Saturday, February 4, 2017

മഹാഭാരതം - സച്ചിദാനന്ദന്‍

ഇക്കുറി കൌരവര്‍ ജയിക്കുമെന്ന്
ശകുനിക്ക് ഉറപ്പായിരുന്നു
തറവാട്ടുകാരണവന്‍മാരെ
നിശ്ശബ്ദരാക്കിയുള്ള
ദുര്യോധനന്റെ മുന്നേറ്റം
അദ്ദേഹം ശ്രദ്ധിച്ചിരുന്നു

യുദ്ധം ജയിക്കുന്നത്
യുദ്ധം ചെയ്യുന്നവരല്ല
ചെയ്യിക്കുന്നവരാണ്,
അവര്‍ ഇനി
പ്രതിഫലം ചോദിക്കും,
ദാനം കൊടുത്ത ഓരോ തേരിനും പത്തു തേര്,
ഓരോ കുതിരക്കും നൂറു കുതിര

പാണ്ഡവര്‍ ജയിച്ചിരുന്നെങ്കിലും
നയം വേറെ ആകുമായിരുന്നോ?
നയം യുദ്ധത്തിന്‍റെ
വിഷയമേ അല്ലായിരുന്നു;
വിഷയം വേഗം ആയിരുന്നു
സത്യവും വിഷയമല്ലായിരുന്നു ,
കൂടുതല്‍ ഫലപ്രദമായി
അസത്യം വില്‍ക്കാന്‍ =
ആര്‍ക്കു കഴിയും എന്നായിരുന്നു

മൌനത്തെക്കാള്‍ നന്നായി അസത്യം മറയ്ക്കാന്‍
വാചാലതക്കാവുമെന്ന്?
ഇക്കുറി വ്യക്തമായി
'ധര്‍മം' കൂട്ടിന്നുണ്ടെങ്കിലോ,
അത് ഇന്ദ്രജാലം ചെയ്യും

ആരു ജയിച്ചാലും
മരിക്കേണ്ടവര്‍ ഒരു കൂട്ടര്‍തന്നെ
വിധവകള്‍ അവരുടേത്,
അനാഥസന്തതികളും

ഭരണത്തിനു ചാതുര്യം കൂടുംതോറും
മരണത്തിനു വേഗം കൂടും
ദഹിക്കുന്നത് ഖാണ്ഡവമായാലും
ലങ്കയായാലും പുകയുടെ മണം ഒന്നുതന്നെ
കിളികളുടെ, മൃഗങ്ങളുടെ,
മരങ്ങളുടെ, വനവാസികളുടെ

വനങ്ങള്‍ ഇനിയുമെത്രയോ
തെളിക്കാനുണ്ട്, ഖനികള്‍
ഇനിയുമെത്രയോ തുരക്കാനുണ്ട്
കുറച്ചു ബലികള്‍ വേണ്ടിവരും,
ചില ശവങ്ങള്‍ കൊമ്പില്‍ തൂങ്ങും,
ഊരും പേരുമില്ലാത്ത വ്യര്‍ഥജന്മങ്ങള്‍
അതും പാണ്ഡവര്‍ തുടങ്ങിയത്തിന്‍റെ
സമര്‍ത്ഥമായ തുടര്‍ച്ച തന്നെ,

അന്ധരെ അന്ധരായി നിലനിര്‍ത്താന്‍
സഞ്ജയനുണ്ടല്ലോ,
അവര്‍ ജയിച്ചവര്‍ക്ക് അനുകൂലമായി
എല്ലാം വ്യാഖാനിക്കും

പേടിയുള്ളത് പ്രേതങ്ങളെ മാത്രമാണ്
പാണ്ഡവരും കൌരവരും കൊന്നവര്‍
ഒന്നിച്ചു നിലവറകളില്‍നിന്ന്
എണീറ്റ് അണിചേരുമോ?
പുഴകളെ കൂട്ടിച്ചേര്‍ക്കാം,
പക്ഷേ മലകള്‍ എന്തുചെയ്യും?
ഉറങ്ങുന്നവര്‍ എന്നും
ഉറങ്ങിത്തന്നെ കിടക്കുമെന്ന് എന്തുറപ്പ്?

പാണ്ഡവരെയും കൌരവരെയും
തള്ളിപ്പറഞ്ഞു അവര്‍ പുതിയ
ഇതിഹാസം തുടങ്ങുമോ?

ശകുനിക്ക് അതുമറിയാം
പത്തുവര്‍ഷം, അതേ അദ്ദേഹം
ചോദിക്കുന്നുള്ളൂ
പിന്നെ ദരിദ്രര്‍ ഒന്നുപോലും
ബാക്കിയാവില്ല,
സ്ത്രീകള്‍ പ്രസവിക്കാന്‍
ധൈര്യപ്പെടുകയുമില്ല

എന്‍ട്രന്‍സ്‌ - റഫീക്ക് അഹമ്മദ്

പരീക്ഷാഹാള്‍ വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.

അരിസ്റ്റോട്ടില്‍ പിറകിലെ ബഞ്ചില്‍ ഉണ്ടായിരുന്നു
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.

