Showing posts with label പി എന്‍ ഗോപീകൃഷ്ണന്‍. Show all posts
Showing posts with label പി എന്‍ ഗോപീകൃഷ്ണന്‍. Show all posts

Sunday, February 1, 2026

ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയശരിയും -പി. എൻ. ഗോപീകൃഷ്ണൻ



പുന്നയൂർക്കുളത്തു നിന്നും മടങ്ങുന്ന വഴി

ഴാങ്ങ് വാൽ ഴാങ്ങിനെ കണ്ടു. 

മോഡേൺ ബ്രഡ് വാങ്ങി വരികയാണ്.

 

"ഇപ്പോഴാണ് നിങ്ങൾ രാഷ്ട്രീയമായി ശരിയായത്." 

ഞാൻ പറഞ്ഞു.

 

"ആ നോവലിൽ നിന്നും

 പെൻഷൻ പറ്റിയ ശേഷം

 ഞാൻ നേരെയായി."

' അയാൾ പറഞ്ഞു.

 

"ആ നോവലിൽ

ജോലിചെയ്യുന്ന കാലത്ത്,

ഞാൻ

ഇതേ ബ്രഡിന്റെ പിതാമഹനെ മോഷ്ടിച്ചു.

അന്നം തന്നവന്റെ പാത്രം മോഷ്ടിച്ചു.

തെരുവുചെക്കൻ്റെ നാണയം മോഷ്ടിച്ചു.

 

കള്ളപ്പേരിൽ മേയറായി.

നിയമത്തിൽ നിന്നോടിപ്പോയി.

കൊസേത്തിനെ രക്ഷിച്ചു. മരിയൂസിനെ രക്ഷിച്ചു.

ഴാവേറിനെ പറ്റിച്ചു.

ഒന്നും രാഷ്ട്രീയശരി ആയിരുന്നില്ല.

 

Saturday, February 4, 2017

രണ്ട് - പി എൻ ഗോപീകൃഷ്ണൻ

ചെറുപ്പത്തിൽ
ഞാൻ എന്ന് പറയാൻ
പഠിച്ചിട്ടില്ലായിരുന്നു.
അതിനാൽ
ഗോപിയ്ക്കിതുവേണം ഗോപിയ്ക്കതുവേണം
എന്ന്
പറഞ്ഞു കൊണ്ടേയിരുന്നു .

ഞാൻ
മറ്റാരോ ആണെന്ന മട്ടിൽ

അങ്ങനെയാണ്
രണ്ടായത് .

ഒരേ ഉടലിൽ
ഞാനും ഗോപിയും
ഗോപിയും ഞാനും
ഒരുമിച്ചോ
വെവ്വേറെയോ
പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു .

ഗോപി പഠിക്കുമ്പോൾ
ഞാൻ ഉറങ്ങി .
ഗോപി ചമഞ്ഞപ്പോൾ
ഞാൻ നഗ്നനായി .
ഗോപി ടിക്കറ്റെടുത്തപ്പോൾ
ഞാൻ കള്ളവണ്ടി കേറി .

എന്നാൽ
എപ്പോഴും
അവർ എതിരായിരുന്നില്ല .

ഞാൻ രുചിയ്ക്കുമ്പോൾ
ഗോപി സന്തോഷിച്ചു .
ഞാൻ കുടിച്ചപ്പോൾ
ഗോപി നൃത്തം ചെയ്തു .
ഒരാൾ ചിരിയ്ക്കുമ്പോൾ
ഒരാൾ പ്രകാശിച്ചു .

എന്നാൽ
അവർ
പൂരകങ്ങൾ മാത്രവും
അല്ലായിരുന്നു .

ഗോപി ശരീരിയായപ്പോൾ
ഞാൻ അശരീരി .
ഗോപി ഉദ്യാനമൊരുക്കുമ്പോൾ
ഞാൻ കാട് നട്ടു.
ഗോപി കാര്യകാരണങ്ങൾ പറയുമ്പോൾ
വെള്ളത്തിൽ നീളത്തിൽ കാണുന്നത്
മാനത്ത് വട്ടത്തിലാണെന്നു ഞാൻ .

പിന്നീട് ഞാനിൽ ഉറയുമ്പോൾ
ഞാൻ ചോദിക്കുന്നു :
ആരാണ് ഗോപി ?

എന്റെ ഒഴുക്കിനെ
തടസ്സപ്പെടുത്തുന്ന പാറ ?
എന്റെ ഖരം
ദ്രവീകരിക്കുന്ന വേനൽ ?
എന്റെ പ്യുപ്പ
വെട്ടിത്തുറന്ന ശലഭം ?
ഞാനും ഞാനും തമ്മിലുള്ള
സംഭാഷണത്തുടർച്ച ?
ആഴത്തിൽ ഒളിച്ചിരിക്കുന്ന
സ്വവർഗ്ഗ പ്രണയം ?

ഒരിക്കൽ എതിരേ വന്ന്
കൈ തന്നാൽ
ഞാൻ
ഗോപിയെ തിരിച്ചറിയുമോ ?
രാത്രി ബെൽ മുഴങ്ങുമ്പോൾ
ജനൽ മാത്രം തുറന്ന്
ആരാ എന്നാരായുമ്പോൾ
ഇരുട്ടിൽ പതുങ്ങുന്ന ഗോപിയെ
കള്ളനായ് ഞാൻ കരുതില്ലേ ?

അറിയില്ല .

പക്ഷെ
പ്രണയിക്കാൻ
കലഹിക്കാൻ
ഞാൻ ഭയക്കുന്നിടത്തൊക്കെ
ഗോപിയ്ക്ക്
ഒരു കൂസലും ഇല്ല .

ഗോപി എന്ന് ഒപ്പിടുമ്പോഴും
ഗോപീ എന്ന വിളികേട്ട്
തിരിഞ്ഞു നിൽക്കുമ്പോഴും
അയാളിൽ നിന്ന്
ഞാൻ ബഹുദൂരം
ഇറങ്ങി നടക്കാറുണ്ട് .

അപ്പോഴൊക്കെ
വളരെ ദൂരം പോകും മുൻപ്
അയാൾ എന്നെ തിരിച്ചു വിളിക്കാറുമുണ്ട് .
പേരിന്റെ അതാര്യമായ ബർലിൻ മതിൽ
ആര് പൊളിക്കും
എന്ന് ഖേദപ്പെടാറുണ്ട് .

അതിന്
അപ്പുറമിപ്പുറം
ഞങ്ങളെ
ബഷീറും നാരായണിയുമാക്കണേ
എന്ന്

കവിതപ്പെടാറുണ്ട് .
..........................................................................

Saturday, July 23, 2016

മരണം ഗാന്ധിയെപ്പോലും വലുതാക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍

മരിച്ചതിന്‍റെ പിറ്റേന്ന്
ഗാന്ധി
തന്‍റെ ആശ്രമത്തിലെത്തി.
തന്നെക്കാളും നന്നായിട്ടുള്ള
ഒരു ഫോട്ടോ അവിടെ വെച്ചിരുന്നു
താന്‍ കേട്ടതിനേക്കാളും
ഇമ്പമാര്‍ന്ന 'വൈഷ്ണവജനതോ'
അവിടെ മുഴങ്ങുന്നുണ്ടായിരുന്നു
താന്‍ കാംക്ഷിച്ചിരുന്നതിനേക്കാളും
വൃത്തി
ആ മുറ്റത്തിനുണ്ടായിരുന്നു
ഗാന്ധി എന്ന ഓര്‍മ്മയോട്
തന്നോട് എന്നതിലുമധികം
ഭവ്യമായ് ആളുകള്‍
പെരുമാറുന്നുണ്ടായിരുന്നു.
തന്‍റെ മുഷിഞ്ഞ ഇടങ്ങളും
പിടി കിട്ടാത്ത സംശയങ്ങളും
പിടിച്ചുലച്ച സങ്കടങ്ങളും
തോല്‍വികളും
എത്താത്ത ഇടങ്ങളും
ആധിക്യത്തിന്‍റെ ആ തൊലിക്കടിയില്‍
ഇത്ര പെട്ടെന്ന് ഒതുങ്ങുന്നതായിരുന്നോ
എന്ന്
ഒരു നിമിഷം
അയാള്‍
ശങ്കിച്ചു
പിന്നെ തിരിച്ചുപോയി
മനുവിന്‍റെയോ ആഭയുടെയോ
തോളുകളുടെ
സഹായമില്ലാതെ.