വണ്ടികളൊന്നും
മുന്നോട്ട് പോകുന്നില്ല.
സുപ്രസിദ്ധമാകാൻപോകുന്ന
ട്രാഫിക് ബ്ലോക്കാണ്.
തെറ്റിപ്പറന്ന ഓർമ്മകൾ
വീണ്ടും കറന്റുകമ്പിയിൽ
നിരക്കുന്നത്.
പരസ്പരം മിണ്ടാത്തവർ
ഒരേ കാറിൽ
യാത്രചെയ്യുമ്പോൾ
ആരാണ് കുറുക്കുചാടിയത്?
വണ്ടികൾ കൂട്ടിമുട്ടിയതാണോ?
അതോ എല്ലാ യാത്രക്കാരും
നടുറോഡിൽ വിശ്രമിക്കാൻ
തീരുമാനിച്ചതോ?
കണ്ണെത്താത്ത ദൂരം
ചത്തുകിടക്കുന്ന
കാറുകൾ.
അവൾ കണ്ണുകൾ
വെട്ടിക്കാതെയിരുന്നു.
ഇരുപുറവും തിരിയാത്ത
കണ്ണുകൾക്ക് ചുറ്റും
ഒരുമിച്ചുറങ്ങിയതിന്റെ
കറുത്ത വളയങ്ങൾ.
അഴിഞ്ഞുപോയ
സീബ്രാവരകൾ
തലകുനിച്ച്
കടന്നുപോകുന്നു.
ചുവപ്പ് ചുവപ്പു-
തന്നെയാകുന്നു.
സ്വപ്നത്തിൽ
കൂട്ടിയിടിച്ചവർ
മുറിവൂതിയൂതി
ജനാല തുറക്കുന്നു.
നിസ്സാരപരിക്കോടെ
അപകടത്തിൽപ്പെട്ട
തർക്കങ്ങൾ.
എല്ലായിടവും
ഒരുപോലെ
പച്ച തെളിഞ്ഞാൽ
അങ്ങോട്ടുമിങ്ങോട്ടും
കൂട്ടിമുട്ടില്ലേ?
ചുണ്ടുകൾ കുടിച്ച്
ഉമ്മവെച്ചിട്ടും
ഇതുവരെ പറയാത്ത
രഹസ്യങ്ങൾ ചെവിയിൽ
മൂളാത്തതെന്ത്?
പെട്രോള് മോന്തിയപോലെ
പെരുമാറുന്നതെന്താ?
പരസ്പരം മിണ്ടാത്തവർ,
അധികനേരമായി
സിഗ്നലിൽ
കുടുങ്ങിയോർ.
പറയാനൊന്നുമില്ല
വണ്ടികൾ വാലെവാലെ.
മൗനത്തിൻ്റെ
വളയങ്ങൾ
ചതുരങ്ങളായ്
ത്രികോണങ്ങളായ്
കെട്ടിക്കിടക്കുന്നു.
വർഷങ്ങളായി
വരിനിൽക്കുന്ന
കാറുകൾ, മനുഷ്യർ,
ചുവപ്പുവെട്ടം.
തുരുമ്പിച്ചുപോയ
ചിരികൾ
തെളിച്ചെടുക്കുന്ന
ചുണ്ടുകൾ.
ചായം മങ്ങിയ
വണ്ടികളുടെ പുക
ഒറ്റപ്പെട്ട മനുഷ്യരെ
വരയ്ക്കുന്നു.
ട്രാഫിക് ബ്ലോക്കിന്റെ
ഉറവിടത്തിലേക്ക്
ഞങ്ങൾ നടന്നു.
ചുവപ്പും പച്ചയും
ഇണചേരുന്ന
വഴിച്ചുറ്റുകൾ.
ട്രാഫിക്കിനുള്ളിൽ
പെറ്റുവീണ കുഞ്ഞ്
റോഡ് മുറിച്ച് നീന്തുന്നു.
നനഞ്ഞ വെളിച്ചത്തിൽ
ഞങ്ങൾ ഒച്ചുകളെപ്പോലെ
നിന്നു.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....