Showing posts with label ചുള്ളിക്കാട്. Show all posts
Showing posts with label ചുള്ളിക്കാട്. Show all posts

Friday, June 10, 2022

ജ്ഞാനസ്നാനം - ബാലചന്ദ്രൻ ചുള്ളിക്കാട്


(1836 ജനുവരി 8. പാരീസിലെ കൊൺഷെറി പ്രിസൺ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കവിയും കുറ്റവാളിയുമായ പിയ ഫ്രാങ്സ്വാ ലാസണറിന്റെ അന്ത്യരാത്രി. രംഗം സാങ്കല്പികം )

 

 

ലാസണൈർ, എഴുന്നേൽക്ക 

ഫ്രഞ്ചു കൽത്തുറുങ്കിന്റെ 

നൈശയാമത്തിൽ 

ശാന്തം മുഴങ്ങീ മഹാനാദം

 

അവിടെ ശിരച്ഛേദ 

മാത്ര കാത്തിരിക്കുന്നു. 

കവിയാം കൊലയാളി 

ലാസണൈർ നിദ്രാഹീനം.

 

അപരാധത്തിൻ ധീര 

കാമുകൻ പ്രേതഗ്രന്ഥം

ധൃതിയിൽ പാരായണം 

ചെയ്തുകൊണ്ടിരിക്കുമ്പോൾ,

 

"ലാസണൈർ, എഴുന്നേൽക്ക 

ഹാ! ജഗദ്ഗുരുവിന്റെ 

ശാസനം നിശാദിപ 

ജ്വാലയെ സ്തംഭിപ്പിച്ചു.

 

"അർദ്ധരാത്രി ഞാൻ വന്നു. 

മൃത്യുവിൽനിന്നും നിന്നെ 

നിത്യജീവനിലേക്കു 

വീണ്ടെടുക്കുവാനായി.

 

ഇന്നു നീ പശ്ചാത്താപം 

കൊള്ളുക, മൂഢത്വത്താൽ

മണ്ണിൽ നീ ചിന്തിപ്പോയ

കത്തിവായ്ത്തല പോലെ

 

ലാസണൈർ ചിരിക്കുന്നു. 

"നിത്യജീവിതം വേണ്ട

സ്വർഗ്ഗലോകവും വേണ്ട. 

ദുഃഖവുമാനന്ദവും 

ശുദ്ധശൂന്യമായ്ത്തീർന്നു 

മൃത്യുവും മതിപ്പെട്ടു. 

നിത്യമായ് നശിക്കട്ടെ.

 

കവിയും ദ്വേഷത്തോടെ 

ഞാനിന്നു വെറുത്തോട്ടേ 

കവിയെക്കൊലയാളി 

യാക്കുമി ലോകത്തിനെ.

 

 

മുഴങ്ങി മൗനം മാത്രം. 

ലാസർ നിറുകയിലറിഞ്ഞു

 മുറിവുള്ള തൃക്കരസ്പർശം മാത്രം.

 

രാത്രി തോരുവാനായി 

മാർത്തയും മറിയയും 

കാത്തുനിൽക്കുന്നു കാരാ-

ഗൃഹത്തിൻ കവാടത്തിൽ

 

 വധയന്ത്രത്തിൽ നിന്നു 

ജ്യേഷ്ഠനെക്കൈക്കൊള്ളാനും

ശവഭോജിയാം മണ്ണിൽ

കൊണ്ടുപോയടക്കാനും.

 


Wednesday, October 13, 2021

പന്നി(ഒരു ഫെമിനിസ്റ്റിന് ) - ബാലചന്ദ്രന്‍ ചുള്ളിക്കാട്

നീ എന്നെ
ആണ്‍ പന്നി എന്ന് വിളിച്ചു
നന്ദി.

ആണ്‍പന്നി 
അന്യന്റെ അമ്മയ്ക്കും 
പെങ്ങള്‍ക്കും 
ഭാര്യക്കും മക്കള്‍ക്കും 
ലൈംഗീക സ്വാതന്ത്ര്യം 
പ്രഖ്യാപിക്കാറില്ല.

