Showing posts with label ONV Kurupp. Show all posts
Showing posts with label ONV Kurupp. Show all posts

Tuesday, February 21, 2017

ആരോട് യാത്ര പറയേണ്ടൂ - ഓ എന്‍ വി

ആരോട് യാത്രപറയേണ്ടു ഞാന്‍
മാസങ്ങളാണ്ടുകള്‍ അളന്നളന്നെത്തുമൊരു ബിന്ദുവില്‍

ആള്‍ത്തിരക്കേറുമീ വാഹനം എന്നെയൊരു
പാഴ്ച്ചുമടായിങ്ങിറക്കിവെക്കെ

എന്നമൃതപാഥേയവും പഴയ ഭാണ്ഡവും
നെഞ്ചോടണച്ചുഞാനിങ്ങു നില്‍ക്കെ

പാതയിതപാരതതന്‍ മധുരമാം ക്ഷണം മാതിരി
പാണികള്‍ നീട്ടി നില്‍ക്കെ

ആരുടെ കരങ്ങളെന്നറിവീല
പുഴയെ നീരാഴിപോലെന്നെ പുണര്‍ന്നുനില്‍ക്കെ

ആരോട് യാത്രപറയേണ്ടു ഞാന്‍
എന്തി- നോടാരോട് യാത്രപറയേണ്ടു

എത്ര സഹയാത്രികര്‍ സമാനഹൃദയര്‍
ജ്ഞാനദു:ഖങ്ങള്‍ തങ്ങളില്‍ പങ്കുവച്ചോര്‍

മധുരാക്ഷരങ്ങളില്‍ നിറഞ്ഞ മധുവുണ്ണുവാന്‍
കൊതിയാര്‍ന്ന കൊച്ചു ഹൃദയങ്ങള്‍

സാമഗീതങ്ങളെ സാധകം ചെയ്തവര്‍
ഭൂമിയെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചവര്‍

  മണ്ണിന്‍റെ ആര്‍ദ്രമാം ആഴങ്ങള്‍ തേടിയോര്‍
വിണ്ണിന്റെ ദീപ്തമാം ഉയരങ്ങള്‍ തേടിയോര്‍

മുന്നിലൂടവരൊഴുകി നീങ്ങുന്ന കാഴ്ച
ഉള്‍ക്കണ്ണുകളെയിന്നും  നനക്കേ

ഓര്‍മകളിലിന്നലെകള്‍ പിന്നെയുമുദിക്കെ
അവയോരോന്നുമുണ്‍മയായ്‌ നില്‍ക്കെ

ആരോട് യാത്രപറയേണ്ടു ഞാന്‍
എന്തി- നോടാരോട് യാത്രപറയേണ്ടു

ആരോട് യാത്രപറയേണ്ടു ഞാന്‍

മൊഴികളുടെയാഴങ്ങളില്‍
പഴമനസ്സുകള്‍ കുഴിച്ചിട്ട നിധിതേടി

വാഴ്വിന്റെ കൈപ്പുനീരും വാറ്റി
മധുരമാക്കുന്ന രസമന്ത്രതന്ത്രം തേടി

ഒരു പൊരുളില്‍ നിന്നപരമാം പൊരുളുദിച്ചു
കതിര്‍ ചൊരിയുന്ന വാക്കിലെ സൂര്യനെത്തേടി

ഒരു പൂവിലെക്കനിതേടി
കനിയിലെത്തരു തേടി

തീയിലെക്കുളിര്‍തേടി
കുളിരിലെ തീ തേടി

അണുവിന്റെ അണുവിലൊരു സൌരയൂഥം തേടി
മര്‍ത്യനില്‍ മഹാഭാരതങ്ങള്‍ തേടി

തീര്‍ത്ഥ്യരെത്രയോപേരൊത്തലഞ്ഞു തിരിഞ്ഞു
ഏറെഇഷ്ടമാര്‍ന്നൊരു നടക്കാവിനോടോ

ഇനിയാരോട് യാത്രപറയേണ്ടു ഞാന്‍
എന്തി- നോടാരോട് യാത്രപറയേണ്ടു?

Saturday, July 23, 2016

വെറുതെ - ഒ എന്‍ വി കുറുപ്പ്

ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒരു തിരിക്കുള്ളില്‍ കുറുമണികള്‍
തുരുതുരെത്തിങ്ങി നിറഞ്ഞപോലെ,
പെരുമാരിയായ് മാറും ജലകണങ്ങള്‍
ഒരു മേഘപാളിയിലെന്നപോലെ,
നിരവധിയൂര്‍ജ്ജകണങ്ങളൊന്നി-
ച്ചൊരുവിദ്യുല്ലേഖയിലെന്നപോലെ,
'വെറുതെ'യെന്നൊരു വാക്കില്‍ ജീവിതത്തിന്‍
പൊരുളുകളാകെയുള്‍ച്ചേര്‍ന്നുവല്ലേ?
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കില്‍ ഞാനെഴുതാം : 'വെറുതെ ' ...
ഗതകാല സ്മൃതികള്‍ ചുരന്നിടുന്ന
മധുരവും കയ്പും കവര്‍പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ഠമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനമറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടിലെന്തോ ചൊല്ലിത്തേങ്ങും പോലെ,
ബധിരനാം കാലത്തിന്‍ കാതിലെന്‍റെ
ഹൃദയം നിമന്ത്രിപ്പതും 'വെറുതെ'!
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കിലെഴുതിവയ്ക്കാം:
'വെറുതെ' ..
ഗഗനകൂടാരത്തിന്‍ കീഴിലെത്ര
നഗരങ്ങള്‍,നാട്ടിന്‍പുറങ്ങള്‍ കണ്ടു!
അവിടത്തെ ഗാനോത്സവങ്ങളിലെ
കുഴലുകള്‍, ചെണ്ടകളൊക്കെ വേറെ.
ശ്രുതി വേറെ,താളങ്ങള്‍ , വേറെ,യെന്നാല്‍
ഹൃദയത്തിന്‍ സത്യങ്ങളൊന്നുപോലെ!
അവയിലെന്‍റേതെന്തോ
ഞാന്‍ തിരഞ്ഞൂ!
അവയുമെന്‍റേതെന്നു
ഞാനറിഞ്ഞൂ!
വിവിധമാം സ്വാദും സുഗന്ധവും കൊ-
ണ്ടവിടെയെന്‍ പാഥേയമാര്‍ നിറച്ചൂ?
അതുമേന്തിയലസമലക്ഷ്യമായ് ഞാന്‍
അലയവേ,യേതൊരു കാന്തശക്തി
ഒരു നൗകയെ കടല്‍ക്കാറ്റുപോലെ
വെറുതെയിത്തീരത്തണച്ചിതെന്നെ!
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം-'വെറുതെ!'
പതറാത്തൊരോര്‍മ്മ തന്‍ വടിയുമൂന്നി
പഴയ വഴികള്‍ നടന്നു കാണ്‍കെ,
ഒരു കുറിമാത്രമരങ്ങിലാടാന്‍
വരുതി ലഭിച്ചൊരു നാടകത്തില്‍
മൊഴിയും ചമയവുമഭിനയവു-
മൊരുപോലെ തെറ്റിയെന്നോര്‍ത്തുപോകെ,
പഴയ വിളക്ക് വിലയ്ക്ക് വാങ്ങി
പുതിയതു നല്‍കും വണിക്കിനെപ്പോല്‍
നടകൊള്‍വു കാലമെന്നൊപ്പമേതോ
നവമാം പ്രലോഭനമന്ത്രവുമായ്.
വിലയിടിയാത്ത കിനാക്കളുണ്ടോ?
വിലപേറുമെന്തുണ്ട് വാഴ്വില്‍ ബാക്കി?
എവിടെയൊരമ്പിളിച്ഛായയുള്ളി-
ലെഴുമെന്‍റെ കണ്ണാടി?-യതുമുടഞ്ഞു....
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കിലിങ്ങനെയായ്:'വെറുതെ'...