ഹാള്‍ ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജനിസിനു പരീക്ഷയെഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍
ഔവ്വയാറിനും അവസരം നഷ്ടമായി.

അപേക്ഷാഫാറത്തില്‍ ഒപ്പു വെക്കാന്‍ മറന്ന്
ഫരിദുദ്ദീന്‍ അക്താര്‍ അയോഗ്യനായി.
രമണമഹര്‍ഷി പരീക്ഷാത്തീയതി മറന്നു.
തോമസ്‌ അല്‍വാ എഡിസണ്‍ പേരു തെറ്റി എഴുതി.

ഉത്തരങ്ങള്‍ക്കു പകരം വീണ്ടും ചോദ്യങ്ങളെഴുതി
മാര്‍ക്സ് വളരെ നേരത്തേ പരീക്ഷാമുറി വിട്ടു.
പരീക്ഷകനെ കണ്ടു ഭയന്ന്‍ ഫ്രാന്‍സ് കാഫ് ക സ്ഥലം വിട്ടു.

കുളിച്ചൊരുങ്ങി പ്രതിജ്ഞയോടെ പുറപ്പെട്ടെങ്കിലും
ദസ്തയേവ്സ്കി
പതിവു ചൂതാട്ട കേന്ദ്രത്തിലേക്കു തന്നെ കയറി.

മതിയായ രേഖകളുടെ അഭാവത്തില്‍
നാരായണഗുരുവിന്‍റെ അപേക്ഷ തള്ളപ്പെട്ടു.
ബസ്സുകൂലിക്ക് കാശ് തരപ്പെടായ്കയാല്‍
പൂന്താനത്തിന് സ്ഥലത്തെത്താനായില്ല.
പരീക്ഷാഫീസ്‌ എവിടെയോ തുലച്ചു കുഞ്ഞിരാമന്‍ നായര്‍.

കാവ്യദേവതയെ നോക്കി നിന്ന ചങ്ങമ്പുഴക്ക്
സമയത്തിനെത്താന്‍ കഴിഞ്ഞില്ല.
ഇറങ്ങാന്‍ നേരത്ത് സന്ദര്‍ശകര്‍ വന്നു കയറിയതിനാല്‍
ബഷീര്‍ പരീക്ഷ വേണ്ടെന്നു വെച്ചു.

എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നു കൂടിയത്
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ത്ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു.

ആയതിനാൽ മരിച്ചവരുടെ ഫോൺ നമ്പറുകൾ - ശിവദാസ് പുറമേരി

മരണം തട്ടിയെടുത്ത
പ്രിയപ്പെട്ടവരുടെ നമ്പറുകൾ
തെളിഞ്ഞുനിൽക്കുന്നുണ്ടാകും
ചിലപ്പോൾ ഫോണിൽ.
എത്ര മറന്നുകളഞ്ഞാലും
വീണ്ടും വീണ്ടും
മടങ്ങി വരുന്ന
ഓർമകൾ എന്നപോലെ.

ഡയൽ ചെയ്യാനാവാതെ
വിരലുകൾ വിറയ്ക്കുമ്പോൾ
അജ്ഞാതമാണെങ്കിലും
പരിചിതമായ
ഏതോ ടവറിന്റെ
പരിധിയിലിരുന്ന്
അവർ പറയുന്നത് കേൾക്കാനാവും.
ജീവിതം തോർന്നിട്ടും
കവിത പെയ്യുന്ന
മരങ്ങൾ എന്നപോലെ
നിലാവിൽ കുളിച്ചുനിൽക്കും.
അരങ്ങൊഴിഞ്ഞാലും
കെട്ടുപോകാത്ത വെളിച്ചമായി
ഹൃദയങ്ങളിലേക്ക്
പരന്നൊഴുകും.

ജീവിച്ചിരിക്കുന്നവരോ
മരിച്ചവരോയെന്ന്
തിരിച്ചറിയാതെ പോകും
ചില നിമിഷങ്ങൾ.
ആയതിനാൽ
മരിച്ചവരുടെ
ഫോൺ നമ്പറുകൾ
ഡിലീറ്റ് ചെയ്യാറില്ല ഞാൻ.

യേശു എന്നാൽ

യേശു ഒരു കറുത്ത  വർഗക്കാരനാണ് എന്നതിന് മൂന്നു നല്ല വാദങ്ങളുണ്ട്.

ഒന്ന് : അവൻ എല്ലാവരേയും സഹോദരാ എന്നു വിളിച്ചു.

രണ്ട് : അവൻ സുവിശേഷം പറയാൻ ഇഷ്ടപ്പെട്ടു.

മൂന്ന് : അവന് നല്ല ഒരു വിചാരണ ലഭിച്ചില്ല.

പക്ഷേ,  യേശു ഒരു ജൂതനായിരുന്നു എന്നതിനും മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന് : അവൻ അപ്പന്റെ തൊഴിലിൽ ഏർപ്പെട്ടു.

രണ്ട് : അവൻ 32 വയസ്സുവരെ സ്വന്തം വീട്ടിൽ കഴിഞ്ഞു.