ആണ്‍പന്നി 
അറിവിന്റെ കനി കാട്ടി 
വിദ്യാര്‍ഥിനികളെയും 
വിധവകളെയും 
വിവാഹമുക്തകളെയും 
വന്ധ്യകളെയും
അസംതൃപ്ത ഭാര്യമാരെയും 
വശീകരിക്കാറില്ല.

ആണ്‍പന്നി 
പെണ്‍പന്നിയുടെ ദിവ്യദുഖങ്ങള്‍ 
ക്ഷമയോടെ കേട്ടിരുന്ന് 
അവളുടെ വിശ്വാസം നേടി
അവസാനം 
കാശുമുടക്കാതെ കാര്യം
സാധിക്കാറില്ല.

പെണ്‍പന്നിയുടെ സാഹിത്യത്തിന് 
ആണ്‍പന്നി അവതാരിക 
എഴുതാറില്ല.
ആണ്‍പന്നി ഒരിക്കലും 
പെണ്‍പന്നിയുടെ 
ജീവചരിത്രത്തിന്‍റെ പുറംചട്ടയില്‍ 
ഇളിക്കുന്ന സ്വന്തം മോന്ത
അച്ചടിക്കാറില്ല.

സ്വാതന്ത്ര്യത്തിന്റെ 
സ്വര്‍ഗരാജ്യത്തിലേക്ക് 
പെണ്‍പന്നിയുടെ പതാക
ആണ്‍പന്നി എന്താറില്ല.

സംഭവിക്കുന്നത് ഇത്രമാത്രം.
കീഴടക്കുമ്പോള്‍ ആണ്‍പന്നിയും
കീഴടങ്ങുമ്പോള്‍ പെണ്‍പന്നിയും
എല്ലാം മറക്കുന്നു.

ആ മറവിയില്‍ നിന്ന് 
ചുരുങ്ങിയത് ആറു കുഞ്ഞുങ്ങള്‍ 
പിറക്കുന്നു !

Thursday, May 20, 2021

ഗൗരി - ബാലചന്ദ്രൻ ചുള്ളിക്കാട്

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു. 

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി 
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

Saturday, April 2, 2016

സന്ദര്‍ശനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ
താളവും നിറയെ സംഗീതമുള്ള നിശ്വാസവും?


പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനക മൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും,
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.


മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗര വീഥികള്‍ നിത്യ പ്രയാണങ്ങള്‍,
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍,

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാർത്തനായ് ഭൂതായനങ്ങളില്‍,
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴി നീരില്‍ മുങ്ങും തുളസി തന്‍
കതിരു പോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരികുക.
സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍.

സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍...

Wednesday, March 30, 2016

ബാധ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

1

ബൈക്കപകടം പുതുമയല്ല.
തലതകര്‍ന്നുമരണം പുതുമയല്ല.
അനുശോചനയോഗം പുതുമയല്ല,
നിന്റെ അടക്കം കഴിഞ്ഞ്
ഞങ്ങള്‍ കൂട്ടുകാര്‍
ഇതാ പിരിഞ്ഞുപോകുന്നു.

ഓള്‍ഡ് മങ്ക് സായാഹ്നങ്ങള്‍ക്കു വിട.
മാച്ചിസ്മൊ വേഗങ്ങള്‍ക്കുവിട.
പെട്രോളിന്റെ ഗന്ധമുള്ള
വിയര്‍പ്പുതുള്ളികള്‍ക്ക് വിട.

ഇനിയുള്ളകാലം
നിന്‍റെ മാംസത്തോട്
പച്ചമണ്ണുസംസാരിക്കും.
അന്തിമകാഹളം കേള്‍ക്കുവോളം
നിനക്കു വിശ്രമം.

ഈ നൂറ്റാണ്ടിന്റെ മേല്‍
അടുത്ത നൂറ്റാണ്ടു വന്നു വീഴുന്ന ഭാരിച്ച ശബ്ദം
നിന്നെ ഉണര്‍ത്താതിരിക്കട്ടെ.

2

ഞാന്‍ മറ്റാരുമല്ല.
രാത്രിയില്‍ മദ്യശാലയില്‍
വൈകി എത്തുന്ന പതിവുകാരന്‍.
ഇന്നത്തെ ഏകാകി.
എനിക്കെതിരെയുള്ള കസേരയില്‍
ഇന്നലെ ഈ സമയത്തു നീ ഉണ്ടായിരുന്നു.
ഇന്നവിടെ ശൂന്യതമാത്രം.

