Showing posts with label റഫീഖ് അഹമ്മദ്. Show all posts
Showing posts with label റഫീഖ് അഹമ്മദ്. Show all posts

Monday, February 2, 2026

കാടകം - റഫീക്ക് അഹമ്മദ്

 

 

കാടിറങ്ങാതെയുള്ളിന്റെയുള്ളിൽ

കൂടുവയ്പു കുടിപ്പകപ്പക്ഷി

കാലഭേദം തൊടാതെ കല്ലിച്ച

ക്രോധമാത്സര്യ വൻശിലാപാളി

രാവുമേലേ കൊലച്ചിരിക്കത്തി

രാകി മൂർച്ചവെപ്പിക്കുന്ന മിന്നൽ

 

പാതിഭാഗമുടലിലെജ്ജന്തു-

കാമനകളെ മൂടിപ്പൊതിഞ്ഞും

പാതിയിൽ മർത്യഗന്ധം വഹിച്ചും

ഈ നഗര വിദ്യുദ്ദീപജാലാ-

വീഥിയിൽ നിൽപ്പൂ ഞാനെന്ന സൃഷ്ടി

ഖാണ്ഡവം പോൽ ദഹിച്ചതിലെങ്ങോ

ബാക്കിയായൊരു തൂവലിൻ തുമ്പാ-

ണായുധമെനിക്കിന്നുമെഴുതാൻ.

 

കാടു പൂക്കണേയെങ്കിലും നെഞ്ചിൽ

ചോപ്പുവാകതൻ കാമമായ് ഭ്രാന്തായ്

നാട്ടുതാപക്കൊടുമയിലുള്ളിൻ

കാട്ടുപച്ചത്തളിർത്തണുപ്പായി.

 

ക്രൗര്യകാരുണ്യ ദ്വന്ദ്വഭാവങ്ങൾ

ഭേദമറ്റു പിണഞ്ഞേ കിടക്കും

ഗൂഢമാം ജന്മവാസനത്തോപ്പിൻ

ദേവതേ മദഗന്ധത്തിടമ്പേ

കാനനേശ്വരീ നീ കെടുത്തേണേ

നാഡികൾ തീണ്ടിയാളുമീ ജ്വാല.

 

പാലപൂക്കും മണത്തിൽ കടമ്പിൻ

മാലതൂങ്ങും ശിഖരത്തിൽനിന്നും

കാലുമാട്ടിയിരുന്നെന്റെ നേരെ

നോക്കുകാ,ദിമമാം കുറുമ്പോടെ

ഹാ, വനജ്യോത്സ്‌നയാലിരുട്ടിന്മേൽ

ശീതളാനല സുസ്മേരയായി

നീ മുടിക്കെട്ടഴിച്ചു നീരാടും

കാട്ടുപൂഞ്ചോലയെന്നന്തരംഗം.

കാടുവിട്ടുപോന്നിട്ടും വളർകൊ-

മ്പാലുടക്കി ചലനം മുടങ്ങി

ഓടുവാനും നടക്കാനുമാവാ-

താടിനിൽക്കുന്നു ജീവവേഗങ്ങൾ.

Friday, September 14, 2018

പ്രണയമില്ലാതെയായ നാൾ - റഫീഖ് അഹമ്മദ്‌

പ്രണയമില്ലാതെയായ നാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
ജനലരികിൽ നിന്നിളവെയിൽ കൈത്തലം
പതിയേ പിൻ വലിയ്ക്കുന്നതു മാതിരി

ഇലകളിൽ നിന്നെടുത്തൊരു ഹരിതകം
മഴയുടെ ജലസാന്ദ്രമാം സൗഹൃദം
വിരലിലാദ്യം തൊടുമ്പോൾ പടർന്നൊരു
വിവരണാതീത വൈദ്യുതീ കമ്പനം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിൻ മടങ്ങുന്നു ഞാൻ

അതിരെഴാത്ത നിശീഥത്തിലെവിടയോ
വിളറിവീഴും നിലാവിന്റെ സുസ്മിതം
മിഴികളിൽ  നിന്നു മിന്നലായ്‌ വന്നെന്റെ
മഴകളെ കുതികൊള്ളിച്ച കാർമ്മുകം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ

പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ
കരയിൽ വച്ചു മടങ്ങുന്നതു മാതിരി

Wednesday, August 29, 2018

ഓരോ സ്നാപ്പിലും - റഫീഖ് അഹമ്മദ്

ഫോട്ടോഗ്രാഫർ ഒരു പോരാളിയാണ്.
അയ്യാളുടെ കയ്യിലുള്ളത് ഒരു തോക്കാണ് .
അതുകൊണ്ടയ്യാൾ കാലത്തെ തുരുതുരാ വെടിവച്ചിടുന്നു.
നിമിഷങ്ങളായി മുഹൂർത്തങ്ങളായി  സന്ദർഭങ്ങളായി .
സമയത്തിന്റെ കബന്ധങ്ങൾ ചിതറിക്കിടക്കുന്നു.
കാലത്തെ നിശ്ചലമാക്കാൻ ഒരു യന്ത്രത്തിനുമാവില്ല
ക്യാമറക്ക്‌ അല്ലാതെ.
ഫോട്ടോഗ്രാഫർ വെടിവെച്ചിടുന്നത്
സമയത്തെ മാത്രമല്ല.
ഓരോരോ നേരത്ത്  ഉണ്ടാ
യിരുന്ന നമ്മളെക്കൂടിയാണ്.
അതാ,പഴയ ഞാൻ,തടിച്ച ഞാൻ, മെലിഞ്ഞ ഞാൻ
വിവാഹത്തിനു മുമ്പത്തെ ഞാൻ,ശേഷമുള്ള ഞാൻ
രോഗിയായിരുന്ന ഞാൻ,ജയിച്ച ഞാൻ
പെൻഷൻ പറ്റി പൂച്ചെണ്ട്
പിടിച്ച് ഇരിക്കുന്ന ഞാൻ.
സമയത്തിൻറെ കബന്ധക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന്
അങ്ങനെ നമ്മൾ നമ്മുടെ ശവങ്ങളെ തിരിച്ചറിയുന്നു.
ഫോട്ടോഗ്രാഫർക്ക്‌ അല്ലാതെ മറ്റാർക്കും ഒരാളുടെ നിഴലിനെ
അയ്യാളിൽ നിന്ന് അഴിച്ചെടുക്കാനാവില്ല,
മരണത്തിനു പോലും.
ഒരർത്ഥത്തിൽ ഫോട്ടോഗ്രാഫറാണ് നിങ്ങളെ സൃഷ്ടിക്കുന്നത്.
നിങ്ങൾ ജീവിച്ച വർഷങ്ങളിലെ,
ഏതോ ഒരു നിങ്ങളെ അയ്യാളാണ് നിർമ്മിച്ചത്.
നിങ്ങൾ ഇല്ലാതായിക്കഴിഞ്ഞാൽ
അയ്യാൾ ഉണ്ടാക്കിയ അയ്യാളുടെ നിങ്ങൾ
നിങ്ങളുടെ പേരിൽ അറിയപ്പെടും.
വാസ്തവത്തിൽ താൻ ആരോടാണ്
യുദ്ധം ചെയ്യുന്നതെന്ന്
ഫോട്ടോഗ്രാഫർക്ക് അറിഞ്ഞുകൂട.
ഒരിക്കലും ജയിക്കില്ല എന്നും.
പക്ഷെ കാലത്തെ ഇങ്ങനെ കളിപ്പിക്കാൻ
അയ്യാളെപ്പോലെ മറ്റാർക്കുമാവില്ല .
അയ്യാൾ സമയനദിയിൽനിന്ന് കൈക്കുമ്പിളിൽ
ഇത്തിരി കോരിയെടുക്കുന്ന ആളല്ല.
കാലച്ചുമരിന് പിന്തിരിഞ്ഞ് നിൽക്കുന്നവനുമല്ല,
പോരാളി തന്നെയാണ്.
എല്ലാ നിഴൽ യുദ്ധങ്ങളിലും ജയിക്കുന്ന
പോരാളി .

(രാജസൂയം ഓണപ്പതിപ്പിൽ നിന്ന്)

Wednesday, May 23, 2018

വരൂ,കൊല്ലൂ.. - റഫീഖ് അഹമ്മദ്

തടിച്ച കേരള യുവശരീരമേ
വരൂ ചതയ്ക്കുകീ കറുത്ത ജീവനെ
വരിഞ്ഞുകെട്ടിയിട്ടിരിക്കുന്നൂ,നന്നാ-
യവന്റെ ഗന്ധത്തെയറിയും പാലയിൽ.
കരങ്ങൾ താഴ്ത്തുവാൻ, തടുക്കുവാൻ വയ്യാ-
തനന്തതയ്ക്കു നേർക്കുയർന്ന പാലയിൽ.
കുടിയൊഴിപ്പിച്ചൊരനാഥ ദൈവങ്ങൾ
നിശബ്ദരായി കരഞ്ഞവനെ ചുറ്റുന്നു.
ചതഞ്ഞ പ്ലാസ്റ്റിക്കുകുടങ്ങളിൽ തല-
യറഞ്ഞുറവ തന്നൊഴുക്കു നിൽക്കുന്നു.
വരിക,തല്ലുക, ചതയ്ക്കുക,മേദ-
സ്സുറഞ്ഞ കേരള ശരീരമേ വേഗം.
സുഭിക്ഷമായംഗ വിശുദ്ധി കൈവരി-
ചുടുത്തു നിസ്കരിക്കാരം നടത്താൻ പോണോരേ,
അടുത്തയാഴ്ചയ്ക്കു കുമിഞ്ഞ പാപങ്ങ-
ളൊഴിക്കുവാൻ കുമ്പസരിക്കാൻ പോണോരേ,
വെളുത്ത ഭസ്മത്തിൽ കുളിച്ച്, മറ്റാരും
തൊടാതെ കോവിലിൽ നിൽപ്പോരേ
അവന്റെ ചോരയും വിയർപ്പും നക്കിയി-
ട്ടിരുന്നു വാഴുന്ന മഹാനേതാക്കളേ
കൊടിച്ചിപ്പട്ടിതൻ ചിറിയിലെയെച്ചിൽ
വടിക്കും കാര്യക്കാരെജമാനന്മാരേ,
വരൂ വരൂ വരൂ അവസരം തരാം,
അടിച്ചവർ മാറി വഴി കൊടുത്താട്ടെ.
ഇവന്റെ നെഞ്ചിലെ മലഞ്ചൂരൽക്കാട്
കരിലാഞ്ചിക്കിളി പറക്കും പുൽമേട്
കുറും കവണ പോൽ നിശിതമാമുന്നം
ഉറക്കൊഴിച്ചന്യനുറങ്ങുവാനുള്ളിൽ
ചുരുട്ടിവെക്കാത്ത പനന്തഴപ്പായ
അവന്റെ കാമംപോൽ കരിമ്പച്ചപ്പായൽ
പടർന്നൊരീറനാം ശിലകൾ,കാതിലെ
കിളിപ്പേച്ചോരൊന്നും തിരിച്ചറിയുന്ന
ചുളുക്കുകൾ, നീർ പോൽ തെളിഞ്ഞ കൺവെട്ടം
കുതിർന്ന നല്ലേള്ളു മണത്തിടും വിയർ-
പ്പവന്റെ പ്രാക്തന വിശുദ്ധ സംഗീതം
അവന്റെ സർവതും കവർന്നവർ വന്നു
വിളിക്കുന്നൂ :കള്ളൻ, ഇവനെക്കൊല്ലുക.
ഇരിക്കുവാനൊരു മരക്കൊമ്പില്ലാതെ,
അലഞ്ഞിടും പൂർവ്വപിതാക്കൾ വവ്വാലിൻ
ചിറകടികളിൽ കരച്ചിൽ ചേർക്കുന്നു.
വലിച്ചുകീറിയ വനതാരുണ്യങ്ങൾ
കുലച്ച കൈതോലത്തഴപ്പായ പൊന്തുന്നു.
ഒടുക്കമില്ലാത്ത വിശപ്പ്,ക്രോധങ്ങൾ
മുളങ്കാടായി തലയറഞ്ഞു നിൽക്കുന്നു.
ഒടുക്കത്തെത്തൊഴിക്കിടറുമ്പോൾ തന്റെ
മുഷിഞ്ഞ കോന്തലയഴിഞ്ഞു വീഴുന്നു
ഒരുപിടി അരി ചിതറി വീഴുന്നു.

Saturday, July 29, 2017

കഷ്ടം - റഫീക്ക് അഹമ്മദ്

കസ്റ്റംസുകാരാ,കസ്റ്റംസുകാരാ
ഇതിനേക്കാള്‍ ചുമടുണ്ടായിരുന്നു
അങ്ങോട്ട് പോകുമ്പോള്‍.
പൊളിഞ്ഞ തൊഴുത്തിലെ വിറ്റുപോയ
പശുവിന്‍റെ അമറല്‍
ബാപ്പാടെ വലിവ്
ഉമ്മാടെ വെണ്ണീറുപുരണ്ട വേവലാതി
ഒന്നു രണ്ടു നിലാവ്,കുറേ വൈകുന്നേരങ്ങള്‍
ഒരു വായനശാല മുഴുവനും.
ഒത്തിരി ചങ്ങാതിച്ചിരികള്‍
മുറ്റത്തേക്ക് വേറെ എന്തിനോ എന്നപോലെ
ഓടിവന്ന് മൈമൂന എറിഞ്ഞിട്ടുതന്ന
കണ്ണീര്‍നോട്ടം
വല്യുമ്മാടെ കുഴമ്പുമണമുള്ള
എല്ലിച്ച കൈ പിടിച്ചപ്പോള്‍ കിട്ടിയ വിറ
പക്ഷേ,നീ ഒരു ഡ്യൂട്ടിയും അടച്ചില്ല.

ഇപ്പോള്‍ മടങ്ങുമ്പോള്‍
ഒന്നുരണ്ടു കുപ്പി അത്തര്‍
ബാപ്പാക്കുള്ള വലിവിന്‍റെ സ്പ്രേ
മരിച്ച വല്യുമ്മാക്ക് കൊടുക്കാന്‍
വാങ്ങിച്ചുവെച്ച പുതപ്പ്
കെട്ടിച്ചുപോയ മൈമൂനാടെ കുട്ടിക്കൊരു
കുപ്പായം.
പഴയ തൊഴുത്ത് പൊളിച്ച്
വീടൊന്ന് വലുതാക്കാനുള്ള ഒരു പൂതി
ഇത്രയുമേ ഉള്ളൂ
അതിന് ഇത്ര വലിയ ഡ്യൂട്ടിയോ?

Saturday, February 4, 2017

എന്‍ട്രന്‍സ്‌ - റഫീക്ക് അഹമ്മദ്

പരീക്ഷാഹാള്‍ വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.

അരിസ്റ്റോട്ടില്‍ പിറകിലെ ബഞ്ചില്‍ ഉണ്ടായിരുന്നു
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.

ഹാള്‍ ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജനിസിനു പരീക്ഷയെഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍
ഔവ്വയാറിനും അവസരം നഷ്ടമായി.

അപേക്ഷാഫാറത്തില്‍ ഒപ്പു വെക്കാന്‍ മറന്ന്
ഫരിദുദ്ദീന്‍ അക്താര്‍ അയോഗ്യനായി.
രമണമഹര്‍ഷി പരീക്ഷാത്തീയതി മറന്നു.
തോമസ്‌ അല്‍വാ എഡിസണ്‍ പേരു തെറ്റി എഴുതി.

ഉത്തരങ്ങള്‍ക്കു പകരം വീണ്ടും ചോദ്യങ്ങളെഴുതി
മാര്‍ക്സ് വളരെ നേരത്തേ പരീക്ഷാമുറി വിട്ടു.
പരീക്ഷകനെ കണ്ടു ഭയന്ന്‍ ഫ്രാന്‍സ് കാഫ് ക സ്ഥലം വിട്ടു.

കുളിച്ചൊരുങ്ങി പ്രതിജ്ഞയോടെ പുറപ്പെട്ടെങ്കിലും
ദസ്തയേവ്സ്കി
പതിവു ചൂതാട്ട കേന്ദ്രത്തിലേക്കു തന്നെ കയറി.

മതിയായ രേഖകളുടെ അഭാവത്തില്‍
നാരായണഗുരുവിന്‍റെ അപേക്ഷ തള്ളപ്പെട്ടു.
ബസ്സുകൂലിക്ക് കാശ് തരപ്പെടായ്കയാല്‍
പൂന്താനത്തിന് സ്ഥലത്തെത്താനായില്ല.
പരീക്ഷാഫീസ്‌ എവിടെയോ തുലച്ചു കുഞ്ഞിരാമന്‍ നായര്‍.

കാവ്യദേവതയെ നോക്കി നിന്ന ചങ്ങമ്പുഴക്ക്
സമയത്തിനെത്താന്‍ കഴിഞ്ഞില്ല.
ഇറങ്ങാന്‍ നേരത്ത് സന്ദര്‍ശകര്‍ വന്നു കയറിയതിനാല്‍
ബഷീര്‍ പരീക്ഷ വേണ്ടെന്നു വെച്ചു.

എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നു കൂടിയത്
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ത്ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു.

പുതിയ മാഷന്‍മാര്‍ - റഫീഖ്‌ അഹമ്മദ്

പുതിയ അധ്യയന വര്‍ഷത്തില്‍
മത്തായി മാഷ്‌ ഉണ്ടായിരുന്നില്ല

മുറി മീശയും സൂട്ടും കോട്ടുമിട്ട
പുതിയ മാഷാണ്‌
കണക്ക്‌ പഠിപ്പിക്കാന്‍ വന്നത്‌
ജര്‍മന്‍ ഭാഷയിലായിരുന്നു

മനസ്സിലാവുന്നില്ലെന്നു പറയാന്‍
ആര്‍ക്കും ധൈര്യമുണ്ടായില്ല

ഇറ്റലിക്കാരനായ ഒരു തടിയനാണ്‌
പുതിയ ഹെഡ്‌മാസ്റ്റര്‍
അയാള്‍ നിറച്ച റിവോള്‍വറുമായി
വരാന്തയില്‍ ഉലാത്തിക്കൊണ്ടിരുന്നു

സാമുഹ്യപാഠം പഠിപ്പിച്ചിരുന്ന
സൗമിനിട്ടീച്ചറെയും കണ്ടില്ല

തലയില്‍ തെടിക വെച്ച
ഒരു അറബിയായിരുന്നു പുതിയ മാഷ്‌

മേലാകെ ഭസ്‌മം പൂശിയ
ഭ്രാന്തനെപ്പോലിരുന്ന ഒരാളാണ്‌
ശാസ്‌ത്രം പഠിപ്പിക്കാന്‍ വന്നത്‌

ഡേവിഡ്‌ മാഷെ കാത്തിരുന്ന ഞങ്ങളെ
നിരാശപ്പെടുത്തിക്കൊണ്ട്‌
അയാള്‍ കവിടികള്‍ നിരത്തി

മലയാളം പഠിപ്പിക്കാന്‍
നീലകണ്‌ഠന്‍ മാഷ്‌ വന്നില്ല
ആ പിര്യേഡില്‍ ഞങ്ങളെ ഒരാള്‍
ഗ്രനേഡ്‌ ഉണ്ടാക്കാന്‍ പഠിപ്പിച്ചു

പി ടി മാഷ്‌ക്കു പകരം വന്നത്‌
ഒരു ജപ്പാന്‍കാരന്‍

അയാള്‍ ഞങ്ങളെ മുട്ടിലിഴയാനും
കണ്ണുകെട്ടി നടക്കാനും പരിശീലിപ്പിച്ചു

മേല്‍പ്പുരയില്‍ ഓടിന്റെ വിളുമ്പുകളില്‍
കൂടുകൂട്ടിയിരുന്ന പ്രാവുകളെല്ലാം പോയിരുന്നു

മുറ്റത്തെ പടര്‍ന്നു പന്തലിച്ച മാവ്‌ മുറിച്ചുമാറ്റി
നിലം മുഴുവന്‍ ടൈലിട്ടു

ഉറുമ്പുകളോട്‌ സംസാരിച്ചതിന്‌
അഞ്ചിലെ അപ്പുവിന്റെ തല മൊട്ടയടിച്ചു

സ്‌കൂളിനു പുറത്ത്‌ കപ്പലണ്ടി വിറ്റുനടന്നിരുന്ന
കൃഷ്‌ണേട്ടനെ അവിടെനിന്ന്‌
ഹെഡ്‌മാസ്റ്റര്‍ ഓടിച്ചു

അയാള്‍ അങ്ങാടിയില്‍ ചെന്നു പറഞ്ഞു
സ്‌കൂളിപ്പോള്‍ പഴയപോലെയല്ല

ഭയങ്കര അച്ചടക്കമാണ്‌.

Saturday, July 23, 2016

ദേശഭക്തിയെക്കുറിച്ച് ചില വരികള്‍ - റഫീക്ക് അഹമ്മദ്

അതിര്‍ത്തിയിലെ പക്ഷികള്‍
വലിയ കുഴപ്പക്കാരാണ്.
ഒരു വകതിരിവുമില്ലാതെ
അങ്ങോട്ടും ഇങ്ങോട്ടും പാറിക്കൊണ്ടിരിക്കും
ഒന്നിനു നേരെ ഉന്നം പിടിക്കുമ്പോഴേക്കും
അതിന്‍റെ പൗരത്വം മാറും.
യുദ്ധം ജയിച്ച ശേഷം
അതിര്‍ത്തിയില്‍ എത്തി.
വിജയാഘോഷത്തില്‍ പങ്കെടുത്തു.
എന്‍റെ ദേശസ്നേഹത്തിന്‍റെ വിസ്തീര്‍ണ്ണം
ഇരുപത്തിനാലേമുക്കാല്‍
ചതുരശ്രകിലോമീറ്റര്‍ കൂടി
വര്‍ദ്ധിച്ചിരിക്കുന്നു.
ഈ രാജ്യത്തില്‍ നിന്ന് വേറിടാന്‍
ചില ക്ഷുദ്രശക്തികള്‍ പൊരുതുന്നുണ്ട്.
ജയിച്ചാല്‍ അവ ശത്രുരാജ്യങ്ങളാവും
ദേശസ്നേഹത്തിന്‍റെ ഗണിതം
എത്ര അവ്യവസ്ഥിതം.
എന്‍റെ സുഖനിദ്രക്കായി
തണുത്തുറഞ്ഞ ഹിമമുടികളിലോ
ചുട്ടുപൊള്ളുന്ന മരുഭൂമികളിലോ
കാവല്‍ നില്‍ക്കുന്നവനേ
നിന്‍റെ ബയണറ്റിന്‍റെ മുന
എന്നിലേക്ക് തിരിയില്ലെന്ന്
ഉറപ്പു തരാമോ
ഒന്ന് ഉറങ്ങാനാ.
ആത്മഹത്യ ചെയ്ത കര്‍ഷകര്‍
പാതിരാവിന്‍റെ നിശ്ശബ്ദതയില്‍
കൊയ്ത്തോര്‍മ്മയില്‍
നൃത്തം ചവിട്ടുകയായിരുന്നു.
അന്നേരം അകലെ നിന്ന് ദേശീയഗാനം കേട്ടു
പ്രേതങ്ങള്‍ പൊടുന്നനെ അറ്റന്‍ഷനായി.
അരുത്-പ്രേതമൂപ്പന്‍ പറഞ്ഞു
നമ്മള്‍ മരിച്ചവരാണ്
മരിച്ച ജനതയുടെ ഗാനമാണതെന്ന്
വരുത്തിത്തീര്‍ക്കരുത്.

Friday, March 18, 2016

അത്രയും- റഫീക്ക് അഹമ്മദ്


നിന്നോളം നീറിയിട്ടില്ലൊരു വേദന
നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിധ്യമായുസ്ഥലികളെ...

നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..

നിന്നോളമത്ര പരിചിതമല്ലെനി
ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..

നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
പൌര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..

നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
മിന്നോളമെത്തിയിട്ടില്ലൊരു വേനലും..