Showing posts with label മുരുകന്‍ കാട്ടാക്കട. Show all posts
Showing posts with label മുരുകന്‍ കാട്ടാക്കട. Show all posts

Friday, November 24, 2017

കളഞ്ഞുപോയ സുഹൃത്ത് - മുരുകന്‍ കാട്ടാക്കട

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും
ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും
പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ
പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ
ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌…
ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍
ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍
പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും
പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും

Thursday, March 16, 2017

കൂട്ടുകാരി - മുരുകൻ കാട്ടാക്കട

പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരി ?

ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടിവിരിയുമോ പാട്ടുകാരീ ?
ഇനിയെന്റെയോര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ

നിറമുള്ള ജീവിതസ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായി
ഹിമബിന്ദുയിലയില്‍ നിന്നൂര്‍ന്നു വീഴും പോലെ
സുഭകം ക്ഷണികം ഇതു ജീവിതം

വീണ്ടുമൊരുസന്ധ്യമായുന്നു വിഷാദാര്‍ദ്ര
രാഗമായി കടലുതേങ്ങിടുന്നു
ആരോവിരല്‍ത്തുമ്പുകൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നും മാഞ്ഞതേയില്ലിത്ര നാള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തുവച്ചു
ഒപ്പം നടക്കുവാനാകാശവീഥിയില്‍
ദുഃഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

ഇടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍
ഒരുതുണ്ടു വെട്ടം കടന്നുവന്നു
ഓര്‍മപ്പെടുത്തലായപ്പൊഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

കൂട്ടിക്കുറച്ചു ഗുണിക്കുമ്പോഴൊക്കയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നു വീണു

ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി ?
പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ
ചോദ്യം വിഷാദം പൊതിഞ്ഞുതന്നു

ഒറ്റയ്ക്കിരിക്കുമ്പോഴോക്കെയും കണ്ണുനീരൊ-
പ്പമാ പാഥേയമുണ്ണുന്നു ഞാന്‍

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു കരയുവാന്‍

കണ്ണീരു കൂട്ടിനില്ല!

നിരാലംബന്‍ - മുരുകൻ കാട്ടാക്കട

സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും

കരയുമ്പോഴാണെനിക്കാത്മസുഖം

ഒറ്റക്കിരിക്കുവാന്‍, സങ്കടത്തീക്കുമേല്‍

വെട്ടിത്തിളങ്ങുവാനേറെയിഷ്ടം

കണ്ണീരിനോടു ഞാനിപ്പോള്‍ പിണക്കമാ -

ണൊറ്റിക്കൊടുക്കുവോനാണു കണ്ണീര്‍

കയ്യില്‍ നിന്നൂര്‍ന്ന പൂ പൊയ്കയില്‍

നീന്തുന്ന കണ്ടു കരഞ്ഞിടും കുട്ടിപോലെ

വര്‍ണങ്ങളൂര്‍ന്നുപോകുന്നതും നോക്കി ഞാന്‍

മിണ്ടാതിരിക്കയാണിന്നു വീണ്ടും

അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിച്ചു

ഒറ്റക്കിരിക്കാമൊരല്പ നേരം

വൈദ്യതസ്പര്‍ശമാകുന്നു, ഞാനൊറ്റക്ക്

വാതിലടച്ചിരിക്കുമ്പോള്‍ നിരാലംബന്‍

നീ അരുതാത്തതു ചെയ്തു നീ നിര്‍മ്മമന്‍

നീ വെറുക്കപ്പെടാനുചിത നീ വാക്കിനാല്‍

നീ തീയകന്നു കരിഞ്ഞ കനല്‍ക്കണം

നീ ഒഴുക്കെന്നോ മറന്ന മഹാനദി

ആരവമാര്‍ത്തിരമ്പൂന്നൂ ഞാനറിയുന്നൂ

ഞാന്‍ കൊടുതിതീര്‍ന്നുത്സവം തീര്‍ന്നൊരങ്കണം

ഞാന്‍ നിരാലംബനാത്മശൂന്യന്‍ വെറും

പേരിന്നു ചലനവും വചനവും പേറുവോന്‍

ഉണരാത്ത പത്മതീർത്ഥങ്ങൾ‌ - മുരുകൻ കാട്ടാക്കട

നിൽക്കുന്നു ഞാൻ പത്മതീർത്ഥത്തക്കുളത്തിന്റെ
ഭിത്തിയിൽ, കയ്യൂന്നി താടി താങ്ങി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ..

