Sunday, February 1, 2026

ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയശരിയും -പി. എൻ. ഗോപീകൃഷ്ണൻ



പുന്നയൂർക്കുളത്തു നിന്നും മടങ്ങുന്ന വഴി

ഴാങ്ങ് വാൽ ഴാങ്ങിനെ കണ്ടു. 

മോഡേൺ ബ്രഡ് വാങ്ങി വരികയാണ്.

 

"ഇപ്പോഴാണ് നിങ്ങൾ രാഷ്ട്രീയമായി ശരിയായത്." 

ഞാൻ പറഞ്ഞു.

 

"ആ നോവലിൽ നിന്നും

 പെൻഷൻ പറ്റിയ ശേഷം

 ഞാൻ നേരെയായി."

' അയാൾ പറഞ്ഞു.

 

"ആ നോവലിൽ

ജോലിചെയ്യുന്ന കാലത്ത്,

ഞാൻ

ഇതേ ബ്രഡിന്റെ പിതാമഹനെ മോഷ്ടിച്ചു.

അന്നം തന്നവന്റെ പാത്രം മോഷ്ടിച്ചു.

തെരുവുചെക്കൻ്റെ നാണയം മോഷ്ടിച്ചു.

 

കള്ളപ്പേരിൽ മേയറായി.

നിയമത്തിൽ നിന്നോടിപ്പോയി.

കൊസേത്തിനെ രക്ഷിച്ചു. മരിയൂസിനെ രക്ഷിച്ചു.

ഴാവേറിനെ പറ്റിച്ചു.

ഒന്നും രാഷ്ട്രീയശരി ആയിരുന്നില്ല.

 

ക്ഷമിക്കണം.

അന്നെന്റെ ആമാശയം

ക്ലാവുപിടിച്ചതായിരുന്നു.

അന്നെന്റെ ആത്മാവിനെ

കൊടുങ്കാറ്റുകൾ കീറിയിരുന്നു.

അന്ന്

നിൻ്റെ തെക്ക്

എനിക്ക് വടക്കായിരുന്നു.

നിന്റെ പകൽ എനിക്ക്

ഇരുട്ടായിരുന്നു. നിൻ്റെ സ്വർഗ്ഗം

എനിക്ക് പാതാളമായിരുന്നു. നിന്റെ നഗരം

എനിക്ക് ചെളിക്കുണ്ടായിരുന്നു.

 

എങ്കിലും

ഞാൻ തണ്ടുവലിച്ചപ്പോഴാണ്

നിങ്ങളുടെ കപ്പലോടിയത്.

ഞാൻ ഒളിവിലിരുന്നപ്പോഴാണ്

ഴാവേറിന്റെ തൊപ്പിയുറച്ചത്. ഞാൻ മോഷ്ടിച്ചപ്പോഴാണ്

ഡിയിലെ ബിഷപ്പ് കരുണയുടെ പര്യായമായത്."

 

ആ മോഡേൺബ്രഡിൻ്റെ പാക്കറ്റ്

എൻ്റെ കൈയ്യിൽത്തന്ന് അയാൾ പോയി.

ഞാൻ തിരിച്ചും മറിച്ചും

അത് നോക്കി.

രാഷ്ട്രീയശരിയാണ്. വില അടയാളപ്പെടുത്തിയിട്ടുണ്ട്.

ഉണ്ടാക്കിയ തീയ്യതിയും

കെടുന്ന തീയ്യതിയും ഉണ്ട്.

തൂക്കം ഉണ്ട്. പോഷകപ്പട്ടികയുണ്ട്.

 

എന്നാൽ അതിനൊപ്പം

അയാൾ മറ്റെന്തോ കൂടി കൈയ്യിൽ

തന്നിട്ടുണ്ട്?

എന്താണത്?

 

ഒരു മഞ്ഞപാസ്പോർട്ട്.

 

അത്

കവലയിൽ

വിഷണ്ണനായി നിൽക്കുന്ന

രാഷ്ട്രീയശരിയല്ലാത്ത

അതിഥിത്തൊഴിലാളിക്ക് സമ്മാനിച്ചു.

 

ഭൂമിയെ കുറ്റാർദ്ധഗോളവും

ശിക്ഷാർദ്ധഗോളവുമായി

വിഭജിക്കാൻ

എഴുത്തുകാർ ധൈര്യപ്പെടുന്ന കാലത്ത്

ഏതെങ്കിലും

ആഖ്യായികയിൽ

അതുമായി അയാൾ കയറിപ്പറ്റട്ടെ.

 

(നാലാപ്പാടന്റെ 'പാവങ്ങൾ' തർജ്ജമയ്ക്ക് നൂറാണ്ട് തികഞ്ഞ കൊല്ലമാണിത്. അതിലെ കഥാപാത്രങ്ങളും കഥാതന്തുവും കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് വരുന്നവർക്ക് അന്നത്തെ ഫ്രാൻസ് നൽകിയിരുന്ന മഞ്ഞ പാസ്പോർട്ടിൻ്റെ കാര്യവും.)

 


No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....