Saturday, March 12, 2016

ഗസല്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

--------------------------------------------------
ഡിസംബര്‍ 31
രാത്രി സത്രത്തിന്‍ ഗാനശാലയില്‍ ഗുലാം അലി പാടുന്നു.
നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍ ..
വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടൊരീ പാത താണ്ടുമ്പോള്‍
ദൂരെ മാളികയുടെ കിളിവാതിലിന്‍ തിരശീല പാളിയോ ?..
കുളിര്‍കാറ്റോ? കനകാംഗുലികളോ ?
എന്റെ നിഴലിന്‍ നെറുകയില്‍ വീണത്
നിശാദീപം ചൊരിയും കിരണമോ ?
നിന്റെ കണ്‍ വെളിച്ചമോ ?

ശാഖയും ഇലകളും പൂക്കളും ഇല്ലാത്തൊരു
ജീവിതതമോ വൃക്ഷം വിണ്ടു വാര്‍ന്നൊലിക്കുന്ന
ചൂടെഴും ചറം പോലെ..
വിരഹാര്‍ത്തിയും ആർദ്രഗംഭീരമലിയുടെ നാദവും
ഉറുദുവുമുരുകിച്ചേരും ഗാനലായനിയൊഴുകുമ്പോള്‍
ചിരബന്ധിതമേതോ രാഗസന്താപം
ഹാര്‍മോണിയത്തിന്‍ ചകിത വാതായനം ഭേദിക്കുന്നു..
ഹൃദയാന്തരം ഋതുശൂന്യമാം
വര്‍ഷങ്ങള്‍ തന്‍ തബല ധിമി ധിമിക്കുന്നു.
.
ഭൂത തംബുരുവിന്റെ ശ്രുതിയില്‍
ഗുലാം അലി പാടുമ്പോള്‍ പിൻഭിത്തിയില്‍
ആരു തൂക്കിയതാണീ കലണ്ടര്‍..
കലണ്ടറില്‍ നിത്യ ജീവിതത്തിന്‍
ദുഷ്കര പദപ്രശ്നം
പലിശ പറ്റുപടി വൈദ്യനും വാടകയും
പകുത്തെടുത്ത പല കള്ളികള്‍
ഋണധന ഗണിതത്തിന്റെ
രസഹീനമാം ദുര്‍നാടകം.
ഗണിതമല്ലോ താളം.
താളമാകുന്നു കാലം..
കാലമോ സംഗീതമായ്‌
പാടുന്നു ഗുലാം അലി ...

ഒരു മാത്ര തന്‍ സര്‍വ്വകാല സംഗ്രഹ
ക്ഷണപ്രഭയില്‍ മായാപ്പടം മാറ്റുക മനോഹരീ..
സ്ഥിര ബന്ധിതം നിന്റെ ഗോപുരകവാടത്തിന്നരികില്‍
പ്രവാസി ഞാന്‍ നിഷ്ഫലം
സ്മരണ തന്‍ താരകാവലി ദീപ്തി ചൊരിയും
നിശ തോറും
പ്രാണസഞ്ചാരം ഹാര്‍മോണിയത്തില്‍ പകരുന്നു..