Saturday, April 2, 2016

പാഥേയം - ഒ എന്‍ വി കുറുപ്പ്


വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ഡത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!

Sunday, March 27, 2016

ഭൂമിയ്ക്കൊരു ചരമഗീതം - ഓ എൻ വി കുറുപ്പ്

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

നിലാവിന്റെ ഗീതം - ഓ എന്‍ വി കുറുപ്പ്

നല്ല നിലാവുള്ള രാത്രി
സുഖനിദ്രകൊള്ളുമിരുവശം ജീവന്റെ കൂടുകള്‍
നല്ല നിലാവുള്ള രാത്രി
സുഖനിദ്രകൊള്ളുമിരുവശം ജീവന്റെ കൂടുകള്‍
മുന്നില്‍ ഹിമശുഭ്രമാം നടപ്പാതയില്‍
വെണ്മയോലും നിലാവെന്തൊരു സല്ലയം
മുന്നില്‍ ഹിമശുഭ്രമാം നടപ്പാതയില്‍
വെണ്മയോലും നിലാവെന്തൊരു സല്ലയം
ആ സല്ലയത്തില്‍ വെണ്‍ താരുകള്‍ പൂത്തുവോ
ആ പൂക്കളില്‍ ദേവദൂതരുണര്‍ന്നുവോ
ആ സല്ലയത്തില്‍ വെണ്‍ താരുകള്‍ പൂത്തുവോ
ആ പൂക്കളില്‍ ദേവദൂതരുണര്‍ന്നുവോ
ഏതോ വനങ്ങളില്‍ തേനും പരാഗവും
തേടിപറക്കും മധുപമക്ഷികള്‍ പോല്‍
അസ്വസ്തമിന്ദ്രിയമഞ്ചും
അസ്വസ്തമിന്ദ്രിയമഞ്ചും
എന്നാലൊരു സുസ്വരത്തിനേറെ ദാഹിപ്പൂ കാതുകള്‍
നിര്‍ലക്ഷ്യനാം ഒരു നിദ്രാടകന്‍പ്പോലെ
മെല്ലെ മെല്ലെ നടന്നുപോകും നിന്നെ
ഏതോ പിയോനയില്‍ നിന്നുണരും
മന്ത്രനാദം തടഞ്ഞു നിര്‍ത്തുന്നുവോ തല്‍ക്ഷണം
നിര്‍ലക്ഷ്യനാം ഒരു നിദ്രാടകന്‍പ്പോലെ
മെല്ലെ മെല്ലെ നടന്നുപോകും നിന്നെ
ഏതോ പിയോനയില്‍ നിന്നുണരും
മന്ത്രനാദം തടഞ്ഞു നിര്‍ത്തുന്നുവോ തല്‍ക്ഷണം
ഹായ്.. നിന്റെ ഇഷ്ടസന്താനത്തയല്ലീ
ഇന്നാരുടെയോ കൈകള്‍ ഇക്കിളികൂട്ടുന്നു
ഹായ്.. നിന്റെ ഇഷ്ടസന്താനത്തയല്ലീ
ഇന്നാരുടെയോ കൈകള്‍ ഇക്കിളികൂട്ടുന്നു
ശിക്ഷണം പോരെന്നു തോന്നിയോ
എങ്കിലെന്ത കൈകള്‍ വാത്സല്യമുക്തമല്ലത്രമേല്‍
ശിക്ഷണം പോരെന്നു തോന്നിയോ
എങ്കിലെന്ത കൈകള്‍ വാത്സല്യമുക്തമല്ലത്രമേല്‍
കേവാലാഹ്ലാദത്തിനല്ലേങ്കില്‍
നിക്ഷ്ഫല സ്നേഹദുഃഖങ്ങള്‍ക്ക് ശുശ്രൂഷനല്‍കുവാന്‍
യേതൊരാത്മാവിനുണര്‍ന്നിരിയ്ക്കുന്നു
നിന്‍ ഗീതികലയതുണയ്ക്കായ് വിളിയ്ക്കുന്നു
കേവാലാഹ്ലാദത്തിനല്ലേങ്കില്‍
നിക്ഷ്ഫല സ്നേഹദുഃഖങ്ങള്‍ക്ക് ശുശ്രൂഷനല്‍കുവാന്‍
യേതൊരാത്മാവിനുണര്‍ന്നിരിയ്ക്കുന്നു
നിന്‍ ഗീതികലയതുണയ്ക്കായ് വിളിയ്ക്കുന്നു
നന്ന്.. തന്‍ സര്‍ഗ്ഗ സപര്യതന്‍ സാഫല്യം
ഇന്നീവിധത്തിലായെന്നു സന്തുഷ്ടനായ് നിന്നുനീ
നിന്റെ നിദ്രാടനത്തിനു വന്നുവോ ഭംഗം
വഴിവക്കിലെ പഴേ മന്ദിരമൊന്നിന്റെ ഉമ്മറമുറ്റത്തു നിന്നു
നിന്‍ നേര്‍ക്കു കയ്യാട്ടുന്നു ലില്ലികള്‍
വഴിവക്കിലെ പഴേ മന്ദിരമൊന്നിന്റെ ഉമ്മറമുറ്റത്തു നിന്നു
നിന്‍ നേര്‍ക്കു കയ്യാട്ടുന്നു ലില്ലികള്‍
ഉള്ളില്‍ വിളക്കു കെടുത്തിയിട്ടില്ലെന്നു
ചില്ലുജനാലകള്‍ പുഞ്ചിരിച്ചോതുന്നു
ഉള്ളില്‍ വിളക്കു കെടുത്തിയിട്ടില്ലെന്നു
ചില്ലുജനാലകള്‍ പുഞ്ചിരിച്ചോതുന്നു
പാതിതുറന്നുകിടന്നൊരാ പൂമുഖവാതിലിലൂടെ
അകത്തു കടന്നു നീ
യെന്തുചെയ്യേണ്ടുവെന്നോരാതെയൊരുമാത്രനിന്നുപോയ്
ആരോടനുമതി വാങ്ങുവാന്‍
ആരോടനുമതി വാങ്ങുവാന്‍
തന്‍ വരവോടാരോടു ചൊല്ലുവാന്‍
ക്രൂശിതന്‍ തന്‍ തിരുരൂപമല്ലാതെ
മറ്റാള്‍ രൂപമൊന്നുമില്ലെന്നീ മുഖത്തളത്തില്‍
കരം കൊണ്ടു കുരിശ്ശുവരച്ചു നമിച്ചുനീ
പിന്നെയാ വീട്ടിന്നകത്തളത്തില്‍
വിടര്‍കണ്ണാലെ കണ്ടുനീയാ പെണ്‍കിടാവിനെ
പിന്നെയാ വീട്ടിന്നകത്തളത്തില്‍
വിടര്‍കണ്ണാലെ കണ്ടുനീയാ പെണ്‍കിടാവിനെ
നിന്‍ പ്രിയ ഗീതികലയെ
പിയോനയില്‍നിന്നുയര്‍പ്പിക്കുമാ പെണ്‍കിടാവിനെ
നിന്‍ വരവോരാതെ മറ്റൊരാള്‍ വന്നുതന്‍-
മുന്നിലൊരേനില്‍പ്പു നില്‍പ്പതുമോരാതെ
തന്‍ അംഗുലികള്‍ ചലിപ്പിച്ചിരിക്കും
ആ സ്വര്‍ണ്ണചുരുള്‍മുടിയാളാം കുമാരിയെ
നിന്‍ വരവോരാതെ മറ്റൊരാള്‍ വന്നുതന്‍-
മുന്നിലൊരേനില്‍പ്പു നില്‍പ്പതുമോരാതെ
തന്‍ അംഗുലികള്‍ ചലിപ്പിച്ചിരിക്കും
ആ സ്വര്‍ണ്ണചുരുള്‍മുടിയാളാം കുമാരിയെ
മുന്നില്‍ സ്വരചിഹ്നങ്ങള്‍, കുറിപ്പുകള്‍
ഒന്നുമില്ലാതെ മുഖം കുനിച്ചങ്ങിനെ
ഒക്കെയുമോര്‍മ്മയില്‍ നിന്നുവിര്‍തുമ്പില്‍