മൂന്ന് : അമ്മ കന്യകയാണെന്ന് അവനും അവൻ ദൈവമാണെന്ന് അമ്മയും വിശ്വസിച്ചു.

പക്ഷേ, യേശു ഒരു ഇറ്റലിക്കാരനാണ് എന്നതിന് മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന് : അവൻ ആംഗ്യങ്ങൾകൊണ്ട് സംസാരിച്ചു.

രണ്ട് : ഓരോ ഭക്ഷണത്തോടൊപ്പവും അവൻ വീഞ്ഞു കുടിച്ചു.

മൂന്ന് : അവൻ ഒലീവെണ്ണ ധാരാളം ഉപയോഗിച്ചു.

പക്ഷേ, യേശു  കാലിഫോർണിയക്കാരനായിരുന്നു എന്നതിനും മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന് : അവൻ ഒരിക്കലും മുടിമുറിച്ചില്ല.

രണ്ട് : എല്ലാ സമയവും അവൻ നഗ്നപാദനായി ചുറ്റിനടന്നു.

മൂന്ന് : അവൻ ഒരു പുതിയ മതം തുടങ്ങിവെച്ചു.

പക്ഷേ, യേശു അയർലണ്ടുകാരനായിരുന്നു എന്നതിന്ന് മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന് : അവൻ വിവാഹമേ കഴിച്ചില്ല.

രണ്ട് : അവൻ എപ്പോഴും കഥകൾ പറഞ്ഞുകൊണ്ടിരുന്നു.

മൂന്ന് : അവൻ  പുൽമൈതാനങ്ങളെ സ്നേഹിച്ചു.

എന്നാൽ യേശു ഒരു സ്ത്രീ ആയിരുന്നു എന്നതിന് മൂന്ന് ശക്തമായ വാദങ്ങളുണ്ട്.

ഒന്ന് : തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത് ഒരു നിമിഷത്തെ മുന്നറിയിപ്പിൽ ഒരു ആൾക്കൂട്ടത്തെ അവന് ഊട്ടേണ്ടിവന്നു.

രണ്ട് : ഒരിക്കലും ഒന്നും മനസ്സിലാവാത്ത പുരുഷാരത്തിനു കുറുകെ സന്ദേശമയക്കാൻ അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

മൂന്ന് : പണികൾ ചെയ്തുതീർക്കാൻ ബാക്കയുള്ളതുകൊണ്ട് മരിച്ചിടത്തുനിന്നുപോലും അവന് എണീറ്റുവരേണ്ടിവന്നു.

(2007 ഫെബ്രുവരി 25 നു പവിത്രന്റെ ഒന്നാം ചരമവാർഷികയോഗത്തിൽ എഴുതിയതാരാണ് എന്നറിയില്ലെന്നു പറഞ്ഞുകൊണ്ട്, പി എൻ ജി പറഞ്ഞ കവിത - കണ്ടാണശ്ശരിയിലെ പാരീസ് റോഡ് -വി കെ ശ്രീരാമന്റെ ലേഖനങ്ങൾ എന്ന പുസ്തകത്തിൽനിന്ന്).

രണ്ട് - പി എൻ ഗോപീകൃഷ്ണൻ

ചെറുപ്പത്തിൽ
ഞാൻ എന്ന് പറയാൻ
പഠിച്ചിട്ടില്ലായിരുന്നു.
അതിനാൽ
ഗോപിയ്ക്കിതുവേണം ഗോപിയ്ക്കതുവേണം
എന്ന്
പറഞ്ഞു കൊണ്ടേയിരുന്നു .

ഞാൻ
മറ്റാരോ ആണെന്ന മട്ടിൽ

അങ്ങനെയാണ്
രണ്ടായത് .

ഒരേ ഉടലിൽ
ഞാനും ഗോപിയും
ഗോപിയും ഞാനും
ഒരുമിച്ചോ
വെവ്വേറെയോ
പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു .

ഗോപി പഠിക്കുമ്പോൾ
ഞാൻ ഉറങ്ങി .
ഗോപി ചമഞ്ഞപ്പോൾ
ഞാൻ നഗ്നനായി .
ഗോപി ടിക്കറ്റെടുത്തപ്പോൾ
ഞാൻ കള്ളവണ്ടി കേറി .

എന്നാൽ
എപ്പോഴും
അവർ എതിരായിരുന്നില്ല .

ഞാൻ രുചിയ്ക്കുമ്പോൾ
ഗോപി സന്തോഷിച്ചു .
ഞാൻ കുടിച്ചപ്പോൾ
ഗോപി നൃത്തം ചെയ്തു .
ഒരാൾ ചിരിയ്ക്കുമ്പോൾ
ഒരാൾ പ്രകാശിച്ചു .

എന്നാൽ
അവർ
പൂരകങ്ങൾ മാത്രവും
അല്ലായിരുന്നു .

ഗോപി ശരീരിയായപ്പോൾ
ഞാൻ അശരീരി .
ഗോപി ഉദ്യാനമൊരുക്കുമ്പോൾ
ഞാൻ കാട് നട്ടു.
ഗോപി കാര്യകാരണങ്ങൾ പറയുമ്പോൾ
വെള്ളത്തിൽ നീളത്തിൽ കാണുന്നത്
മാനത്ത് വട്ടത്തിലാണെന്നു ഞാൻ .

