മല കയറിയ സഞ്ചാരികൾ
മടങ്ങുമ്പോൾ
ഒരാൾ
കുറഞ്ഞു.
ഒരാളെന്നല്ല
ഒരുവൾ.
ആളും അനക്കവും
ഒഴിയേ, ഒരു പാറമേൽ
മലർന്നവൾ.
ആരുമില്ലാത്തവരിൽ
നിറയും മഴ
അവളെയും
തൊട്ടു.
അവളിലെഴുന്നു
രണ്ടു മലകൾ.
മഴ നിന്നുപെയ്തു.
ചരിവിൽ ഉറവപൊട്ടി
ഇടുക്കിലൂടെ
അരുവിയിലേക്കവൾ
നനഞ്ഞിറങ്ങി.
തെമ്മാടി
ഗിരിനിരകൾ
ആർപ്പുവിളിച്ചു.
മലകളുലച്ചവൾ
എഴുന്നേറ്റു.
താന്തോന്നിമരങ്ങൾ
പോരുവിളിച്ചു.
മുനകൂർത്തവൾ
മറുനോട്ടമായി.
കുലയ്ക്കാൻ
വില്ലുകളില്ല
തറയ്ക്കാൻ
അമ്പുകളും.
അഴിഞ്ഞ മുടി
ചുരുട്ടിയെടുത്തവൾ
ചുഴറ്റിയെറിഞ്ഞു.
മുടിച്ചുറ്റിൽ
മരമൊന്നിടറി
ഗിരി
രണ്ടുവട്ടമിടറി
കളകളം കിളികൾ
ചിതറി.
മുടിവള്ളിയിൽ
തൂങ്ങി,
ആർത്തലയ്ക്കും
വെള്ളച്ചാട്ടങ്ങൾ
മുറിച്ച്,
പക്ഷിപാതകളുടെ
അദൃശ്യരേഖകൾ
കവച്ച്,
മണ്ണിൽനിന്ന്
മരങ്ങളിലേക്ക്
ശിഖരങ്ങളിൽനിന്ന്
തലപ്പുകളിലേക്ക്
സമതലങ്ങളിൽനിന്ന്
കൊടുമുടികളിലേക്ക്
ആണ്ടുകളിൽനിന്ന്
നൂറ്റാണ്ടുകളിലേക്ക്,
ആയത്തിൽ,
ആയത്തിലായത്തിൽ
ആടുന്നവൾ.
മലയിറങ്ങിയ
സഞ്ചാരികൾ
സഹയാത്രികയുടെ
മുടിയും നഖങ്ങളും
താഴ് വരകളിൽ
തിരഞ്ഞുനടന്നു.
അവളാകട്ടെ.
കോട കവിൾ
നിറയ്ക്കും
കിഴക്കൻ കാറ്റിൽ,
കൊല്ലക്കണക്കിൽ
കത്തിനിൽക്കും
പൂവുകളിൽ,
തീ ചുവടുവയ്ക്കും
മിനുങ്ങുകളിൽ,
വെള്ളിടി
പതിയിരിക്കും
മേഘങ്ങളിൽ,
അവളുടെ
കണ്ണുകൾ
മിനുക്കിയെടുത്തു.
വൈകിയ രാത്രി
മലമ്പാത കയറി
പാറമേൽ
വീണുമയങ്ങിയ
ഏകാന്തസഞ്ചാരി
മുഖത്തിഴയും
മുടിനാരിൽ
പിടഞ്ഞെണീറ്റു.
ഇരുളിനെക്കാൾ
അഴകുള്ള ഒരുവൾ
വിളുമ്പിലിരിക്കുന്നു.
അവളുടെ മുടി
അടിവാരത്തേക്ക്
പുളഞ്ഞു
പറക്കുന്നു.
അഴിയും തോറും
പിണയും വഴികൾ
അതിദൂരം
കടന്നിട്ടും,
അവളിൽ
മറഞ്ഞുകിടക്കും
അഴിയാദൂരങ്ങൾ
ഇരുട്ടിൽ
അവൻ കണ്ടു.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....