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിതൻ‌ ജഢം പോൽ‌
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

ചാരേയൊരാൾ‌ നിൽ‌പ്പൂ, ഏറെ കൃശഗാത്രൻ‌
ഭീതിയോടെങ്കിലും യാചിപ്പൂ
സോദരാ.. പോരൂ വഴുക്കും പടികൾ‌കേറി

പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു
തന്നിലേക്കെറ്റി വീഴ്ത്തുന്നു ബലിഷ്ഠകായൻ‌
ഇറ്റുനേരം കൊണ്ട് ചേറ്റിലേക്കാഴ്ത്തി
തൻ നഗ്നപാദത്താൽ‌ ചവിട്ടി നിന്നു

പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
പാതിയിൽ നിർ‌ത്തിയ ജന്മകർ‌മ്മങ്ങളെ
പാടേ മറന്നുഛ്വസിക്കാൻ‌ മാത്ര കിട്ടാതെ
ചേറിൽ‌പ്പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞുപോയ്

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

രാജപ്രതാപം മറന്ന മേത്തൻ‌മണി
വാ തുറന്നൊച്ചയുണ്ടാക്കാതെ പൂട്ടി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ

ആരോ പറയുന്നുണ്ടെന്തു ഭാഗ്യം
‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം
എത്ര നേരം കുമിള പൊന്തുമെന്നെണ്ണുവാൻ‌
കുട്ടികൾ മാത്സര്യമേറ്റിടുന്നു

കോളപ്പരസ്യത്തിനൊപ്പമാ
പ്രേക്ഷകർ‌ കോരിത്തരിക്കുമീ കാഴ്ച പകർ‌ത്തുവാൻ‌
ചാനൽ‌പ്പരുന്ത് പറക്കുന്നു ചുറ്റിലും

നിശ്ശബ്ദരായ് കാഴ്ച കാണുവാൻ
കൽ‌പ്പിച്ചുനിൽക്കുന്നു നിശ്ചലം നിയമപാലർ
ഫയർ‌ഫോർ‌സ് വണ്ടിയിൽ‌ അക്ഷമരായ്
രണ്ട് രക്ഷകർ‌ തമ്മിൽ പിറുപിറുത്തു..

“ചാവാതിറങ്ങുവാൻ നിയമമില്ലിന്നെത്ര
നേരമായ് കാത്തിരുപ്പാണ് നാശം..”

നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ കരയേറി
നിശ്ചലം നിന്നോർ മടക്കമായി
നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ‌ കരയേറി
നിശ്ചലം നിന്നോർ മടക്കമായി..
കത്താക്കരിന്തിരിയായി നമ്മിൽ നന്മകൾ
കല്ലുകൊത്തിപ്പണിഞ്ഞു മനസു തമ്മിൽ..

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്..!

ഒരു നാത്തൂൻ പാട്ട് - മുരുകൻ കാട്ടാക്കട

നാത്തൂനേ നാത്തൂനേ

നാമെങ്ങോട്ടോടണു നാത്തൂനേ ?

നാടോടുമ്പം നടുവേ ഓടണു

നടുവൊടിഞ്ഞില്ലെങ്കിലിരുന്നോളൂ

നാത്തൂനേ നാത്തൂനേ

നാമെന്ത് കുടിക്കണു നാത്തൂനേ?

കാടിയെ മൂടിയും കോളമൂടാതെയു-

മാടിക്കും മോടിക്കുമെന്ത് ചേതം!

നാത്തൂനേ നാത്തൂനേ

നാമെന്തൊക്കെ തിന്നണു നാത്തൂനേ?

ചേര നടുക്കണ്ടം ചോരകലക്കിയ

പാരമ്പര്യക്കുരു ചെന്നായം

നാത്തൂനേ നാത്തൂനേ

നാമെന്താണറിയണേ നാത്തൂനേ?

കണ്ടാലറിയാത്ത കൊണ്ടാലറിയണ

കണ്ടുകെട്ടൽ കടച്ചെണ്ടകൊട്ടൽ

നാത്തൂനേ നാത്തൂനേ

നാമെന്ത് കളഞ്ഞിന്നു നാത്തൂനേ

ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺതരി

നാട്ടുമാവിൻ ചുന നാട്ടുമണം

നാത്തൂനേ നാത്തൂനേ

നാമാരൊക്കെയെന്തൊക്കെ നാത്തൂനേ

ആയിരം ജാതികളായിരം ചേരികൾ

അമ്പതിനായിരം നീയും ഞാനും

നാത്തൂനേ നാത്തൂനേ

നാമോടിയടുക്കണതെങ്ങോട്ട്?

