Showing posts with label Pachakkuppi. Show all posts
Showing posts with label Pachakkuppi. Show all posts

Wednesday, March 9, 2016

മഴ - എം ആര്‍ രേണുകുമാര്‍

ബെല്ലടിക്കുമ്പോള്‍
ക്ലാസ്സിലേക്ക്
ഞങ്ങളോടൊപ്പം മഴയും
ഓടിക്കയറും
ബെഞ്ചില്‍
ഡെസ്കില്‍
മേശപ്പുറത്ത്
ആരോടും ചോദിക്കാതെ
തോന്നിയിടത്തൊക്കെ
കയറിയിരിക്കും
ആരു പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിന്റെ പേരു വെട്ടാന്‍
കടലാസു കപ്പല്‍
മുങ്ങുമ്പോള്‍
വീട്ടിലേക്ക്
ഞങ്ങളോടൊപ്പം മഴയും
ഓടിക്കയറും
കൊരണ്ടിയില്‍
തഴപ്പായില്‍
കയറ്റുകട്ടിലില്‍
കണ്ടയിടത്തൊക്കെ
കയറിയിരിക്കും
ആരു പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിനെ എടുത്തെറിയാന്‍
ഞങ്ങളുടെ
സ്കൂളിന്റെ പുറകിലായിരുന്നു
മഴയുടെ സ്കൂള്.
ഞങ്ങളുടെ
വീടിന്റെ പുറകിലായിരുന്നു
മഴയുടെ വീട്.
ആകയാല്‍
പോക്കും വരവും
ഒരുമിച്ചായി.
തീറ്റയും കുടിയും
ഒരു പാത്രത്തീന്നായി.
കെട്ടിപ്പിടിച്ചുറക്കം
ഒരു പായിലായി.
ഞങ്ങള്‍ക്ക്
പനി വരുമ്പോള്‍ മാത്രം
ഇറയത്തേക്കിറങ്ങിനിന്നാ
മഴ കണ്ണു തുടയ്ക്കാനും
മൂക്കു പിഴിയാനും തുടങ്ങും
          

അപ്പോള്‍- എം ആര്‍ രേണുകുമാര്‍

നനഞ്ഞ
കൈയുകള്‍
പാവാടയില്‍
തുടച്ചിട്ട് വാസന്തി
പകര്‍ത്തുബുക്ക്
തുറക്കുകയായിരുന്നു
രാഹുലന്‍
മീനയുടെ ചെവിയില്‍
ഒരു കുഞ്ഞുരഹസ്യത്തിന്റെ
ചുരുള്‍ നിവര്‍ത്തുകയായിരുന്നു
നിഖില്‍ നബീസുവിന്റെ
പട്ടുകുപ്പായത്തിന്റെ
പളപളപ്പില്‍ കണ്ണുമഞ്ചി
ഇരിക്കുകയായിരുന്നു
കാര്‍ത്തിക്
പൊട്ടിപ്പോയ
വള്ളിച്ചെരുപ്പ്
ശരിയാക്കുകയായിരുന്നു
അമ്മിണിടീച്ചര്‍
തലേദിവസത്തെ
എഴുത്തുകള്‍ ബോര്‍ഡേന്ന്
തുടച്ചുകളയുകയായിരുന്നു
അപ്പോഴായിരുന്നു
മാനമിരുണ്ടതും
മഴ പെയ്തതും
കാറ്റിന്റെ ചങ്ങലയറ്റതും
ഒരു മരം പൊടുന്നനെ.....