പിന്നീട് ഞാനിൽ ഉറയുമ്പോൾ
ഞാൻ ചോദിക്കുന്നു :
ആരാണ് ഗോപി ?

എന്റെ ഒഴുക്കിനെ
തടസ്സപ്പെടുത്തുന്ന പാറ ?
എന്റെ ഖരം
ദ്രവീകരിക്കുന്ന വേനൽ ?
എന്റെ പ്യുപ്പ
വെട്ടിത്തുറന്ന ശലഭം ?
ഞാനും ഞാനും തമ്മിലുള്ള
സംഭാഷണത്തുടർച്ച ?
ആഴത്തിൽ ഒളിച്ചിരിക്കുന്ന
സ്വവർഗ്ഗ പ്രണയം ?

ഒരിക്കൽ എതിരേ വന്ന്
കൈ തന്നാൽ
ഞാൻ
ഗോപിയെ തിരിച്ചറിയുമോ ?
രാത്രി ബെൽ മുഴങ്ങുമ്പോൾ
ജനൽ മാത്രം തുറന്ന്
ആരാ എന്നാരായുമ്പോൾ
ഇരുട്ടിൽ പതുങ്ങുന്ന ഗോപിയെ
കള്ളനായ് ഞാൻ കരുതില്ലേ ?

അറിയില്ല .

പക്ഷെ
പ്രണയിക്കാൻ
കലഹിക്കാൻ
ഞാൻ ഭയക്കുന്നിടത്തൊക്കെ
ഗോപിയ്ക്ക്
ഒരു കൂസലും ഇല്ല .

ഗോപി എന്ന് ഒപ്പിടുമ്പോഴും
ഗോപീ എന്ന വിളികേട്ട്
തിരിഞ്ഞു നിൽക്കുമ്പോഴും
അയാളിൽ നിന്ന്
ഞാൻ ബഹുദൂരം
ഇറങ്ങി നടക്കാറുണ്ട് .

അപ്പോഴൊക്കെ
വളരെ ദൂരം പോകും മുൻപ്
അയാൾ എന്നെ തിരിച്ചു വിളിക്കാറുമുണ്ട് .
പേരിന്റെ അതാര്യമായ ബർലിൻ മതിൽ
ആര് പൊളിക്കും
എന്ന് ഖേദപ്പെടാറുണ്ട് .

അതിന്
അപ്പുറമിപ്പുറം
ഞങ്ങളെ
ബഷീറും നാരായണിയുമാക്കണേ
എന്ന്

കവിതപ്പെടാറുണ്ട് .
..........................................................................

കുറുങ്കവിതകൾ

അനാഥൻ
(നാസർ)
●●●●●●
അച്ഛൻ മരിച്ചപ്പോൾ
നാഥനായി
അമ്മ മരിച്ചപ്പോൾ
അനാഥനായി

ഇസ്തിരിപ്പെട്ടി
(ഗഫൂർ കരുവണ്ണൂർ)
●●●●●●●●
വേവലാതികൾ
മായ്ച്ചുകളയാൻ
ഉള്ളിൽ തീയുള്ളവനു
മാത്രമേ കഴിയൂ എന്ന്
നീ പഠിപ്പിക്കുന്നു

കുമ്മായം
(സത്യചന്ദ്രൻ പൊയിൽക്കാവ്‌)
●●●●●●●●●
നിനക്കറിയില്ല
എത്ര വെന്തിട്ടാണു
ഈ നിറമെന്ന്

ചെരിപ്പ്‌
(എ.കെ.മോഹൻ)
●●●●●●●
ചില നേരങ്ങളിൽ
ചിലയിടങ്ങളിൽ
ഞാൻ മാത്രം പുറത്താകുന്നു.
അകത്തു കയറുവാൻ മാത്രം
എന്ത്‌ വിശുദ്ധിയാണു
നിങ്ങളിലുള്ളതെന്ന്
പുറത്തുവരുമ്പോഴൊന്ന്
പറഞ്ഞുതരണേ.....

പുഴു
(പി.സുരേന്ദ്രൻ)
●●●●●●
ഞാനിങ്ങനെ അരിച്ചരിച്ച്‌ നീങ്ങുമ്പോൾ
നിങ്ങളുടെ മുഖത്തെ
പുച്ഛവും നിന്ദയും അറപ്പും
വെറുപ്പുമെല്ലാം
ഞാൻ കാണുന്നുണ്ട്‌
പക്ഷേ നോക്കിക്കോ
ഞാനൊരു ചിത്രശലഭമായി
തിരിച്ചുവരും.

ഉള്ളി
(അഭിഷേക്‌)
●●●●●●●●
ഇനി നമുക്ക്‌
ഉള്ളികളായി ജനിക്കാം
വെട്ടിയരിയുന്നവരുടെ
കണ്ണുനനയിക്കാൻ
അത്‌ മാത്രമേ
വഴിയുള്ളൂ..

ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ - പി പി രാമചന്ദ്രന്‍

                           1
രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം
ചെമ്മീന്‍ വച്ചേടത്ത്
കേരളത്തിലെ പക്ഷികള്‍ ചേക്കേറി
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കളും ഭൃത്യന്മാരുമാണ്
മാര്‍ത്താണ്ഡ വര്‍മ്മയെ തിരഞ്ഞാല്‍
ഡാക്കുള പിടികൂടാം
ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ
വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി
ക്രമനമ്പര്‍തെറ്റി
ഇരിപ്പടങ്ങള്‍ മാറി
പുറം ചട്ടകള്‍ ഭേദിച്ച്
ഉള്ളടക്കം പുറത്തുകടന്നു.
                            2.
കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
ഏടുകളില്‍ കയറി
കഥാപാത്രങ്ങള്‍
സ്വച്ഛന്ദസഞ്ചാരം തുടങ്ങി.
രണ്ടാമൂഴത്തിലെ ഭീമന്‍
കരമസോവ് സഹോദരന്മാരെ
പരിചയപ്പെട്ടു.
പ്രഥമപ്രതിശ്രുതിയിലെ
ബംഗാളിയായ സത്യ
കോവിലന്‍റെ തട്ടകത്തിലെത്തി.
നേത്രാദാമിലെ കൂനനെക്കണ്ട്
ഖസാക്കിലെ അപ്പുക്കിളി
അന്തംവിട്ടു.
ഈയെമ്മെസിന്‍റെ ആത്മകഥയിരിക്കുന്ന
ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന്
ഈയ്യിടെ വന്ന
മുകുന്ദന്‍റെ(കേശവന്‍റെ) അപ്പുക്കുട്ടന്‍
വാവിട്ടു വിലപിക്കാന്‍ തുടങ്ങി
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു.
അലമാരയില്‍ കുഴമറിച്ചില്‍ കണ്ട്
ചിരിച്ചു ചിരിച്ച്
വി.കെ. എന്നിന്‍റെ പയ്യന്‍സ്
തുന്നല്‍വിട്ട് കിടപ്പിലായി.
                                3
ലൈബ്രേറിയന്‍  മരിച്ചതില്‍പ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരള ചരിത്രവും
എന്ന പുസ്തകത്തിന്‍റെ അവസാനപേജില്‍
'വളരെ നല്ല നോവല്‍' എന്ന്
ഒരു വായനക്കാരന്‍
അഭിപ്രായം കുറിച്ചു.
അഴിക്കോടിന്‍റെ തത്വമസി
ബാലസാഹിത്യശാഖയില്‍പ്പെട്ടു.
ശബ്ദതാരാവലി ലൈംഗിക വിജ്ഞാനകോശമായി
കഥ കവിത ലേഖനം നാടകം
തുടങ്ങിയവ അസംബന്ധങ്ങളുടെ
കാറ്റ്ലോഗ് കാണാതായി
                        4
ലൈബ്രേറിയന്‍  മരിച്ചതില്‍പ്പിന്നെ
വായനശാലയ്ക്ക്
കൃത്യമായ പ്രവൃത്തിസമയമില്ലാതായി
എപ്പോള്‍ തുറക്കുമെന്നോ
എപ്പോള്‍ അടയ്ക്കുമെന്നോ
പറയാനാവില്ല.
ഒരിയ്ക്കല്‍, അര്‍ദ്ധരാത്രി
സെക്കന്‍റ് ഷോ കഴിഞ്ഞു  മടങ്ങുമ്പോള്‍
വായനശാലയുടെ ജനലയ്ക്കല്‍
മങ്ങിയവെട്ടം കണ്ട്
ആകാംക്ഷയോടെ പാളിനോക്കി.
ദൈവമേ!
മെഴുകുതിരികളുടെ
മഞ്ഞവെളിച്ചത്തില്‍
ഒരു വലിയ  അതിഥി സല്ക്കാരം
നടക്കുകയാണവിടെ.
എഴുത്തുകാരെയും
കഥാപാത്രങ്ങളെയും കൊണ്ട്
ഹാളിലെ ഇരിപ്പിടങ്ങല്‍
നിറഞ്ഞിരിക്കുന്നു.
അതാ
മഞ്ഞകുപ്പായം ധരിച്ച്
ചുരുട്ടു പുകച്ചു കൊണ്ട്
ഫയദോര്‍ ദസ്തയോവ്സ്കി.
വളഞ്ഞകാലുള്ള വടിയൂന്നിക്കൊണ്ട്
തകഴി ശിവശങ്കരപ്പിള്ള.
തൊപ്പിയൂരിപ്പിടിച്ച്
ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു
പാബ്ളോ നെരുദ.
കോണിച്ചുവട്ടില്‍
ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
എം.ഗോവിന്ദന്‍.
ഇംഗ്ളീഷ് മലയാളം
ഫ്രഞ്ച് റഷ്യന്‍
പല ഭാഷകളില്‍ ഉച്ചത്തില്‍
അവര്‍ സംസാരിക്കുന്നുണ്ടെങ്കിലും
ശബ്ദം പുറത്തുവന്നിരുന്നില്ല.
ഇടയ്ക്ക്, മൂലയില്‍ ഇരുന്ന
വട്ടകണ്ണടയും ജുബ്ബയും ധരിച്ച
ആ മെലിഞ്ഞ ചെറുപ്പക്കാരന്‍-
അതെ ചങ്ങമ്പുഴ തന്നെ-
ഒഴിഞ്ഞ ഗ്ളാസ്സുയര്‍ത്തികൊണ്ട്
എന്തോ വിളിച്ചു പറഞ്ഞു.
ഉടന്‍തന്നെ
അലമാരകള്‍ക്കു പിന്നില്‍ നിന്ന്
ഒരു മനുഷ്യന്‍
നിറഞ്ഞ ചഷകവുമായി
അങ്ങോട്ട് നീങ്ങി.
മെഴുകുതിരി വെളിച്ചത്തില്‍
ഒരു ഞൊടികൊണ്ട്
ആ മുഖം
ഞാന്‍ തിരിച്ചറിഞ്ഞു.
അതെ. ആയാള്‍ തന്നെെ
മരിച്ചുപോയ നമ്മുടെ  ലൈബ്രേറിയന്‍ .
-------------------------------------------------------------------

പുലരി നടത്തം - കുരീപ്പുഴ ശ്രീകുമാർ

ചിലർ അങ്ങനെയാണ് 
പുലരി നടത്തത്തിന് 
കാറിൽ പോകും
കാർ പാർക്ക് ചെയ്തിട്ട്
നഗരത്തിലെ ഉദ്യാനത്തിൽ
അര മണിക്കൂർ
അരയിളകി നടക്കും
ഓഫീസിലെത്തിയാൽ
ഒറ്റയിരുപ്പിരുന്ന്
നാട്ടുകാരെ മുഴുവൻ നടത്തിക്കും
എല്ലാവരുടേയും ആരോഗ്യം
ശ്രദ്ധിക്കണമല്ലോ.

പരമാര്‍ത്ഥം - പി പി രാമചന്ദ്രൻ

ടീച്ചര്‍ ടീച്ചര്‍
ഞങ്ങളെയിനിമേൽ
ചീത്ത വിളിക്കാൻ‍ നോക്കേണ്ട

മൂക്കില്‍ക്കണ്ണട
മീതെക്കൂടി
നോക്കിപ്പേടിപ്പിക്കേണ്ട

ടീച്ചര്‍ ക്ലാസില്‍-
പ്പറഞ്ഞ നുണകൾ
നാട്ടില്‍ മുഴുവന്‍ പാട്ടായി

നദിയില്‍ ജലമൊഴു-
കാറുണ്ടത്രേ
മലകളിലെങ്ങും കാടത്രേ!

ഇടവപ്പാതിയി-
ലെല്ലാടത്തും
ഇടതടവില്ലാമഴയത്രേ!

കൃഷിചെയ്തീടാ-
നത്രേ വയലുകൾ
കുടിവെച്ചീടാനല്ലത്രേ!

കേരളമെന്നാൽ
ദൈവംതന്നുടെ
കേളിപ്പെട്ടൊരു നാടത്രേ!

ഇതുപോൽ മുട്ടൻ
നുണകള്‍ പറഞ്ഞി-
ട്ടിനിയും വിഡ്ഢികളാക്കേണ്ട

ഇരുകണ്ണാലേ
ഞങ്ങള്‍ കാണും
പരിസരമാണേ പരമാര്‍ത്ഥം.
=====================

പുതിയ മാഷന്‍മാര്‍ - റഫീഖ്‌ അഹമ്മദ്

പുതിയ അധ്യയന വര്‍ഷത്തില്‍
മത്തായി മാഷ്‌ ഉണ്ടായിരുന്നില്ല

മുറി മീശയും സൂട്ടും കോട്ടുമിട്ട
പുതിയ മാഷാണ്‌
കണക്ക്‌ പഠിപ്പിക്കാന്‍ വന്നത്‌
ജര്‍മന്‍ ഭാഷയിലായിരുന്നു

മനസ്സിലാവുന്നില്ലെന്നു പറയാന്‍
ആര്‍ക്കും ധൈര്യമുണ്ടായില്ല

ഇറ്റലിക്കാരനായ ഒരു തടിയനാണ്‌
പുതിയ ഹെഡ്‌മാസ്റ്റര്‍
അയാള്‍ നിറച്ച റിവോള്‍വറുമായി
വരാന്തയില്‍ ഉലാത്തിക്കൊണ്ടിരുന്നു

സാമുഹ്യപാഠം പഠിപ്പിച്ചിരുന്ന
സൗമിനിട്ടീച്ചറെയും കണ്ടില്ല

തലയില്‍ തെടിക വെച്ച
ഒരു അറബിയായിരുന്നു പുതിയ മാഷ്‌

മേലാകെ ഭസ്‌മം പൂശിയ
ഭ്രാന്തനെപ്പോലിരുന്ന ഒരാളാണ്‌
ശാസ്‌ത്രം പഠിപ്പിക്കാന്‍ വന്നത്‌

ഡേവിഡ്‌ മാഷെ കാത്തിരുന്ന ഞങ്ങളെ
നിരാശപ്പെടുത്തിക്കൊണ്ട്‌
അയാള്‍ കവിടികള്‍ നിരത്തി

മലയാളം പഠിപ്പിക്കാന്‍
നീലകണ്‌ഠന്‍ മാഷ്‌ വന്നില്ല
ആ പിര്യേഡില്‍ ഞങ്ങളെ ഒരാള്‍
ഗ്രനേഡ്‌ ഉണ്ടാക്കാന്‍ പഠിപ്പിച്ചു

പി ടി മാഷ്‌ക്കു പകരം വന്നത്‌
ഒരു ജപ്പാന്‍കാരന്‍

അയാള്‍ ഞങ്ങളെ മുട്ടിലിഴയാനും
കണ്ണുകെട്ടി നടക്കാനും പരിശീലിപ്പിച്ചു

മേല്‍പ്പുരയില്‍ ഓടിന്റെ വിളുമ്പുകളില്‍
കൂടുകൂട്ടിയിരുന്ന പ്രാവുകളെല്ലാം പോയിരുന്നു

മുറ്റത്തെ പടര്‍ന്നു പന്തലിച്ച മാവ്‌ മുറിച്ചുമാറ്റി
നിലം മുഴുവന്‍ ടൈലിട്ടു

ഉറുമ്പുകളോട്‌ സംസാരിച്ചതിന്‌
അഞ്ചിലെ അപ്പുവിന്റെ തല മൊട്ടയടിച്ചു

സ്‌കൂളിനു പുറത്ത്‌ കപ്പലണ്ടി വിറ്റുനടന്നിരുന്ന
കൃഷ്‌ണേട്ടനെ അവിടെനിന്ന്‌
ഹെഡ്‌മാസ്റ്റര്‍ ഓടിച്ചു

അയാള്‍ അങ്ങാടിയില്‍ ചെന്നു പറഞ്ഞു
സ്‌കൂളിപ്പോള്‍ പഴയപോലെയല്ല

ഭയങ്കര അച്ചടക്കമാണ്‌.

ചാക്കാല - കടമ്മനിട്ട

അങ്ങേലെ മൂപ്പീന്നു ചത്തോടീ
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവനു
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ
കോടിയിടേണം പുകല വേണം
കാണിക്കാൻ കണ്ണുനീരിറ്റു വേണം
വെറ്റില തിന്നു ചവച്ചു തുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം
ചാവിന്നു ബന്ധുത്വമേറുമല്ലൊ
ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാവഴിയടച്ചു
എലുകക്കല്ലൊക്കെ പിഴുതു മാറ്റി
അതിരിലെ പ്ലാവിന്റെ ചോടു മാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറൂരി വിട്ടു തയ്യിൻ
തല തീറ്റിയെതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടുകണ്ണിൽ
ഈറകടിച്ചു കുശുമ്പു കുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെകാണുവാൻ വന്നവരോ-
ടെണ്ണിയ ദൂഷണമെത്രമാത്രം!
പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
കുരുതി പുഴുങ്ങി,യുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലു പൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല.
തരവഴി കാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്‌.
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിനും നാം മോശമല്ല.
അയൽദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം.
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
എങ്കിലുമങ്ങേരു ചത്തല്ലൊ
എന്തൊക്കെയായാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്നു വരുത്തരുത്

മക്കളോടൊന്നു പറഞ്ഞേരു
വായ്ക്കരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേരു
നഷ്ടം വരാനതിലൊന്നുമില്ല.
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ്‌ പെരുമാറാം ദോഷമില്ല.

ശവശരീരത്തിലെ പൂക്കള്‍ - എ. അയ്യപ്പന്‍

പറയന്‍ പ്രാപിച്ച അന്തര്‍ജ്ജനത്തിന്റെ
തുളസിപ്പൂമുറ്റം കണികണ്ടു ഞാനുണരുന്നു

തുളസിത്തറയിലെ  അന്തിത്തിരിയും
നിലത്തെ  മണ്‍കോലങ്ങളും
സ്വപ്നത്തില്‍ നിറയുന്നു

പാതിരാവില്‍
പറയന്റെ കാലടിച്ചവിട്ടേറ്റ്
കോലങ്ങളുടെ പത്തികള്‍  ചതയുന്നു

ഒരു സര്‍പ്പം
നഗ്നതയുടെ നാഗഫണമായ് വന്നു
നെറ്റിയിലും ചങ്കിലും കൊത്തി
നീല വര്‍ണ ജഡമാക്കുന്നു.

ഞരമ്പുകള്‍ മുറിഞ്ഞ്
രക്തപ്രവാഹങ്ങളെങ്ങോട്ടൊഴുകണമെന്നറിയാതെ
തളംകെട്ടിനില്‍ക്കെ
ആരുടെ മകുടിയൂത്തു കേട്ടാണ്
അതെന്നില്‍ നിന്നിഴഞ്ഞിഴഞ്ഞുപോയത്
തുളസിപ്പൂ മണമുള്ള വിരലുകളാല്‍ തഴുകി
ആര്
എന്റെ  നീലവര്‍ണ ജഡത്തിന്
ചോരയോട്ടം നല്‍കി.