സ്വച്ഛന്ദമാവഹിക്കും പെണ്‍കിടാവിനെ
മുന്നില്‍ സ്വരചിഹ്നങ്ങള്‍, കുറിപ്പുകള്‍
ഒന്നുമില്ലാതെ മുഖം കുനിച്ചങ്ങിനെ
ഒക്കെയുമോര്‍മ്മയില്‍ നിന്നുവിര്‍തുമ്പില്‍
സ്വച്ഛന്ദമാവഹിക്കും പെണ്‍കിടാവിനെ
നിന്‍ നെഞ്ചുകീറിയെടുത്തതാമീ
സ്വരവര്‍ണ്ണങ്ങള്‍, ഈണങ്ങള്‍
ഈ ഗാനധാരയും തട്ടും തടവുമെഴാതെ
സഹജസംശുദ്ധികെടാതെയവള്‍ പകര്‍ന്നീടവെ
നിന്‍ നെഞ്ചുകീറിയെടുത്തതാമീ
സ്വരവര്‍ണ്ണങ്ങള്‍, ഈണങ്ങള്‍
ഈ ഗാനധാരയും തട്ടും തടവുമെഴാതെ
സഹജസംശുദ്ധികെടാതെയവള്‍ പകര്‍ന്നീടവെ
നീ സ്വരരാഗങ്ങള്‍ തന്‍ രാജശില്പിയാം നീ
സഞ്ചരിപ്പത് യേതത്യുന്നതങ്ങളില്‍
നീ സ്വരരാഗങ്ങള്‍ തന്‍ രാജശില്പിയാം നീ
സഞ്ചരിപ്പത് യേതത്യുന്നതങ്ങളില്‍
മന്ദഗതിയാം ശരം നദിപോല്‍
നേര്‍ത്തുവന്നൊരാ ഗീതിക പാടെ നിലക്കയായ്
മന്ദഗതിയാം ശരം നദിപോല്‍
നേര്‍ത്തുവന്നൊരാ ഗീതിക പാടെ നിലക്കയായ്
തെല്ലു കുനിഞ്ഞിരിപ്പാണവളപ്പോഴും
സല്ലീലമാം പിയാനയിലൂടെ ദ്രുതം
നിന്നംഗുലികള്‍ ചലിക്കയായ്
കാട്ടുപൊന്തയില്‍ നിന്നും
കിളികള്‍ പറന്നുപോല്‍
ഹൃദ്യമാം ഏതോ സ്വരകലാപം കേട്ടു
സഭ്യപ്രഫുല്ലമാം നിന്‍ അഭിനന്ദനം
ആരെന്ന് ഞെട്ടിത്തെറിച്ചു ചോദിച്ചുകൊണ്ട്
ആരെയും നിന്നെയും കാണാത്തമാതിരി
ആരെന്ന് ഞെട്ടിത്തെറിച്ചു ചോദിച്ചുകൊണ്ട്
ആരെയും നിന്നെയും കാണാത്തമാതിരി
എന്തേ പകച്ചു നോക്കുന്നിതാ
പെണ്‍കിടാവന്ധയോ
നീ അനുതാപമോര്‍ന്നോതുന്നു
വത്സേ, പരിഭ്രമിക്കയായ്ക
നിന്‍ വായനയസ്സലായ്
ഈ വഴിപോകവേ കേട്ടുഞാന്‍
ചാരിയവാതില്‍ തുറന്നുവന്നേന്‍
ഇത്രനേരം മനസ്സുകുളിര്‍പ്പിച്ചു നീ.. നന്ദി!
ചാരിയവാതില്‍ തുറന്നുവന്നേന്‍
ഇത്രനേരം മനസ്സുകുളിര്‍പ്പിച്ചു നീ.. നന്ദി!
നില്‍ക്കൂ.. പറയുമോ നിങ്ങളാരെന്നവള്‍
ഉല്‍ക്കഠ കൌതുകമാര്‍ന്നു ചോദിയ്ക്കവെ
പേരുപറയുവാന്‍ മടിച്ചുനീയെങ്കിലും
നേരു പറഞ്ഞു നിലാവുള്ളരാത്രികള്‍
കണ്ടുമതിവരാ സൌന്ദര്യമാണവയ്ക്ക്
ഇന്നും നിലാവുണ്ടിതിവഴിവന്നു ഞാന്‍
പേരുപറയുവാന്‍ മടിച്ചുനീയെങ്കിലും
നേരു പറഞ്ഞു നിലാവുള്ളരാത്രികള്‍
കണ്ടുമതിവരാ സൌന്ദര്യമാണവയ്ക്ക്
ഇന്നും നിലാവുണ്ടിതിവഴിവന്നു ഞാന്‍
എന്തിനോവേണ്ടിയുറഴുന്നതായ് തോന്നി
അന്ധമാ കണ്ണുകള്‍ മെല്ലെ മന്ത്രിച്ചവള്‍
കണ്ടാല്‍ മതിവരില്ലത്രെ..
നിലാവിനെ കണ്ടാല്‍ മതിവരില്ല
എങ്ങിനെ കാണുവാന്‍..
കാണാം നിനക്കും നിലാവിനെയോമനെ
കാതോര്‍ത്തിരുന്നോളൂയെന്നു കനിഞ്ഞോതി
നീയിരുന്നു പിയോനയുടെ മുന്നില്‍
നിന്‍ നീഴ്വിരല്‍തുമ്പുകള്‍ താണുയര്‍ന്നങ്ങനെ
ചഞ്ചലിപ്പൂ ചാരുചന്ദ്രകിരണങ്ങള്‍
സഞ്ചരിക്കും പോല്‍ സമുദ്രത്തിരകളില്‍
കാണാം നിനക്കും നിലാവിനെയോമനെ
കാതോര്‍ത്തിരുന്നോളൂയെന്നു കനിഞ്ഞോതി
നീയിരുന്നു പിയോനയുടെ മുന്നില്‍
നിന്‍ നീഴ്വിരല്‍തുമ്പുകള്‍ താണുയര്‍ന്നങ്ങനെ
ചഞ്ചലിപ്പൂ ചാരുചന്ദ്രകിരണങ്ങള്‍
സഞ്ചരിക്കും പോല്‍ സമുദ്രത്തിരകളില്‍
കാതോര്‍ത്തിരിയ്ക്കുന്നു പാവമാം പെണ്‍കിടാവ്
ഏതോ നിഗൂഡ്ഡത തൊട്ടറിയുന്നപോല്‍
ഏതോ നിഗൂഡ്ഡത തൊട്ടറിയുന്നപോല്‍
ആദിയില്‍ സൃഷ്ടാവളരുളി..
ആകാശമുണ്ടാവട്ടെ... അകാശമുണ്ടായി
പിന്നെയും സൃഷ്ടാവളരുളി
വെളിച്ചമുണ്ടാവട്ടെ.. ആക്ഷണമുണ്ടായി വെളിച്ചം
അതുപോലെ
ആദിയില്‍ സൃഷ്ടാവളരുളി..
ആകാശമുണ്ടാവട്ടെ... അകാശമുണ്ടായി
പിന്നെയും സൃഷ്ടാവളരുളി
വെളിച്ചമുണ്ടാവട്ടെ.. ആക്ഷണമുണ്ടായി വെളിച്ചം
അതുപോലെ
സര്‍ഗ്ഗകര്‍ത്താവിന്‍ പ്രിയപുത്രാ
നീയുമീന്നിക്ഷണം കണ്ണിന്‍ കുളിരാം നിലാവിനെ
കര്‍ണ്ണാമൃതനാദധാരയായ് മാറ്റവെ
കണ്ണുകാണാത്താരാപെണ്‍കിടാവോതുന്നു
നീയുമീന്നിക്ഷണം കണ്ണിന്‍ കുളിരാം നിലാവിനെ
കര്‍ണ്ണാമൃതനാദധാരയായ് മാറ്റവെ
കണ്ണുകാണാത്താരാപെണ്‍കിടാവോതുന്നു
എന്തുകുളിര്‍മ്മ നിലാവിന്..
എന്തുകുളിര്‍മ്മ നിലാവിന്
സ്വര്‍ഗ്ഗത്തുനിന്നുവന്നെന്റെമ്മ വന്നുതൊടുന്നതുപോലെ
എന്തുകുളിര്‍മ്മ നിലാവിന്
സ്വര്‍ഗ്ഗത്തുനിന്നുവന്നെന്റെമ്മ വന്നുതൊടുന്നതുപോലെ
നന്ദി.. ആങ്ങാരാണ്.. ചൊല്ലുമോ..?
നീയുടന്‍ ചൊന്നൂ.. നിലാവിന്റെ ഗീതം രചിച്ചയാള്‍
നിലാവിന്റെ ഗീതം രചിച്ചയാള്‍