വെള്ളത്തൊലിയുള്ള പുള്ളിയുടുപ്പിട്ട

കങ്കാണിമാളക്കുടുക്കിലേക്ക്

കങ്കാണിമാളക്കുടുക്കിന്നെന്തൊക്കെ

കാത്തിരിപ്പുണ്ടെന്റെ നാത്തൂനേ

കുപ്പിയിൽ വെള്ളത്തിനഞ്ച് കാശ്

ജീവവായു പൊതിഞ്ഞതിനെട്ട് കാശ്

സെന്റ് പുരണ്ട വിയർപ്പ് മണം പിന്നെ

ഓട്ടക്കാലഞ്ചണ വിറ്റുബാക്കി

കാണം വിറ്റാലെന്ത് നാണംവിറ്റാലെന്തി-

ന്നോണം വിറ്റാലെന്ത് നാത്തൂനേ

ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ

ഞാനോടട്ടെ നാത്തൂനേ നിന്റെ

പോഴവും വേഴവും പിന്നെ പിന്നെ

Tuesday, February 21, 2017

രക്തസാക്ഷി - മുരുകൻ കാട്ടാക്കട

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു -
രക്തതാരകം രക്തസാക്ഷി.....

മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു -
ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി....
പ്രണയവും പൂക്കളും ശബളമോഹങ്ങളും -
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും.......
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ -
വേരിന്നു വെള്ളവും വളവുമായൂറിയോന്‍....
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........

ശലഭവര്‍ണക്കനവ്‌ നിറയുന്ന യൗവനം -
ബലിനല്‍കി പുലരുവോന്‍ രക്തസാക്ഷി...
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന -
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി...

അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍-
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍..
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല സത്യത്തിനൂര്‍ജ്ജമായ് ഊറ്റിയോന്‍ രക്തസാക്ഷി..

എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോന്‍ രക്തസാക്ഷി.....
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി..........

രക്തം നനച്ചു മഹാകല്പവൃക്ഷമായ് സത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍....
അവഗണന അടിമത്ത അപകര്‍ഷ ജീവിതം
അധികാര ധിക്കാരമധിനിവേശം.....
എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ-
കൊടുങ്കാറ്റു രക്തസാക്ഷി......

തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി..........
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........

ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍ -
ഒരിടത്തവന്നു ഭഗത്സിംഗ് പേര്‍.........
ഒരിടത്തവന്‍ യേശുദേവനെന്നാണ്-
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍.........
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും.....
രക്തസാക്ഷീ നീ മഹാ പര്‍വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ....
രക്തസാക്ഷീ നീ മഹാ സാഗരം -
എന്‍റെ ഹൃത്ച്ചക്രവാളം നിറഞ്ഞേ കിടപ്പു നീ.....

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........

Sunday, March 27, 2016

രേണുക - മുരുകന്‍ കാട്ടാക്കട

രേണുകേ നീ രാഗരേണു കിനാവിന്റെ
നീലകടമ്പിന്‍
 പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍
നിന്നു
 നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടുമേഘശകലങ്ങളായ്
അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്തു
വിരഹ മേഘ ശ്യാമ ഘനഭംഗികള്‍

പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം.
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.
എന്നങ്കിലും വീണ്ടും എവച്ചങ്കിലും
കണ്ടുമുട്ടാമന്ന വാക്കുമാത്രം.
നാളെ പ്രതീക്ഷകള്‍ കുങ്കുമപൂവായ്
നാം കടംകൊള്ളുന്നതിത്രമാത്രം.

രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും.

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ....

ഭ്രമമാണുപ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം
എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്

പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ?

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്കു
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷിണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ......

തിരികെ യാത്ര - മുരുകന്‍ കാട്ടാക്കട

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും,
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും!

വാമനന്മാരായ് അളന്നളന്നവരെന്‍റെ
തീരങ്ങളില്‍ വേലിചാര്‍ത്തി
വേദന, പാരതന്ത്ര്യത്തിന്‍റെ വേദന
പോരൂ ഭഗീരഥാ വീണ്ടും!

തുള്ളിക്കളിച്ചു പുളിനങ്ങളെ പുല്‍കി
പുലരികളില്‍ മഞ്ഞാട ചുറ്റിക്കഴിഞ്ഞ നാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്‍തെറ്റി നീരാടി നീന്തിക്കുളിച്ച നാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചു വേര്‍പ്പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേററ്റ് നിര്‍വൃതി
കരളില്‍ തണുപ്പായ് പുതച്ചോരു നാളുകള്‍ .

