Showing posts with label എ അയ്യപ്പന്‍. Show all posts
Showing posts with label എ അയ്യപ്പന്‍. Show all posts

Friday, April 21, 2017

ഗ്രീഷ്മവും കണ്ണീരും - എ അയ്യപ്പന്‍

ഒരിക്കൽ നാനാവർണ
ജീവിതപ്രവാഹത്തി-
ന്നൊഴുക്കിൽ പ്രിയപ്പെട്ട
സ്വപ്നമേ നീയും പോകെ

വെറുതെ
വെറുമൊരു
വേദനയോടെ കൈയിൽ
ഉണങ്ങിക്കരിഞ്ഞൊരു
പൂവുമായ്‌ നിൽപ്പൂ ഗ്രീഷ്മം.

വേനലും
കാറ്റും
ഊറ്റിക്കുടിച്ച സൗന്ദര്യത്തിൻ
വേപഥുവിനെ വാങ്ങാ-
നെല്ലാരും മടിക്കവെ

പതുക്കെ കൈകൾ നീട്ടിയാ
പൂവു വാങ്ങി ഞാൻ നിത്യ-
സ്മൃതിക്കു ചൂടി
ഭൂതകാലത്തെ രമിപ്പിക്കെ

മണ്ണിലെ ദു:ഖത്തിന്റെ
മൺകുടിൽമുറ്റത്തിന്റെ
കണ്ണുനീർ പുഷ്പത്തിനെ
നുള്ളിക്കൊണ്ടാരോ പോയി.

Friday, April 8, 2016

അത്താഴം - എ അയ്യപ്പന്‍

കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...

Thursday, April 7, 2016

ബുദ്ധനും ആട്ടിന്‍കുട്ടിയും - എ അയ്യപ്പന്‍

ബുദ്ധാ ഞാനാട്ടിന്‍കുട്ടി
കല്ലേറുകൊണ്ടിട്ടെന്റെ കണ്ണുപോയ്
നിന്‍ ആല്‍ത്തറകാണുവാനൊട്ടുംവയ്യ.

കൃപാധാമമേ ബുദ്ധാ, കാണുവാനൊട്ടും വയ്യ
പ്രഭാതാരവും എന്നെ തെളിച്ച പുല്‍പ്പാതയും.
ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ, യിനി
തുണ നീ മാത്രം ബുദ്ധാ, അലിവിന്നുറവു നീ.

കണ്ണിലെച്ചോര വീഴും പാതയില്‍ നീ നില്‍ക്കുമോ
കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ, നിന്റെ
കണ്ണിന്റെ കനിവെല്ലാം കാണുവാന്‍ കഴിയുമോ?

മുള്ളുകള്‍ തറയ്ക്കുന്നു കാലുകള്‍ മുടന്തുന്നു
വിണ്ണിലേക്കുയരുന്ന വൈഖരി പോലെ നിന്റെ
പൊന്നുവാഗ്ദാനം വീണ്ടും കേള്‍ക്കുമോ തഥാഗതാ!

മിണ്ടാത്ത നിന്‍ വെങ്കല പ്രതിമയെങ്ങാണവോ
മണ്ട ഞാന്‍ പൊട്ടിച്ചെന്റെ കുരുതി സമ്മാനിക്കാം
കാരുണ്യമോ, കരസ്പര്‍ശമോയേല്‍ക്കാതെ നിന്‍
പേരുവിളിച്ചും കൊണ്ടെന്‍ ചോരക്കണ്ണടയവേ,

പുല്‍ക്കൊടിത്താഴ്‌വരകള്‍ കാതില്‍പ്പറഞ്ഞൂയെന്നെ
കല്ലെറിഞ്ഞവനൊരു സിദ്ധാര്‍ത്ഥനെന്ന കുട്ടി

Wednesday, March 30, 2016

സുമംഗലി - എ അയ്യപ്പന്‍

ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ടിക്കപ്പെട്ടു.
പ്രാണന്‍കിട്ടിയ നാള്‍മുതല്‍
നമ്മുടെ രക്തം ഒരുകൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി.
നമ്മുടെ പട്ടങ്ങള്‍
ഒരേ ഉയരത്തില്‍ പറന്നു.
കളിവള്ളങ്ങള്‍
ഒരേ വേഗത്തില്‍ തുഴഞ്ഞൂ.
കടലാസ് തത്തകള്‍ പറഞ്ഞു;
നമ്മള്‍ വേഗം വളരുമെന്ന്;
വീടുവെച്ച് വേളി കഴിക്കുമെന്ന്.

ഒഴുകിപ്പോയ പുഴയും
കീറിപ്പോയ കടലാസ് തത്തകളും
ഇന്ന് സാക്ഷികളല്ല.
കുട്ടിക്കാലം നദിതീരത്തേക്ക്
കൗമാരം തമോഭരത്തിലേക്ക് .