തബലയില്‍ ആയിരം ദേശാടകപ്പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകി
അലിയുടെ അന്തരാളത്തില്‍ നിന്നുമൊഴുകി
വൈഷാദിക വൈഖരി ശരന്നദി..
നദിയില്‍ ബിംബിക്കയാണാദിമ നിശാമുഖം..
ഉദയാസ്തമയങ്ങള്‍ ഷഡ്ജ ധൈവതങ്ങളാം ഗഗനമഹാ രാഗം..
ശ്രുതിയോ പുരാതന ജന ജീവിതത്തിന്റെ ഹരിതാരുണ ജ്വാല
പടരും നദീ തടം
ദ്രുത ഗാന്ധാര ഗ്രാമ വീഥികള്‍ ജ്വലിക്കുന്നു
അലിയും ഞാനും ഗാനശാലയും ദാഹിക്കുന്നു..
ജ്വാലയില്‍ ദഹിപ്പീല കലണ്ടര്‍ ‍..
കലണ്ടറില്‍ കാപ്പിരി ചോരച്ചെണ്ട കൊട്ടുന്ന കൊലനിലം
കാട്ടുരാത്രിയില്‍ ആദിവാസി തന്‍ കനലാട്ടം
ദേവദാരുവിന്‍ കുരിശേന്തിയ നിരാലംബ
ജ്ഞാതികളുടെ മഹാ പ്രസ്ഥാനം..
ആത്മാവിന്‍ അമ്ലഭാഷ നഷ്ടപ്പെട്ടൊരു
മൂകഗോത്രങ്ങളുടെ മുഖഗോഷ്ടികള്‍ ..
കലണ്ടറിന്‍ ജനലില്‍ കൂടെ കാണാം
സഹസ്രദിനചക്രചാരിയായ്‌
നെറ്റിക്കണ്ണില്‍ ജ്വലിക്കുമാപല്‍ ദ്യുതിയോടെ.
ലോഹാന്ത ഗര്‍ഭ ശ്രേണി നിറയെ ശവങ്ങളെ വഹിച്ചു
നദികള്‍ തുരങ്കങ്ങള്‍ നാടുകള്‍ നഗരങ്ങള്‍
മൃണ്മയ ശതാബ്ദങ്ങള്‍ ഭാഷകള്‍
സംസ്കാരങ്ങള്‍ പിന്നിട്ടു കൂകിപ്പായും തീവണ്ടി..

ജ്ഞാനത്തിനപ്രാപ്യമാണിപ്പോഴും ഗുലാം അലി
ഖേദത്തിന്‍ ഇരുണ്ട ഭൂഖണ്ഡങ്ങള്‍..
അവയുടെ മൂകമുക്രയില്‍ കാലത്രയവും
ചരാചര ഗ്രാമവും മുങ്ങിപ്പോകെ ആരുടെ സമാന്തര ബോധം
ഈ ശ്രവണാന്തരാദിയാം നാദ ജ്വാല..
ജാലകമടച്ചു നീ സ്വര്‍ഗ ചന്ദ്രികയുടെ
ഏകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ..
പദധാരവും ഏക ഗ്രസ്തമായ്‌ മൃതിയുടെ തിമിര
ഗ്രഹത്തിലേക്കെത്രയുണ്ടിനി ദൂരം..

എത്രയുണ്ടിനി നേരം
അസ്തമിച്ചുവോ വര്‍ഷം..
എപ്പോഴോ പിൻഭിത്തിയില്‍ ദ്വാരപാലകന്‍ വന്നു തൂക്കിയോ
വീണ്ടും പുതു വര്‍ഷത്തിന്‍ കലണ്ടര്‍ ..
അതല്ലോ നാളെയുടെ നരക പടം
എത്ര ഭീതിദം
വീര ശൈവന്‍ കോല്‍ തൊട്ടു വായിക്കുന്നു.
കഴുമരത്തിന്‍ കനി തിന്ന കന്യകയിത്‌
കടലിന്നടിയിലെ വെങ്കലക്കാളയിത്
ഇത് നിദ്രയില്‍ നീന്തും കരി നീരാളിയല്ലോ
പ്രാവുകള്‍ പൊരിഞ്ഞു കായ്ക്കുന്ന
വൈദ്യുത വൃക്ഷക്കീഴിലെ ധ്യാനസ്ഥനാണിത്.
ഒടുവില്‍ ഭ്രമണാര്‍ത്തയായ്‌
വികര്‍ഷിതയായ്‌
ബധിരാന്ധകാര ഗര്‍ത്തത്തിലേക്കുരുണ്ടു പോം
ധരയെ വിഴുങ്ങുന്ന കാലസര്‍പ്പമാണിത് ..