Thursday, March 24, 2016

കോതമ്പുമണികള്‍ - ഓ എന്‍ വി കുറുപ്പ്

പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
കോതമ്പുകതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്‍ മിഴിയാണ്.
കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
ഗൌരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്‍ പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്‍ ചുട്ടുപഴുത്തോരാ
കുഗ്രാമ ഭൂവിന്‍ കുളിരാണ്!
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്‍ നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്‍ കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്‍കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!

കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍.,
കുഞ്ഞു വയര്‍ നിറച്ചാഹാരം;;
കല്ലുമണിമാല, കൈവള,യുത്സവ-
ച്ചന്തയിലെത്തും പലഹാരം.
തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്ത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍,
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍;
പെറ്റുവളര്‍ന്ന കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്!
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍,
വെറുതെയീ നിനവുകള്‍ വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
നില്‍ക്കുവാനുത്സാഹമായിരുന്നു.
കണ്‍കളിലത്ഭുതമായിരുന്നു വിടര്‍-
കണ്ണാലെ പിന്നാലെ പോയിരുന്നു.
ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
ഇന്നാ നിറന്ന വരവ് കാണ്‍കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്‍ മറന്ന കിളിയല്ലേ!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല.
വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
ഇല്ലോരാള്‍, കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ!
ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു!

ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു,, വെറും
കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍,
കൂരകള്‍ തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു!

പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?

നിശാഗന്ധീ നീയെത്ര ധന്യ - ഒ എന്‍ വി കുറുപ്പ്

നിഴല്‍പ്പാമ്പുകള്‍ കണ്ണുകാണാതെ നീന്തും
നിലാവില്‍,നിരാലംബശോകങ്ങള്‍തന്‍ കണ്ണു-
നീര്‍പ്പൂക്കള്‍ കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധീ!നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്‍പു
നിന്നൂ?നിലാവും കൊതിക്കും മൃദുത്വം
നിനക്കാരു തന്നൂ!'മഡോണാ'സ്മിതത്തി-
ന്നനാഘ്രാതലാവണ്യനൈര്‍മ്മല്യമേ!മൂക-
നിഷ്പന്ദഗന്ധര്‍വസംഗീതമേ! മഞ്ഞു-
നീരില്‍ത്തപംചെയ്തിടും നിത്യകന്യേ!
നിശാഗന്ധീ!നീയെത്ര ധന്യ!

വിടര്‍ന്നാവു നീ സുസ്മിതേ!നിന്‍മനസ്സില്‍
തുടിക്കും പ്രകാശം പുറത്തി;ല്ലിരുള്‍ പെറ്റ
നാഗങ്ങള്‍ നക്കിക്കുടിക്കും നിലാവിന്‍റെ
നാഴൂരി വെട്ടം തുളുമ്പിക്കിടക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നൂ!വിടര്‍ന്നൊന്നു
വീര്‍പ്പിട്ടു നിന്നൂ!മനസ്സിന്‍റെ സൌമ്യാര്‍ദ്ര-
ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റുനിന്നൂ!
നിശാഗന്ധീ!നീയെത്ര ധന്യ!

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍ പട്ടു-
ചേലാഞ്ജലത്തില്‍ പിടിക്കേ,കരംകൂപ്പി-
യേകാഗ്രമായ്,ശാന്തനിശ്ശബ്ദമായ്,ധീര-
മേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു?
നിലാവസ്തമിച്ചൂ;മിഴിച്ചെപ്പടച്ചൂ;സ-
നിശ്വാസമാ 'ഹംസഗാനം' നിലച്ചു!
നിശാഗന്ധീ!നീയെത്ര ധന്യ!

ഇവര്‍ക്കന്ധകാരം നിറഞ്ഞോരു ലോകം
തുറക്കപ്പെടുമ്പോള്‍ ജനിച്ചെന്ന,തെറ്റിന്നു
'ജീവിക്കു'കെന്നേ വിധിക്കപ്പെടുമ്പോള്‍,
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍
തളച്ചിട്ടു ദുഃഖങ്ങള്‍ ഞങ്ങള്‍,കവാടം
തകര്‍ത്തെത്തുമേതോ സഹസ്രാംശുവെക്കാത്തു-
കാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍!
ഭയന്നുറ്റുനോക്കുന്നു ഹാ!മൃത്യുവേ!-നീ
സ്വയം മൃത്യുവെക്കൈവരിച്ചോരു കന്യ!
നിശാഗന്ധീ!നീയെത്ര ധന്യ!

