Showing posts with label Ezhupath. Show all posts
Showing posts with label Ezhupath. Show all posts

Saturday, July 23, 2016

എഴുപത്‌ - സച്ചിദാനന്ദന്‍

എഴുപതിൽ ആരുണ്ടു താങ്ങിനായി?
എഴുപതിലുണ്ടായ കൂട്ടുകാരോ?
അതിനുമുൻ,പതിനു പിൻ,പുള്ളോരാണോ?
അതുമ,ല്ലിനിയും വരുന്നോരാണോ?
എഴുപതിൽ മലയും മഴയുമുണ്ട്‌
പഴുതാര,പൂത്തുമ്പി,ചെമ്പരത്തി
പഴയോർ ചവച്ചോരു പാട്ടുചെല്ലം
പുതിയവർ വാഴ്ത്തിയ വീഞ്ഞുപാത്രം
പിറനാടിൻ വയൽ,കുളം,കാവ്‌,നോവ്‌
പലനാടിന്നീണം, മണങ്ങൾ,ഏഴു
കടലും കടന്നുപോം വാക്ക്‌, നീല
ക്കൊടുവേലി പോലെ പടർന്ന നോക്ക്‌.
ഇണതന്ന ചോർ, മക്കൾ തന്ന നീര്
മലയാളം അതിലിട്ട മുളകുമുപ്പും
കൊഴിയുന്ന മെയ്യിലുമൂറി നിൽക്കും
പ്രണയത്തിൻ കാട്ടുതേൻ, കനിവിൻ കോപം,
ഉടൽ വെന്തുപോകുംവരേയ്ക്കു ലോക-
ക്കെടുനീതിക്കെതിർ പോകും ചെറിയ ശബ്ദം
ഇരുളിലും ഒരുനാൾ മനുഷ്യർ മണ്ണും
കവിതയും പങ്കിടുമെന്ന സ്വപ്നം.
ഇതുപോരും വരം ഇനിയുള്ളതൽപം
വഴി താണ്ടാൻ വേണ്ടാ എനിക്കു മോക്ഷം