നിര്‍ത്തുകീ യമലോക ദര്‍ശനം..
വായിക്കുവാന്‍ നിത്യവും വരും രക്തമിറ്റുന്ന ദിനപ്പത്രം
അകലങ്ങളില്‍ അതിവൃഷ്ടികള്‍ ,അത്യുഷ്ണങ്ങള്‍,
അഭയാര്‍ഥികളുടെ ആര്‍ത്തമാം പ്രവാഹങ്ങള്‍ ...
അകലങ്ങളില്‍ അഗ്നി ബാധകള്‍
ആഘാതങ്ങള്‍ അണുവിന്‍
സംഹാരൂർജ്ജ സമ്പുഷ്ട സംഭാരങ്ങള്‍ ..
അകലങ്ങളില്‍ മദം, മല്‍സരം, മഹാരോധം
അനധീനമാം ജീവിതെച്ഛ തന്‍ പ്രതിരോധം..
നിര്‍ത്തുക നരലോക ദര്‍ശനം..
ദിനപ്പത്രം ഉൾക്കതകിന്മേല്‍ കുറ്റപത്രമായ്‌ പതിയുമ്പോള്‍
പ്രസരോപരി ഭസ്മപത്രശായിയാം മര്‍ത്യശിശുവിന്‍
മുഖം സ്വപ്നദൃഷ്ടിയില്‍ തെളിയുന്നു..
മതിയില്‍ മങ്ങിപ്പോകും സ്വപ്നദീപിക പോലെ
ധൃതിയില്‍ ഗസലുപസംഹരിക്കയാണലി..

അന്ത്യഷദ്ഡ്ജത്തിന്‍ അധോയാന
മരണ മുഹൂര്‍ത്തത്തിലെന്ന പോല്‍
സ്മരണ തന്‍ ത്വരിതാവരോഹണം.
നാദ മൂലത്തിന്‍ ഭൂത പാതാള ഗമനം..
ശ്രുതിയില്‍ ജഗല്ലയം..
സകലം മരണ ഗ്രസ്തം..
നിശൂന്യം...



ഞാന്‍ പോകട്ടെ..
പാതയില്‍ വിളക്കുകള്‍ ഒക്കെയും കെട്ടു.
പിത്തലാന്ചിതം മുഖം
മഞ്ഞള്‍ ചിത്രമായ്‌
ഉദരാന്ധകാരത്തില്‍ വിളയും
സുകൃത ദുഷ്കൃത യോഗ
ഫല ഭാരത്താല്‍ പരിക്ഷീണയായ്‌
ഹൃദിസ്തമാം കാലൊച്ച കാതോര്‍ത്തു കൊണ്ട്
ഏകാന്തതയിലേക്ക്
ലോകത്തെ വിവര്‍ത്തനം ചെയ്തു കൊണ്ട്
ഇലയും അത്താഴവും നേര്‍ത്ത കണ്‍വിളക്കുമായ്‌
അകലെ കുടുംബിനി കാത്തിരിക്കയാണ് എന്നെ..
ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി
മിഴിയുപ്പും മെഴുക്കും
വാര്‍ന്നൊട്ടിയ തലയിണ..
ഉള്ളിനീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്ദം ഐഹിക നിദ്ര   

Friday, March 11, 2016

എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി - സെസാര്‍ വയെഹൊ (പെറു)

വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്.


ഇന്നുഞാന്‍ വീടിന്റെ കല്പടിയില്‍ 
ഒറ്റയ്ക്കു കുത്തിയിരിക്കുന്നു.
നിന്റെ അഭാവം സൃഷ്ടിച്ച 
അടിത്തട്ടില്ലാത്ത ശൂന്യതയില്‍.


ഈ നേരത്ത് നമ്മള്‍ ഓടിക്കളിക്കാറുള്ളതും,
“വേണ്ട മക്കളേ” എന്ന് അമ്മ നമ്മളെ പുന്നാരിക്കാറുള്ളതും
ഓര്‍ത്തുപോകുന്നു.


പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബ്ബാനകളില്‍നിന്നും.
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പുറംതളത്തിലൂടെ, അകത്തളത്തിലൂടെ,ഇടനാഴിയിലൂടെ.
പിന്നെ നീയും ഒളിക്കുകയായി.
ഇല്ല. ഞാന്‍ നിന്നെ കാട്ടിക്കൊടുക്കില്ല.
കളിച്ചു കളിച്ച്,
കരയുവോളം നമ്മള്‍ ചിരിച്ചതും
ഞാന്‍ ഓര്‍ക്കുന്നു.


