകളും മാത്രം നാളെയും
വരണമേയെന്നു പ്രാര്‍ത്ഥിക്കുന്നു.

വളവിലുണ്ട് ഒരേട്ടത്തി.
ചുഴിയിലുണ്ട് ഒരമ്മ.
മുറിവിലുണ്ട് ഒരു പെണ്‍കുട്ടി.
ചത്ത ചാളയുടെ കണ്ണുള്ളവള്‍.
കടലില്‍ നിന്നു കരക്കുപിടിച്ചിട്ടപോലെ
ജീവിതം മാറ്റിവെച്ചവള്‍.
മൌനത്തിലുണ്ട് ഒരു മുത്തശ്ശി.
കാത്തിരിപ്പുകള്‍ക്ക് വര്‍ണ്ണ ചിറകുകള്‍
മുളക്കുമെന്നു മുന്‍പ് മീന്‍കാരിയായ മുത്തശ്ശി.
അവരുടെ കണ്ണുകളില്‍ തളര്‍ വാതം പിടിച്ച കടല്.
മുലകളില്‍ വല
ഞരക്കത്തില്‍ അരയന്‍.

Monday, March 14, 2016

വര്‍ഗ്ഗ ശത്രു - പവിത്രന്‍ തീക്കുനി

കിനാവ് കണ്ട ലോകത്തേക്ക്,
കണാരേട്ടന്‍ ഒരു ദിവസം പുറപ്പെട്ടു.
കല്ലും മുള്ളും ചില്ലും,
കാറ്റും മഴയും ഇടിയും,
ശിരസ്സിനെ ചുംബിച്ചു.
കഠാരയ്ക്കും, വാളിനും,
ബോംബിനും കീഴടക്കാനാവും വിധം
ശരീരം പാകപ്പെട്ടു.
ശൂന്യതയില്‍ നിന്ന് ശൂന്യതയിലേക്ക്
നെഞ്ചിടിപ്പുകള്‍ കടലായിരമ്പി.
വിപ്ലവം ജയിച്ചെന്ന്,
കണാരേട്ടന്റെ കെട്ടിയോള്‍
മൊയ്തു മാപ്പിളയുടെ
കാതില്‍ മന്ത്രിച്ചു.
മൊയ്തു മാപ്പിളയുടെ
വൃഷണ സഞ്ചിയില്‍
ഫ്യൂഡലിസം തിളച്ചു.
കിനാവ് വര്‍ഗ്ഗ ശത്രുവെന്ന്,
കണാരേട്ടന്‍ ഭ്രാന്താശുപത്രിയുടെ
ഭിത്തിയില്‍ കുറിച്ചു വെച്ചു.

ഇടയില്‍ - പവിത്രന്‍ തീക്കുനി

ഒരാൾ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന നുണയിൽ
നീറി കിടക്കുന്ന സത്യം പോലെ
നിന്റെ തോന്നലുകളിൽ
എന്നും ഞാനുണ്ടാകും.
(സഖാവേ, ജീവിതം ഒരു തോന്നൽ തന്നെയല്ലേ..)
രണ്ടു മൗനങ്ങള്‍ക്കിടയിൽ
നീയെന്നെ കാണാറുള്ളതുപോലെ
രണ്ടു സ്വപ്നങ്ങൾക്കിടയിൽ
ഞാൻ നിന്നെയും കാണാറുണ്ട്.
(സഖാവേ, ജീവിതത്തിൽ നിന്നും മൗനം കിഴിച്ചാൽ 

സ്വപ്നത്തിലേയ്ക്കെത്താമോ..?)
ചില പ്രണയങ്ങൾ അങ്ങനെയാണ്
ഉഷ്ണമേഖലകളെ ഉരുൾ പൊട്ടലുകളിലേയ്ക്ക്
ക്ഷണിച്ചുകൊണ്ടേയിരിക്കും....

കരുതല്‍ - പവിത്രന്‍ തീക്കുനി

മനസെല്ലാവർക്കു-
മെറിഞ്ഞുടയ്ക്കാവുന്ന-
സ്ഫടിക സാനിധ്യം
ചിലനേരങ്ങളിലതിന്റെ

ചില്ലുകള്‍ക്കുമീതെ നൃത്തമാടും
വിരഹിയായ ജീവരക്തം
അതിനാൽ ശത്രുവിനേക്കാള്‍
കരുതിയേയ്ക്കണം
പിണങ്ങിപ്പോയ സുഹൃത്തിനെ.

എന്നിട്ടും - പവിത്രന്‍ തീക്കുനി

എന്നിട്ടും
അതി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..

അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്
ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില് താമസിക്കും.
ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില് വച്ച്
നമ്മള് കണ്ടുമുട്ടും