Tuesday, March 15, 2016

മഴത്തുള്ളികള്‍ - ഒ എന്‍ വി

'മഴയ്ക്കെന്തൊരു ഭംഗി' പറഞ്ഞു പതുക്കെ നീ
മഴത്തുള്ളികള്‍ വേനല്‍ ചൂടാര്‍ന്ന മണ്ണില്‍ വീഴ്‍കെ
അതിന്റെ കുളിര്‍മ്മ മണ്ണിലേക്കാളും
നിന്റെ മനസ്സില്‍ പടര്‍ന്നിട്ടോ, മഴയിലലിഞ്ഞിട്ടോ
അടക്കാനാവാതേതോ കൌതുകം തുളുമ്പും പോല്‍
പതുക്കെ പറഞ്ഞു നീ.. മഴയ്ക്കെന്തൊരു ഭംഗി !
തുള്ളി തുള്ളിയായ് പിന്നെ വെള്ളിക്കമ്പികളായ്
കമ്പികള്‍മുറുക്കിയ ശത തന്ത്രിയും മീട്ടി
മണ്ണിലേയ്ക്കിറങ്ങി വന്നു മഴ
ഒരു ജിപ്‍സി പെണ്‍കിടാവിനെ പോലെ
മുറ്റത്തു നൃത്തം ചെയ്കെ
നിന്‍ മിഴികളിലേതോ കലിമ്പം
വീണ്ടും ബാല്യനൈര്‍മ്മല്യം മൊഴിയില്‍
ഹായ് മഴയ്ക്കെന്തൊരു ഭംഗി..!
തൊട്ടുമുന്നിലെ കാഴ്ചയ്ക്കപ്പുറം എന്തോ-
കാണും മട്ടില്‍നീ ഇരിയ്ക്കുന്നു
ഓര്‍മ്മയിലിന്നും മരിയ്ക്കാത്തൊരു പുഴ
അതിനയ്ക്കരെ പോകാന്‍ കൊച്ചുകൂട്ടുകാരുമായ്
നീയും പാവാട തെറുത്തേറ്റി പോകുന്നു
പൊടുന്നനെ വീഴുന്നു മഴ
പുഴയോളങ്ങള്‍ വെള്ളിക്കൊലുസ്സിട്ടു തുള്ളുന്നു ചുറ്റും
കുളിര്‍ത്തു ചിരിച്ചാര്‍ത്ത് മഴയി-
ലടിമുടി കുതിര്‍ന്ന് പുഴയോരത്തെത്തുന്നു
നടവഴി വരമ്പില്‍ നെല്ലിപ്പൂക്കള്‍
കുളിച്ചീറന്‍ചുറ്റി വരവേല്‍ക്കുന്നു
നിന്റെ മുന്നിലാ മഴ മാത്രം
നടവഴിമാത്രം
വയല്‍ പൂക്കള്‍മാത്രം
ഞാനടുത്തിരിപ്പതും മറന്നു പറഞ്ഞു നീ
മഴയ്ക്കെന്തൊരു ഭംഗീ..!
മഴയ്ക്കെന്തൊരു ഭംഗീ..!
ഇപ്പോളീ നിന്നെ കാണുമ്പോള്‍
പതുക്കെ പറഞ്ഞു ഞാന്‍
നിനക്കെന്തൊരു ഭംഗീ!

Wednesday, March 9, 2016

നന്ദി - ഒ എന്‍ വി കുറുപ്പ്,

നന്ദി! നീതന്നൊരു ഇളം നീലരാവുകള്‍ക്ക്
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്
എന്റെയേകേന്തതന്‍ പുഴയോരത്ത്
കൊച്ചുകാറ്റിന്റെ കൊതുമ്പവെള്ളത്തില്‍ നീ
ഏറ്റി അയച്ച വിശിഷ്ട ഗന്ധങ്ങള്‍ക്കുമെല്ലാം
എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
നന്ദി! നീയേറ്റിയൊരു ഇന്ദ്രധനുസ്സുകള്‍
എന്നില്‍ വിടര്‍ത്തി വിറപ്പിച്ച പീലികള്‍-
ക്കെന്നില്‍ കൊളുത്തി കെടുത്തിയ ദീപ്തികള്‍ക്കെ-
ന്നില്‍ നീ ചുംബിച്ചുണര്‍ത്തിയ പൂവുകള്‍ക്കെ-
ന്നില്‍ പകര്‍ന്ന പരാഗകതണികകള്‍ക്കെ-
ന്റെ ചുണ്ടില്‍ നീ ചുരന്ന തേന്‍ തുള്ളികള്‍ക്കെല്ലാം
എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
നന്ദി! നീ നല്‍കാന്‍ മടിച്ച പൂചെണ്ടുകള്‍ക്കെ-
ന്റെ വിളക്കില്‍ എരിയാത്ത ജ്വാലകള്‍ക്കെന്‍-
മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്കെന്നെ-
തഴുകാതെയെന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞൊരുഷസന്ധ്യകള്‍ക്കെന്റെ
കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം
എനിയ്ക്കു നല്‍കാന്‍ മടിച്ചവയ്ക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
നന്ദി! നിന്നാല്‍മര ചോട്ടിലെ ഇത്തിരിമണ്ണിനും
നീല നിഴല്‍കുളിരിന്നുമെന്‍ നെഞ്ചത്തുറങ്ങുവാന്‍-
ചായുമീ കാറ്റിനും കുഞ്ഞിലതുമ്പികള്‍ മൂളുന്ന പാട്ടിനും
ഈ വെയിലാഴിതന്‍ അറ്റത്തെ ഈത്തണല്‍ ദ്വീപിലെ-
ഉച്ചമയക്കത്തിനും പിന്നെ ഈ ദിവാസ്വപ്നം
പൊലിയുമ്പോഴെന്നുള്ളില്‍ നി ദയാര്‍ദ്രമാം
കൊളുത്തുന്ന ദുഃഖത്തിനും നന്ദി.. നന്ദി!

അമ്മ - ഒ എന്‍ വി കുറുപ്പ്

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒാരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്
‍അ കൈവിരുതു പുകഴ്തുമാരും അ പുകഴ്‌ ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്‌
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ്‌ ശബ്ദഘോഷമായി
കല്ലിനും മീതെയായ്‌ ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ...
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താല്
‍ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത്‌ കഞ്ഞിയുമായ്‌ വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേന്തി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത്‌ തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
മൂക്കിന്റെതുമ്പത്ത്‌ തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു
ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട്‌ ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍
‍കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക്‌ കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ്‌ മധിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്
‍ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

Tuesday, March 8, 2016

വാടക വീട്ടിലെ വനജ്യോത്സന - ഒ എന്‍ വി കുറുപ്പ്

മാപ്പു നല്‍കൂ പ്രിയ വനജ്യോത്സനേ
നീ മാപ്പു നല്‍കുമോ സ്നേഹിച്ച തെറ്റിനായ്..
മാപ്പു നല്‍കൂ പ്രിയ വനജ്യോത്സനേ
നീ മാപ്പു നല്‍കുമോ സ്നേഹിച്ച തെറ്റിനായ്..
കൂടുമാറുന്ന പക്ഷിപോല്‍
വാടക വീടൊഴിഞ്ഞിന്നു-
പോവുകയാണു ഞാന്‍
മണ്‍ വിളക്കും ഈ പാത്രങ്ങളും
എന്റെ പൊന്മുളം തണ്ടുമൊക്കെയായിതാ
പോകയായി ഞാന്‍ യാത്ര ചോദിയ്ക്കാതെ
പോവതെങ്ങനെയെന്നോര്‍ത്തു നിന്‍ മുന്നില്‍
വന്നു നില്‍ക്കുവെ മിണ്ടുവാനാവുന്നീല്ല
അന്തരശ്രുക്കള്‍ വാക്കുകളാവുമോ
അക്ഷരങ്ങളായ് പൊട്ടിവിരിയാത്ത
ദുഃഖ ബീജങ്ങള്‍ എത്രയുണ്ടെന്നുള്ളില്‍
ഈ ചെറു മാത്ര പൊട്ടി തിളര്‍ന്നിങ്ങു
ഒരഗ്നിമേഘം ഉരുണ്ടു കൂടുന്നുവോ
മാപ്പു നല്‍കൂ പ്രിയ വനജ്യോത്സനേ
നീ മാപ്പു നല്‍കുമോ സ്നേഹിച്ച തെറ്റിനായ്..