കെട്ടുപോകുന്നൂ വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുല വേഗം;
ചൂതിന്‍റെയീടു ഞാ,നാത്മാവലിഞ്ഞ് പോയ്‌
പോരൂ ഭഗീരഥാ വീണ്ടും!

എന്‍റെ പൈക്കന്നിനു നീര്‍ കൊടുത്തീടാതെ,
എന്‍റെ പൊന്മാനിനു മീനു നല്‍കീടാതെ,
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്‍കീടാതെ,
കുസൃതി കുരുന്നുകള്‍ ജല കേളിയാടാതെ,

കുപ്പിവളത്തരുണി മുങ്ങി നീരാടാതെ,
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്‍കീടാതെ,
വയലു വാരങ്ങളില്‍ കുളിരു കോരീടാതെ,
യെന്തിന്നു പുഴയെന്ന പേരു മാത്രം?

പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു- 
പോകൂ ഭഗീരഥാ വിണ്ണില്‍ ;
പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു- 
പോകൂ ഭഗീരഥാ വിണ്ണില്‍ !

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി,ക്കാട്ടില്‍ക്കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍,
നീരൂറ്റിപ്പാടം പകുത്തു നല്കി!

തീറ്റയും നല്‍കി തോറ്റങ്ങള്‍ നല്‍കി,
കൂട്ടിന്നു പൂക്കള്‍ പുല്‍മേടു നല്‍കി
പാട്ടും പ്രണയവും കോര്‍ത്തു നല്‍കി,
ജീവന സംസ്കൃതിപ്പെരുമ നല്‍കി!

സംഘ സംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി,പ്പണിക്കാരിയമ്മ പോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍ !

വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നു ഞാന്‍നുത്പന്നമായ്.
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍ !

ഗായത്രി ചൊല്ലാന,രക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്‍ക്കാന്‍ കരാറു കെട്ടി!
നീരുവിറ്റമ്മതന്‍ മാറു വിറ്റു
ക്ഷീരവും കറവ കണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിത പാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നു പോം

ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര,
ഒരു ജലസ്പര്‍ശ മോക്ഷം കൊതിക്കും!
അവിടെയൊരു ശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക.

മാമുനീശാപം മഹാ ശോകപര്‍വ്വം
നീ തപം കൊണ്ടെന്‍റെ മോക്ഷ ഗമനം
ഉള്ളു ചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി,

അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു
ഒരു ശംഖിലാരും തൊടാതെന്‍റെയാത്മാവു
കരുതി വയ്ക്കുന്നു, ഭവാനെയും കാത്തു ഞാന്‍!

വന്നാ കരങ്ങളിലേറ്റുകൊള്‍കെന്നെ,യീ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം!
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു,
വരിക ഭഗീരഥാ വീണ്ടും; വരിക ഭഗീരഥാ വീണ്ടും

രാക്കിളിക്കൊരു മറുപാട്ട് - മുരുകന്‍ കാട്ടാക്കട

പറയുവാനാകാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ 
പറയുവാനാകാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ 
ഇനിയെനിക്കിവിടിരുന്നൊറ്റെക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരീ..
ഇനിയെന്‍ കരള്‍കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടി വിരിയുമോ പാട്ടുകാരീ?
ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരി ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ
നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ

നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായീ
ഹിമബിന്ദു ഇലയില്‍ നിന്നൂര്‍ന്നുവീഴും പോലെ
സുഭഗം ക്ഷണികം ഇതു ജീവിതം

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം 
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം 
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
ഒപ്പം നടക്കുവാന്‍ ആകാശവീഥിയില്‍
ദു:ഖചന്ദ്രക്കല ബാക്കിയായീ
ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

വിടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍
ഒരു തുണ്ട്‌ വെട്ടം കടന്നുവന്നൂ
ഓര്‍മ്മപ്പെടുത്തലായപ്പൊഴും ദുഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റക്ക്‌ തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ?

കൂട്ടികുറച്ചു ഗുണിക്കുമ്പൊഴൊക്കെയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ

ദു:ഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി
പ്രിയമുള്ള രാക്കിളീ
പ്രിയമുള്ള രാക്കിളീ
നീ നിന്റെ പാട്ടിലെ ചോദ്യം
വിഷാദം പൊതിഞ്ഞു തന്നു
ഒറ്റക്കിരിമ്പോളൊക്കെയും കണ്ണുനീരൊപ്പമാ
പാഥേയം ഉണ്ണുന്നു ഞാന്‍ ‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍
കണ്ണീരു കൂട്ടിനില്ല