മനസ്സില്‍ പെട്ടെന്ന് വെളിച്ചം പൊലിഞ്ഞുപോയ
ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു.
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്.
നമ്മള്‍ വെള്ളം തേകിയ നീര്‍മാതളം പട്ടുപോയ്‌.

നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലി പെറ്റു:
നൂറ്റൊന്നു കുഞ്ഞുങ്ങള്‍ ....

Tuesday, March 29, 2016

ഏലസ്സ് - എ അയ്യപ്പന്‍

ചുവന്ന കണ്ണുകളുള്ള
മന്ത്രവാദിനി
ഒരേലസ്സു ജപിച്ചു തന്നു .
ഇതരയില്‍ കെട്ടുക
ഭയരഹിതമായ ജീവിതത്തിന്
ഇതുപകരിക്കും
വിറയ്ക്കുന്ന കൈകളോടെ
ഏലസ്സ് വാങ്ങി
കറുത്ത ചരടില്‍ കോര്‍ത്ത്‌
അരയില്‍
അരഞ്ഞാണമാക്കി
അന്നുറങ്ങിയില്ല
അരക്കെട്ട് പൊള്ളി
അന്ധകാരത്തിലൂടെയോടി
ആഴിയില്‍ മുങ്ങി

അഗ്നിയെ അണയ്ക്കുവാനാകാതെ
എരിഞ്ഞു കൊണ്ടോടി
കറുത്ത മയില്‍ നൃത്തമാടി
പാറ പിളരുന്ന പൊട്ടിച്ചിരി കേട്ടു
ഭസ്മത്താല്‍ മുങ്ങിയവന്റെ
നഗ്ന താണ്ഡവം കണ്ടു
സംഭാരത്തിന്റെ മണ്‍പാത്രം
മുന്നില്‍ വീണു പൊട്ടിയപ്പോള്‍
നിശ്‍ചലതയുടെ ഒരു പുറ്റിലേക്ക്
ഉരഗത്തെ പോലെ ജൈവമിഴഞ്ഞു
ശരീരത്തിന്റെ രത്യയിലൂടെ
പല്‍ച്ചക്രങ്ങളുടെ രഥം പാഞ്ഞു പോകെ
ദുര്‍ദേവതകളുടെ ചരട് പൊട്ടി
ധവളധാരിയായ
പ്രഭാതമെത്തി .

Sunday, March 27, 2016

ഗ്രീഷ്മം തന്ന കിരീടം - എ അയ്യപ്പന്‍

പഗമപ.. പഗമപ..
മപനിധനി.. ആ.. ആ... ആ‍ാ..ആ
ആ.. ആ.. ആ.. ആ.
ആ.. ആ.. ആ.. ആ.
മപധനിസ

ഗ്രീഷ്മമെ സഖീ..
നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരി
മദ്ധ്യാഹ്നവേനലില്‍
എത്രമേല്‍ സുഖം
എത്രമേല്‍ ഹര്‍ഷം
എത്രമേല്‍ ദുഃഖമുക്തി പ്രധാനം
ഗ്രീഷ്മമെ സഖീ..
സഖീ... സഖീ..

ഉടുക്കുകൊട്ടി പാടി തളര്‍ന്നൊരെന്‍
മനസ്സൊരല്‍പ്പം ശക്തിയില്‍ വീശും
കൊടുംങ്കാറ്റിന്‍ നിദ്രമാം മുഖം മറന്നൊരല്‍പ്പം
ശാന്തമാകട്ടെ
ശാന്തമാകട്ടെ.. മനസ്സൊരല്‍പ്പം
സാന്ത്വനത്തിന്റെ രുചിയറിയട്ടെ..

ചീറിയലയ്ക്കും തിരമാലകളുടെ
നോവുകളെല്ലാം ഞാന്‍ മറക്കട്ടെ
ചീറിയലയ്ക്കും തിരമാലകളുടെ
തിരമാലകളുടെ..
ചീറിയലയ്ക്കും തിരമാലകളുടെ
നോവുകളെല്ലാം ഞാന്‍ മറക്കട്ടെ
നോവുകളെല്ലാം പൂവുകളെന്നും
നോവുകളെല്ലാം പൂവുകളെന്നും
പാടിയ നിമിഷമേഘങ്ങുഞാന്‍
ഭൂതകാലത്തിന്‍ കാതിങ്കല്‍ മെല്ലെ
ഭൂതകാലത്തിന്‍ കാതിങ്കല്‍ മെല്ലെ
ചോദിച്ചറിയുവാന്‍ ഒന്നു നോക്കട്ടെ

ഗ്രീഷ്മമെ സഖീ..
നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരി
മദ്ധ്യാഹ്നവേനലില്‍
എത്രമേല്‍ സുഖം
എത്രമേല്‍ ഹര്‍ഷം
എത്രമേല്‍ ദുഃഖമുക്തി പ്രധാനം
ഗ്രീഷ്മമെ സഖീ..
സഖീ... സഖീ..
 
കൊടുങ്കാറ്റിന്റെ യുദ്ധക്കുതിരതന്‍
കുളമ്പടിയൊച്ചകള്‍ മാഞ്ഞുപോകട്ടെ
മാഞ്ഞുപോകട്ടെ...
കൊടുങ്കാറ്റിന്റെ യുദ്ധക്കുതിരതന്‍
കുളമ്പടിയൊച്ചകള്‍ മാഞ്ഞുപോകട്ടെ
മാഞ്ഞുപോകട്ടെ...
സൂര്യനെപ്പോല്‍ ജ്വലിച്ചു നില്‍ക്കു നീ..
സൂര്യനെപ്പോല്‍ ജ്വലിച്ചു നില്‍ക്കു നീ..
വേദനയുടെ ശംഖുറങ്ങട്ടെ..
വേദനയുടെ ശംഖുറങ്ങട്ടെ
ഗ്രീഷ്മമെ സഖീ..
സഖീ... സഖീ..

Tuesday, March 15, 2016

ആലില - എ അയ്യപ്പന്‍


നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...

ഇര - എ അയ്യപ്പന്‍

അമ്പ് ഏതുനിമിഷവും
മുതുകിൽ തറക്കാം
പ്രാണനും കൊണ്ട് ഒാടുകയാണ്
വേടന്റെ ക്രൂരത കഴിഞ്ഞ് 
റാന്തൽ വിളക്കുകൾക്ക് ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടുപേർ കൊതിയോടെ...
ഒരു മരവും മറ തന്നില്ല.
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ച്
അവന്റെ വായ്ക്ക് ഞാനിരയായി!!!

മൃത്യുവചനം - എ അയ്യപ്പന്‍


മൃത്യുവിന്
ഒരു വാക്കേയുള്ളൂ-
'വരൂ...പോകാം.'
മൃത്യു
അതിഥിയാണ്.
ആതിഥേയന്‍ നല്‍കേണ്ടത്
അവന്റെ നെഞ്ചിടിപ്പുകള്‍,
കാഴ്ച,
നടക്കാന്‍ മറക്കേണ്ട കാലുകള്‍...
ആകാശത്തിലേക്ക് പറക്കുന്ന
പോത്തിന്റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കരുത്.
നിന്നെ സ്നേഹിച്ചവര്‍
പുച്ഛിച്ചവര്‍
ഏവരും
നിന്റെ ജഡത്തില്‍ വീണു കരയും.
സ്വര്‍ഗത്തിലെ സുവര്‍ണസിംഹാസനം
തുരുമ്പിച്ചുപോയി.
നരകത്തില്‍
നിനക്ക്
അഗ്നിയും,
തിളയ്ക്കുന്ന വെള്ളവും,
ദൈവത്തിന്റെ കഴുത്തില്‍നിന്നും
ഇഴഞ്ഞുപോയ
കണ്ഠാഭരണവുമുണ്ട്.
മൃത്യു,
പ്രിയപ്പെട്ട അതിഥീ;
എനിക്കൊരു വാക്കേയുള്ളൂ.
'വറുതികളുടെ ജീവിതത്തില്‍ നിന്ന്
വര

Monday, March 7, 2016

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് - എ അയ്യപ്പന്‍

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ....
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റ്റെ ഹൃദയത്തിന്റ്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്
മൃതിയിലേയ്ക്ക് ഒളിച്ചു പോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനി എന്റെചങ്ങാതികള്‍ മരിച്ചവരാണല്ലോ

സുഗന്ധി - എ അയ്യപ്പന്‍

ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..
ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..

പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ്ഞു
പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ്ഞു

കടലാസുതത്തകള്‍ പറഞ്ഞു
നമ്മള്‍ വേഗം വളരുമെന്ന്
വീടുവെച്ച് വേളി കഴിയ്ക്കുമെന്ന്..

ഒഴുകിപോയ പുഴയില്‍
കീറിപ്പോയ കടലാസുതത്തകള്‍
ഇന്നും സാക്ഷികളല്ലോ

കുട്ടിക്കാലം നദീതീരത്തേയ്ക്ക്
കൌമാരം കമോപുരത്തിലേയ്ക്ക്
മനസ്സില്‍ പെട്ടന്ന് വെളിച്ചം
പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
മനസ്സില്‍ പെട്ടന്ന് വെളിച്ചം
പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നീയറിഞ്ഞോ നമ്മുടെ മയില്‍ പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങള്‍..
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നീയറിഞ്ഞോ നമ്മുടെ മയില്‍ പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങള്‍..