Showing posts with label Mazha. Show all posts
Showing posts with label Mazha. Show all posts

Thursday, March 24, 2016

മഴ - വിജയലക്ഷ്മി

രാത്രിവീണയുമായിഏകാകിയാം
യാത്രികന്‍ വന്നു
വീണ്ടുമീ കര്‍ക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാള്‍ മുമ്പിലെന്നപോല്‍
ജന്നലില്‍ ഒറ്റമിന്നലില്‍
വീണ്ടും പഴയ ഞാന്‍
കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍
ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരീ
മഴചാറ്റലിന്‍ ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും

ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനരാദുഃഖവും

നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഢവും
ചൂടി അന്നു നടന്ന വഴികളില്‍
വേനലായ് മഞ്ഞുവന്നുപോയ്
പിന്നെയോ പിന്നെയോ കാനല്‍മാത്രം കടുത്തു
വരള്‍ച്ചയില്‍ കാട്ടുപൂക്കള്‍ കടലാസുപൂക്കളും
കാത്തു നമ്മളില്‍ കാടും നഗരവും

കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു ഞാന്‍
നിന്റെ തേരുരുള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കില്ലൊരിയ്ക്കലുമാക്കടം
തീയെരിഞ്ഞ തിരശ്ശീല ഞാന്നൊര-
പ്പോയകാലജലച്ചായ ശേഖരം
നീ വരുമ്പോള്‍ തുറക്കുകയാണു ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണു ഞാന്‍

ആടിമാസമേ നിന്നസിതം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
പുല്‍ക്കൊടികളില്‍ പൂഴിയില്‍ വീണു നീ
പുഷ്പമായും പരാഗമായും
മഹാവൃക്ഷമാകേണ്ട ബീജമായും മാറും
അത്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍
ഛന്നമായ് നിന്‍ കുളിര്‍മ്മയിലേയ്ക്കു
തന്‍ സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവില്ലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ട നിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും

ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
രാവുനീന്തിക്കടക്കെ ഉച്ചത്തിലായ്
ദൂരെ തിത്തിരിപക്ഷിതന്‍
രോദനം പോലെ മാറ്റൊലിക്കൊള്‍കെ
മറ്റൊന്നുമില്ലാടിമാസമേ
ആടിമാസമേ നിന്നസിതം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍

Friday, March 11, 2016

മഴ - ബാലചന്ദ്രന്‍ ചുള്ളിക്കാട്


ഒരു മഴപ്പൊടി നിന്റെ കൺപീലിയിൽ
സ്ഫടികബിന്ദുപോൽ മിന്നിത്തിളങ്ങുന്നു.
അതിലൊരായിരം ദീപങ്ങൾ കത്തുമെൻ
പ്രണയതാരകക്ഷേത്രം വിളങ്ങുന്നു!

Wednesday, March 9, 2016

മഴ - എം ആര്‍ രേണുകുമാര്‍

ബെല്ലടിക്കുമ്പോള്‍
ക്ലാസ്സിലേക്ക്
ഞങ്ങളോടൊപ്പം മഴയും
ഓടിക്കയറും
ബെഞ്ചില്‍
ഡെസ്കില്‍
മേശപ്പുറത്ത്
ആരോടും ചോദിക്കാതെ
തോന്നിയിടത്തൊക്കെ
കയറിയിരിക്കും
ആരു പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിന്റെ പേരു വെട്ടാന്‍
കടലാസു കപ്പല്‍
മുങ്ങുമ്പോള്‍
വീട്ടിലേക്ക്
ഞങ്ങളോടൊപ്പം മഴയും
ഓടിക്കയറും
കൊരണ്ടിയില്‍
തഴപ്പായില്‍
കയറ്റുകട്ടിലില്‍
കണ്ടയിടത്തൊക്കെ
കയറിയിരിക്കും
ആരു പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിനെ എടുത്തെറിയാന്‍
ഞങ്ങളുടെ
സ്കൂളിന്റെ പുറകിലായിരുന്നു
മഴയുടെ സ്കൂള്.
ഞങ്ങളുടെ
വീടിന്റെ പുറകിലായിരുന്നു
മഴയുടെ വീട്.
ആകയാല്‍
പോക്കും വരവും
ഒരുമിച്ചായി.
തീറ്റയും കുടിയും
ഒരു പാത്രത്തീന്നായി.
കെട്ടിപ്പിടിച്ചുറക്കം
ഒരു പായിലായി.
ഞങ്ങള്‍ക്ക്
പനി വരുമ്പോള്‍ മാത്രം
ഇറയത്തേക്കിറങ്ങിനിന്നാ
മഴ കണ്ണു തുടയ്ക്കാനും
മൂക്കു പിഴിയാനും തുടങ്ങും