നിന്നെയാദ്യമായ് കണ്ടതെന്നാകിലും
അന്നുതൊട്ടെന്റെ ഉള്‍തേനറകളില്‍
നിന്‍ തുഷാര ധവള മനോഹര
മന്ദ സുസ്മിത കാന്തിയും, മാധക-
ഗന്ധവും സംഭരിച്ചു ഞാന്‍ ഏകാന്ത-
ബന്ധുര നിമിഷങ്ങളില്‍ മോന്തുവാന്‍
കണ്ണ്വ പുത്രിയെ കൊണ്ട് വനജ്യോത്സന
എന്നരോമന പേര്‍ വിളിപ്പിയ്ക്കവേ
ആ ചതുരാക്ഷരിയില്‍ ഒതുക്കിയെന്‍
അര്‍ച്ചന ലോല ഭാവാനുഭൂതികള്‍
ഏതു മാലിനി തീരത്തിലാകിലും
ഏതു മണ്‍കുടില്‍ മുറ്റത്തിലാകിലും
ഏതു നന്ദനോദ്യാനത്തിലാകിലും
ഏതഗമ്യ വനാന്തത്തിലാകിലും
നിന്റെ നിശ്വാസ സൌരഭം
ശേഖരിച്ചെന്റെ തീരത്തടുത്തിടും വഞ്ചികള്‍
നിത്യഭാസുരം ഭാവസ്ഥിരമെത്ര
ഹൃദ്യമീ ജനലാന്തര സൌഹൃദം
നാമടുത്തും അകന്നും യുഗപരിണാമ
ലീലതന്‍ വൃന്ദ ഗാനങ്ങളില്‍
നീന്തിടും സ്വര ബിന്ദുക്കളീ വിധം
നീണ്ടു പോകുന്നു യോഗവിയോഗങ്ങള്‍
നീന്തിടും സ്വര ബിന്ദുക്കളീ വിധം
നീണ്ടു പോകുന്നു യോഗവിയോഗങ്ങള്‍

ആദ്യമായ് ഈ പടികടന്നെത്തിയോ-
രാദിനാന്തത്തില്‍ ഞാനുമെന്നോര്‍മ്മയും
മണ്‍വിളക്കിന്‍ വെളിച്ചത്തിലീ
ചെറു മന്ദിരത്തിന്റെയുമ്മറ തിണ്ണയില്‍
ദൂര ദര്‍ശന ശ്യാമങ്ങളാം
ഗഖ തീരകോടിതന്‍ അവ്യക്ത രേഖകള്‍
നോക്കി വീര്‍പ്പിട്ടിരിയ്ക്കവെ കണ്ടു ഞാന്‍
പൂക്കണിയുമായ് മുറ്റത്ത് നില്‍പ്പു നീ
വെണ്ണിലാവൊളി എണ്ണ പുരട്ടിയ
വെണ്‍മലര്‍ത്തിരി നീട്ടി ചിരിച്ചു നീ
ഹാ നിതാഗ നിരാര്‍ദ്രത വാട്ടിയ മേനി
യെങ്കിലും പണ്ടത്തെയാ ചിരി
താന്നി തൊണ്ട നനയ്ക്കുന്നതിന്‍ മുന്‍പ്
താമരക്കയ്യാല്‍ തണ്ണീര്‍ പകരുവാന്‍
കണ്ണ്വ നന്ദിനീയില്ലാത്തൊരു മുറ്റത്ത്
യെന്നു വന്നു നീ എന്തിനു വന്നു നീ

യെന്തൊരന്തരം യെങ്ങുജ്ജയ്നി
ഈ ചന്ത വക്കെങ്ങ് നിന്നാദ്യ പുഷ്പത്താല്‍
വാസിതമായ വാടികയെങ്ങ്
യെങ്ങീ വാടകവീട്ടിലിത്തിരി മുറ്റവും

എങ്കിലും നിലനില്‍ക്കുന്നു നാം കാല-
മെന്തിനോ നിലനിര്‍ത്തുന്നു നമ്മെയും
അന്തരാത്മാവില്‍ ഈ യുഗമേല്‍പ്പിച്ച
നൊമ്പരങ്ങളുമായിങ്ങു കൂടി നാം
നിന്റെ നിശ്വാസ സൌരഭമീ യുഗത്തിന്റെ
ജീര്‍ണ്ണ ദുര്‍ഗ്ഗന്ധത്തെ വെല്ലുമോ
എന്‍ മുളം തണ്ടിലൂടെ വിടര്‍ന്നിടും
എന്റെ നിശ്വാസ പുഷ്പകോശങ്ങളില്‍
ഈ യുഗത്തിന്റെ ദാഹം ശമിപ്പിയ്ക്കും
ശീമബ്ദിയില്‍ ലഹരി തുളുമ്പുമോ
ക്രോധ മൂര്‍ച്ചയില്‍ നിന്നു ക്ഷണമാത്ര
മോചനത്തിന്‍ അമൃതം കിനിയുമോ
ഈ മുളം തണ്ടിലൂതവേ എന്‍ പ്രിയ
ഭൂമി ഞാന്‍ നിനക്കേകുന്നുതെന്നെയും

കൂടുമാറുന്ന പക്ഷിപോല്‍
വാടക വീടൊഴിഞ്ഞിന്നു
പോവുകയാണു ഞാന്‍
കൂടുമാറുന്ന പക്ഷിപോല്‍
വാടക വീടൊഴിഞ്ഞിന്നു-
പോവുകയാണു ഞാന്‍
മണ്‍ വിളക്കും ഈ പാത്രങ്ങളും
എന്റെ പൊന്മുളം തണ്ടുമൊക്കെയുമായിതാ
പോകയാണു ഞാന്‍ ആ പുനര്‍ദര്‍ശന
ഭാഗദേയമാം സ്വപ്നം വിരിയുമോ
പോയ് വരട്ടെ ലതാഭഗിനി
നിന്‍ പൂവിരിയാത്ത ലോകമുണ്ടാകുമോ
മാപ്പു നല്‍കൂ പ്രിയ വനജ്യോത്സനേ
നീ മാപ്പു നല്‍കുമോ സ്നേഹിച്ച തെറ്റിനായ്..
വേദനിയ്ക്കിലും വേദനിപ്പിയ്ക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍
വേദനിയ്ക്കിലും വേദനിപ്പിയ്ക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍

Tuesday, March 1, 2016

മോഹം - ഒ എന്‍ വി കുറുപ്പ്

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം

അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

യാത്ര - ഒ എന്‍ വി കുറുപ്പ്

വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം
വേദനകൾ പങ്കു വയ്ക്കുന്നു..
കരളിലെഴുതീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു...
കൊച്ചു സുഖദുഃഖ മഞ്ചാടി മണികൾ ചേർത്തു വച്ചു
പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങൾ
നമ്മളും, വിരിയുന്നു യാത്ര തുടരുന്നു...
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ..?
എങ്കിലും, സന്ധ്യയുടെ കൈയീലെ സ്വർണവും
പൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻ തുള്ളിയും
പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും
മൌനപാത്രങ്ങളിൽ കാത്തു വച്ച മാധുര്യവും...
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും പേറി
ഞാൻ യാത്ര തൂടരുന്നു....
മുറതെറ്റിയെത്തുന്നു ശിശിരം
വിറകൊൾവൂ തരു നഗ്ന ശിഖരം
ഒരു നെരിപ്പോടിന്റെ ചുടു കല്ലുകൾക്കിടയിൽ
എരിയുന്നു കനലുകൾ കെടുന്നു..
വഴിവക്കിൽ നിന്നേറ്റി വന്ന വിറകിൻ കൊള്ളി
മുഴുവൻ എരിഞ്ഞു തീരുന്നു....
ഒടുവിലെന് ഭാണ്ഡത്തിൽ ഭദ്രമായി സൂക്ഷിച്ച
തുടു ചന്ദന തുണ്ടു വിറകും അന്ത്യമായി കൺ ചിമും
അഗ്നിക്കു നൽകി ഞാൻ പാടുന്നു നീണ്ടൊരീ യാത്രയിൽ
തളരുമെൻ പാന്ഥേയമാകുമൊരു ഗാനം...
ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും
ഒരു നാൾ കവർന്നു പറന്നു പോകാം
നിഴലായ്...നിദ്രയായ് പിന്തുടർന്നെത്തുന്ന
മരണമേ...നീ മാറി നിൽക്കൂ....
അതിനു മുമ്പ് അതിനുമുമ്പ് ഞാൻ പാടട്ടെ..
അതിലെന്റെ ജീവനുരുകട്ടെ...
അതിലെന്റെ മണ്ണു കുതിരട്ടെ ...
ഇളകട്ടെ അതിനിടയിൽ ഞാൻ വീണുറങ്ങട്ടെ..

വേനല്‍ കുറിപ്പുകള്‍ - ഒ എന്‍ വി കുറുപ്പ്


മുന്നില്‍ മരിച്ച പേരാറിന്റെ
കാല്‍പ്പാട് ചിന്നി കിടക്കും
മണല്‍ പരപ്പും നോക്കി
എന്നേ മരിച്ച പച്ചപ്പിന്‍
തൊടിയില്‍ ഞാന്‍ വന്നിരിയ്ക്കുന്നു
പകലും മരിയ്ക്കുന്നു..

ആരെ മറവു ചെയ്തു ജഡം
എന്റെ പേരാറിന്‍ ജഡം
മണ്ണീലാഴത്തില്‍ മൂടിയോ
ഇത്തിരി തുണ്ടുകള്‍
മാന്തി പുറത്തിട്ട മട്ടില്‍
അങ്ങിങ്ങ് ചീവെള്ളം കുഴികളില്‍
പാറിപ്പറന്ന് തളര്‍ന്നു വന്നെത്തുന്ന
കൂരിയാറ്റക്കിളി കൂട്ടുകുടുംബവും
അക്കുഴിയില്‍ തലക്കുമ്പിട്ടു നോക്കുന്നു
കൊക്കു നനയ്ക്കാതെ നോക്കിയിരിയ്ക്കുന്നു

പോക്കുവെയിലിന്‍ നുറങ്ങുകളങ്ങിങ്ങ്
തീക്കനല്‍ പോലെ തിളങ്ങുന്നു
തീരത്തെ ആല്‍മരമായിരം പത്രങ്ങളാല്‍
വീശി ആകെ തളര്‍ന്നതുമാതിരി
അപ്പോഴും ഉണ്ണി മണല്‍ത്തരി
ഓരോന്നുമുള്ളിലെ ഉഷ്ണം വമിച്ച്
അതില്‍ത്തന്നെ കിടക്കുന്നു

ദൂരെ നഗരമിരമ്പുന്നു
ജീവന്റെ നാരായ വേരും പറിച്ചെടുക്കുന്നു
അതിന്‍ വേദന നിശബ്ദയായ്
നീ സഹിപ്പതെന്‍ മേദിനി
ഞാനുമറിഞ്ഞു തുടങ്ങുന്നു

ഞാനെന്ന ഗാനം - ഓ എന്‍ വി കുറുപ്പ്

ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ
ഇതിലുണ്ടോ സ്വര്‍ണ്ണ മത്സ്യങ്ങള്‍, മരാളങ്ങള്‍
ഇതിലുണ്ടോ സ്വര്‍ണ്ണ മത്സ്യങ്ങള്‍, മരാളങ്ങള്‍
ഇണചേര്‍ന്നു നീന്തുന്ന നീര്‍ക്കിളികള്‍
ഇതിലുണ്ടോ ശൈവലവലയങ്ങള്‍ വിട്ടുയുര്‍ന്നി-
തള്‍ വിടര്‍ത്തുന്ന നീലോല്പലങ്ങള്‍
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഹൃദയത്തിലിതിനും ഔവ്വാര്‍നല കണികയുണ്ടോ
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഹൃദയത്തിലിതിനും ഔവ്വാര്‍നല കണികയുണ്ടോ
അറിവീല്ലെനിയ്ക്കവ എന്നാലുമീ പുല്ലാങ്കുഴലിലൂടൊഴുകുന്നതീ ഞാനല്ലോ
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ

ചോറൂണ് - ഒ എന്‍ വി കുറുപ്പ്

മോഹിച്ച കണ്ണിനു പൊല്‍കണി പൂക്കളും
ചുണ്ടിന്നു നല്‍തേന്‍ കനികളും
നേദിച്ച് കൈ കൂപ്പി വൈശാഖ കന്യക
മേദിനിതന്‍ നടപ്പന്തലില്‍ നില്‍ക്കവെ
പാഴ്ചെടിയും കടിഞ്ഞൂല്‍ക്കനിയെ തോളിലേറ്റി
നിന്നാഹ്ലാദ നൃത്തം തിമിര്‍ക്കവേ
പാടങ്ങള്‍ ചൈത്രോപവാസ യഞ്ജം കഴിഞ്ഞ്
ആടല്‍ തീര്‍ത്തിത്തിരി ദാഹനീര്‍ മോന്തവേ
കോരിത്തരിച്ചതുപോല്‍ ഇടതൂര്‍ന്ന്
ഇളം ഞാറുകളെങ്ങും വിരിഞ്ഞു നിന്നാടവേ
ഒറ്റവരമ്പിലും നെല്ലിമലരുകള്‍
സര്‍ഗ്ഗ പുളകപ്പൊടിപ്പുകള്‍ കാട്ടവേ
അന്നൊരു പൂംപുലര്‍ വേളയില്‍
ഈ വയല്‍ ചന്തം നുകര്‍ന്ന്
നുകര്‍ന്നു നടന്നുപോയ് നാം ഇരുപേര്‍
നിന്‍ ചുമല്‍ ചേര്‍ന്നു കുഞ്ഞുമോന്‍
ഓമല്‍ തളിര്‍ വിരലുണ്ടുറക്കമായ്
തെച്ചിപ്പഴങ്ങള്‍ അടര്‍ത്തി
സൌഗന്ധിക പുഷ്പജേതാവായി
നിന്‍ മുന്നിലെത്തവേ
കുഞ്ഞുമോനിഷ്ടകുമെന്നോതി
നിന്റെ കൈക്കുമ്പിളില്‍
തന്നെയൊതുക്കി നിന്നോഹരി
യെത്ര വേഗം വീണ്ടുമോമനേ നിന്നിലെ
കൊച്ചു കുസൃതിക്കുടക്കയൊരമ്മായായ്
ഓമല്‍ കളിത്തോഴരൊത്തു നീ ഈ വഴി
ഓടിക്കളിച്ചതാണെത്രയോ വത്സരം
ചെത്തി പഴങ്ങള്‍, മയില്‍പ്പീലികള്‍,
വളപൊട്ടുകള്‍, ചോക്കിന്‍ കഷണങ്ങളാലുമേ
പിഞ്ചു ഹൃദയങ്ങള്‍ കെട്ടിപ്പടുത്തതാ
അഞ്ചിത സൌഹൃദ കേളീ ഗൃഹങ്ങളെ
കാതരമാകുമുള്‍ക്കണ്ണുകളാല്‍ സഖീ
തേടുകയോ വീണ്ടുമീ വഴിവക്കിനെ
യെന്നാലരക്കില്ലമെല്ലാം കരിഞ്ഞുപോയ്
ഇന്നതിന്‍ ധൂമസുഗന്ധമാണോര്‍മ്മകള്‍
പാടവും കൈതമലര്‍പ്പോള ചൂടിയ കാടും
മുളം കിളി പാടും തണല്‍കളും
പണ്ടൊരവില്‍ പൊതി നേടിയ ഭാഗ്യങ്ങള്‍
വഞ്ചിതുഴഞ്ഞുപോകുന്നവര്‍ പാടുന്ന കായലും
കൊറ്റികള്‍, കൊച്ചു കൊതുമ്പുവള്ളങ്ങളും,
നിശ്ചലം ജീവിതം കാട്ടുന്ന തീരവും
ചൂടി പിരിയ്ക്കുന്ന റാക്കിന്റെ
വാദ്യസംഗീതമലയടിയ്ക്കുന്ന തൊടികളും
കാനന മൈന വിരുന്നു വരാറുള്ള
കാവും, കളരിയും, ആമ്പല്‍ കുളങ്ങളും
എന്റെയുള്‍നാട്ടിനഴകുകളോര്‍ത്തു ഞാന്‍
എങ്കിലും നിന്നിലസൂയയാര്‍ന്നെന്‍ മനം
എല്ലാം വളരുന്നു പൂക്കുന്നു
കായ്ക്കുന്നതിലെല്ലാറ്റിനും
വളക്കൂറുറ്റതിന്‍ നിലം
എല്ലാം വളരുന്നു പൂക്കുന്നു
കായ്ക്കുന്നതിലെല്ലാറ്റിനും
വളക്കൂറുറ്റതിന്‍ നിലം
പൂഴിതന്‍ അക്ഷയപാത്രത്തില്‍
നിന്നൊരേ സൂര്യന്റെ
ചൂടും വെളിച്ചവും ഒന്നുപോല്‍
വര്‍ണ്ണങ്ങള്‍, ചൊല്ലുകള്‍ വെവ്വേറെയെങ്കിലും
ഒന്നിച്ചുകൂടി കഴിഞ്ഞതാണിന്നിലം
കൊച്ചുമകനെ മടിയിലിരുത്തി
മുത്തച്ഛനാ കുഞ്ഞിക്കരങ്ങള്‍ കൂട്ടിയ്ക്കവെ
പിന്നെയാ നേദിച്ചെടുത്ത വിശുദ്ധമാം
അന്നവും ഉപ്പും കലര്‍ത്തി നല്‍കീടവേ
മുത്തരിപ്പല്ലുമുളയ്ക്കാത്ത വായ് മലര്‍
പുത്തനായ് എന്തോ നുണഞ്ഞറിഞ്ഞീടവേ
പൂത്തിരി കത്തിയ്ക്കേ
ബന്ധു ജനാഹ്ലാദവായ്ത്താരികള്‍
എന്മനം തുടിക്കൊട്ടവേ
പൂത്തിരി കത്തിയ്ക്കേ
ബന്ധു ജനാഹ്ലാദവായ്ത്താരികള്‍
എന്മനം തുടിക്കൊട്ടവേ
മെല്ലെ കുനിഞ്ഞു നിന്നുണ്ണിതന്‍
ചുണ്ടുകള്‍ക്കുള്ളിലായ്
തെച്ചിപ്പഴമൊന്നു വെച്ചു നീ
ഭൂമിതന്‍ ഉപ്പുനുകര്‍ന്നു നീ പൈതലേ
ഭൂമിതന്‍ ഉപ്പായ് വളരുകന്നിങ്ങിനെ
പാടുകയായിതന്‍ മൌനം ഒരു ഈരടി
കൂടികുളിര്‍ക്കാറ്റു മൂളി പറന്നുപോയ്
പാടുകയായിതന്‍ മൌനം ഒരു ഈരടി
കൂടികുളിര്‍ക്കാറ്റു മൂളി പറന്നുപോയ്
ഉണ്ണീ മറയ്ക്കായ്ക പക്ഷീ
ഒരമ്മതന്‍ നെഞ്ചില്‍ നിന്നുണ്ട
മധുരമൊരിയ്ക്കലും
എന്റെയുള്‍ക്കണ്ണില്‍ പൊടിഞ്ഞൊരു-
അശ്രുക്കളും കണ്ടില്ല
എങ്കിലും പിന്നെയും കണ്ടു നാം
പുണ്യനിളാനദി പാലമൃതൂട്ടുന്ന
പൊന്നിളവെയിലായ് നാമാമണപ്പുറത്തും

ശ്രാവണ സംഗീതം - ഒ എന്‍ വി കുറുപ്പ്


ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെണ്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി

പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ
പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ
തൊട്ടുണര്‍ത്തീടുന്നു പിന്നെയിളം വെയില്‍ മുത്തുകളീ ക്കിളി കൂട്ടില്‍
തെച്ചി പഴങ്ങളിറുത്തു കൊണ്ടോടുന്ന തെക്കന്‍ മണിക്കാറ്റുവോതി
പാടുക വീണ്ടും സുവര്‍ണ്ണ ശലഭങ്ങള്‍ പാറി പറക്കുന്നു ചുറ്റും

കൊക്കുവിടര്‍ത്തുന്നീതെണ്ണിലേകേന്ത തത്തമാര്‍ നീടത്തുന്നുള്ളില്‍
ആ കൊച്ചു ശാരിക ഭൂമികന്യക്കെഴും ദുഃഖങ്ങള്‍ പാടിയ തയ്യല്‍
നാടു വെടിഞ്ഞു പോം നമ്മകള്‍ തന്‍ കഥ പാടിയ പൈങ്കിളി പൈതല്‍
കൊക്കില്‍ ചുരന്ന നറുതേന്‍ നുകര്‍ന്നെന്‍ കൊച്ചു ദുഃഖങ്ങളുറങ്ങൂ
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍

ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ ഈ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെന്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി