Showing posts with label എന്‍ വി കൃഷ്ണവാര്യര്‍. Show all posts
Showing posts with label എന്‍ വി കൃഷ്ണവാര്യര്‍. Show all posts

Tuesday, October 28, 2025

പുസ്തകങ്ങൾ - എൻ വി കൃഷ്ണവാര്യർ

 


പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?

പുസ്തകങ്ങളിൽ വിസ്മയമുണ്ട്;

പുസ്തകങ്ങളിലാനന്ദമുണ്ട്;

പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്!

1

പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?

പുസ്തകങ്ങളിൽ വിസ്മയമുണ്ട് !

നമ്മളേപ്പോലൊരുത്തനീ മണ്ണിൻ

ബന്ധനം വിട്ടുയർന്നതാം കാര്യം,

വെന്തെരിയുന്ന റോക്കറ്റിലേറി

ചന്ദ്രനിൽ ചെന്നിറങ്ങിയ കാര്യം,

ചാടിയോടിക്കളിച്ചു കൂത്താടി

 ചന്ദ്രപ്പാറ പെറുക്കിയ കാര്യം,

വാഹനമേറി വീണ്ടുമിങ്ങെത്തി

വാരിധിയിലിറങ്ങിയ കാര്യം,

ദൂരദർശനപ്പെട്ടിയിൽ നാട്ടാർ

ധീരതയിതു കണ്ടതാം കാര്യം:

പുസ്തകങ്ങളിലിമ്മട്ടിലെത്ര

വിസ്മയങ്ങൾ നിറഞ്ഞിരിക്കുന്നു!

2

പുസ്തകങ്ങളിൽപ്പിന്നെയെന്തുണ്ട്?

പുസ്തകങ്ങളിലാനന്ദമുണ്ട് !

 രാജപുത്രൻ കരബലത്താലേ

രാജപുത്രിയെ വേട്ടതാം കാര്യം,

 രണ്ടാമമ്മതന്നേഷണിമൂലം

 രണ്ടുപേരും വനം ചേർന്ന കാര്യം,

 ദുഷ്ടരാക്ഷസൻ സുന്ദരിയാളെ-

 ക്കട്ടു കോട്ടയിൽ പൂട്ടിയ കാര്യം,

 കാനനങ്ങളിൽ രാജകുമാരൻ

 കാന്തയേത്തേടി ക്ലേശിച്ച കാര്യം,

ശത്രുവെച്ചെന്നു നേരിട്ടു കൊന്നു

 പത്നിയെ വീണ്ടെടുത്തതാം കാര്യം:

പുസ്തകങ്ങളിലാനന്ദമേകു-

മെത്രയെത്ര കഥകളുണ്ടെന്നോ !

3

പുസ്തകങ്ങളിൽ വേറെയെന്തുണ്ട്?

പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്!

ആദിമാബ്ധിജലത്തിലന്നെന്നോ

ജീവബിന്ദു നുരഞ്ഞതാം കാര്യം,

ഒന്നനേകമായ്, സൂക്ഷ്മം മഹത്തായ് -

പ്പിന്നെ ജീവൻ വളർന്നതാം കാര്യം,

ശ്ലിഷ്ടമാം പരിണാമസോപാന-

ത്തട്ടിൽ മേല്പോട്ടതേറിയ കാര്യം.

മർത്ത്യനിൽ സ്വയം ബോധത്തെ നേടി

സൃഷ്ടി സാഫല്യമാർന്നതാം കാര്യം,

ജ്ഞാനപൂർത്തിയിൽ ജീവിതസത്യം

മാനവൻ കാണുമെന്നുള്ള കാര്യം:

പുസ്തകങ്ങളിൽ സഞ്ചിതമത്രേ

മർത്ത്യവിജ്ഞാനസാരസർവസ്വം !

Saturday, July 23, 2016

ചെരാത് - എന്‍ വി കൃഷ്ണവാര്യര്‍

എണ്ണ വറ്റിയാല്‍ക്കെടും
മണ്‍ചെരാതിലെത്തിരി.,
പിന്നെയാവെട്ടം പൊന്‍പൂ-
വിടുമിത്തിരി വട്ടം.
ഇരുളും.,അപ്പോഴേക്കും
മറ്റു വെട്ടങ്ങളങ്ങോ-
ട്ടൊഴുകും.,സംസാരത്തി-
ന്നുണ്മയിങ്ങനെയല്ലോ.
അതിനാല്‍ മാഴ്കായ്കനീ-
യെന്‍ ഹൃദന്തമേ നിന്നില്‍-
ക്കതിര്‍ വീശി നിന്നൊരാ
മണ്‍ചെരാതിനെപ്പറ്റി.
അതുടഞ്ഞുപോയ്.,പക്ഷേ
സ്നേഹത്തിന്‍ പരിമളം
ചിതറുമതിന്‍ വെട്ടം
നിന്നിലോര്‍മ്മയായില്ലേ?