ഒരു ഗ്രീഷ്മാന്തരാത്രിയില്‍,
പുലര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്,
മിഗ്വേല്‍, നീ ഒളിച്ചുകളഞ്ഞു.
അപ്പോള്‍ നീ പുഞ്ചിരിച്ചില്ല.
നീ ദുഃഖിതനായിരുന്നു.


നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു.
മരിച്ചുപോയ ആ മൂവന്തികളുടെ അപരഹൃദയം
ഇതാ നിന്നെ കണ്ടെത്താനാവാതെ കുഴങ്ങുന്നു.
എന്റെ ആത്മാവില്‍ ഒരു കരിനിഴല്‍ വീഴുന്നു.


കേള്‍ക്കൂ സഹോദരാ,
പുറത്തുവരാന്‍ വൈകരുതേ.
അമ്മ വിഷമിക്കും.


---------------------------------------------------------
 James Wright, Robert Bly, Clayton Eshleman, Michael Smith, എന്നീ നാലുപേരുടെ ഇംഗ്ലീഷ് തർജ്ജമകളെ ആശ്രയിച്ചാണ് ഈ മലയാളം തർജ്ജമ.
-----------------------------------------------------------
-----------------

Wednesday, March 9, 2016

ഗൌരി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി

തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം

അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൌരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൌരീ തളരുന്ന ഗൌരീ
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി

മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും

Tuesday, March 8, 2016

സദ്ഗതി - ബാലചന്ദ്രന്‍ ചുള്ളിക്കാട്


ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായ്‌
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനെ..
നിന്‍ ഹൃദയം പരതി പരതി
തളര്‍ന്നു പോകെ...

ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..

അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..

പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..

Monday, March 7, 2016

വെളിപാട് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

വേടന്‍ അമ്പുരക്കുന്നതു
എന്റെ ഹൃദയത്തില്‍ തന്നെയാണു
എന്നിട്ടും മുനയുടെ മൂര്‍ച്ച എന്റെ കവിതക്കില്ല
നിറയൊഴിക്കുന്നതു
എന്റെ നെഞ്ചിലേക്കുതന്നെയാണു
എന്നിട്ടും കുഴലിന്റെ സംഗീതം
എന്റെ കവിതക്കില്ല
കുളമ്പുകള്‍ ചവിട്ടിയരക്കുന്നതു
എന്റെ മാംസം തന്നെയാണ്
എന്നിട്ടും പടക്കുതിരകളുടെ
മരണവേഗത എന്റെ വാക്കുകള്‍ക്കില്ല
ഞെരിഞ്ഞു തകരുന്നതു എന്റെ തോളെല്ലുകള്‍ തന്നെയാണ്
എന്നിട്ടും പല്ലക്കുചുമക്കുന്നവനെപ്പൊലെ
എന്റെ ആശയങ്ങള്‍ വിയര്‍ക്കുന്നില്ല
ആളിക്കത്തുന്നതു എന്റെ സ്വപ്നങ്ങള്‍തന്നെയാണു
എന്നിട്ടും എന്റെ കവിത ചുട്ടുപഴുക്കുന്നില്ല
ഓര്‍മ്മകളുടെ ഒരു കാളരാത്രിഒടുങ്ങുമ്പൊള്‍
എനിക്കു വെളിപാടുണ്ടാവുന്നു
ഒരു ദിവസംസ്വന്തം ജനത
ഗായകനില്‍ ഗര്‍ജ്ജിക്കും
ലഹരിപിടിപ്പിക്കുന്ന ഈരടികള്‍
ഞങ്ങള്‍ക്കു വേണ്ടാ
ചോര കുടിപ്പിക്കുന്ന കൂരടികള്‍ ഞങ്ങള്‍ക്കു തരൂ
വേരുപിടിപ്പിക്കുന്ന നീരടികള്‍ ഞങ്ങള്‍ക്കു തരൂ
അതെ
അപ്പൊള്‍ അവന്‍ തോറ്റമ്പാട്ടുകള്‍ നിര്‍ത്തി
മാറ്റമ്പാട്ടുകള്‍ പാടും
കരയുന്ന വാക്കുകള്‍ക്കു പകരം
കത്തുന്ന വാക്കുകള്‍ വായിക്കും...