Friday, August 19, 2016

കൃഷ്ണഗാഥ - ചെറുശ്ശേരി

കൃഷ്ണഗാഥയിലെ ഏതാനും വരികള്‍
 

ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രികാ മെയ്യിൽ പരക്കയാലെ
പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
നീലാഭമായൊരു ശൈലംപോലെ
മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ
കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ
കീർത്തിയെവാഴ്ത്തുവാനോർത്തുനിന്നീടുമെൻ
ആർത്തിയേ തീർത്തു തുണയ്ക്കേണമേ.
ദേശികനാഥൻതൻ പാദങ്ങളേശുമ
പ്പേശലമായൊരു രേണുലേശം
ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാൻ ആശയംതന്നുള്ളിലാക്കുന്നേൻ ഞാൻ
വാരണവീരൻതന്നാനനം കൈക്കൊണ്ടു
പൂരിച്ച വന്മദവാരി മെയ്യിൽ
നിന്നു വിളങ്ങുന്ന ദൈവതംതൻ കനി
വെന്നും വിളങ്ങുകയെന്നിൽ മേന്മേൽ;
ഭാരതീദേവിതൻ ഭൂരിയായുള്ളോരു
കാരുണ്യപൂരവും വേറിടാതെ
നന്മധുവോലുന്ന നന്മൊഴി നൽകുവാൻ
തണ്മകളഞ്ഞു വിളങ്ങുകെന്നിൽ
ഭാരതമായൊരു പീയൂഷരാശിക്കു കാരണമായൊരു വാരിധിയായ്
വ്യാസനായുള്ളോരു മാമുനിതൻ കൃപ ദാസനാമെന്നിൽ പുലമ്പേണമേ.
മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു
കാടായിച്ചൊല്ലുവാൻ ഭാവിക്കുന്നു;
ഭൂരികളായുള്ള സൂരികളെല്ലാരും
ചീറാതെ നിന്നു പൊറുക്കേണമേ
സംസാരമോക്ഷത്തിൻ കാരണമായതോ
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
എന്നതുതന്നെ വരുത്തിനിന്നീടുവാൻ
ഇന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.
ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
ഗാഥയായ് ചൊല്ലുന്നു ഭാഷയായി
നിർഗ്ഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ
നിർഗ്ഗുണമായതു ചേരുമപ്പോൾ
കാടായിച്ചൊല്കിലും കൈടഭവൈരിതൻ
നീടാർന്നുനിന്നുള്ള ലീലയല്ലോ
എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ
മന്ദതയിന്നിതു നിർമ്മിക്കുമ്പോൾ
മാധവനാമമരപ്രഭൂവെന്നതോ
മാപാപം പോക്കുന്നോനെന്നു കേൾപ്പൂ
എന്നതുകൊണ്ടു ഞാൻ വന്ദ്യരായുള്ളോരെ
വന്ദിച്ചുകൊണ്ടിതു നിർമ്മിക്കുന്നു.
പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ,
ദേവകീസൂനുവായ്മേവിനിന്നീടുന്ന
കേവലൻതന്നുടെ ലീലചൊൽവാൻ
ആവതല്ലെങ്കിലുമാശതാൻ ചെല്കയാൽ
ആരംഭിച്ചീടുന്നേനായവണ്ണം.

ഉപമകള്‍ - വീരാന്‍കുട്ടി

ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ

പ്രേമസംഗീതം - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I
ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്
II
പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന ദോഹദകാലത്തിൽ
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിരന്നോർ, ബാന്ധവ,രിഷ്ടന്മാർ
പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്
III
പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽഭാവവിഡംബനപാടവമാർന്ന നടൻ
പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം
ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളില-
ർക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം
IV
നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരഖ്യമങ്ങേ നർത്തനഗനമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,
പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !

ബുദ്ധനും ഞാനും നരിയും - ഇടശ്ശേരി

അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും
നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ!
ഒരു കാട്ടുപാതയി, ലരമൈല്‍ നടന്നാല- ക്കരയായീ നമ്മുടെ ചെറ്റമാടം.
കരയുന്നുമുണ്ടാവാം പൊരിയുന്നുമുണ്ടാവാം ദുരിതമേ നാലഞ്ചു മക്കളിപ്പോള്‍
വലയും കുടുംബിനി തലതല്ലിക്കൊണ്ടെന്റെ വരവും പ്രതീക്ഷിച്ചിരിപ്പുമുണ്ടാം
ചുമലിലൊരിത്തിരി റേഷനരിക്കിഴി ചുടുചിന്താഭാരങ്ങള്‍ നെഞ്ചറയില്‍
പെരുവഴിയിങ്കലൂടെങ്കിലോ, ദുര്‍ഘട-
മൊരുകാതം പോകണം ലക്ഷ്യമെത്താന്‍!
കഴല്‍ നീങ്ങീ കാട്ടിലേ, യ്ക്കന്തിയാണമ്പിളി- ക്കലയുണ്ടേ മാനത്തിന്‍ ദംഷ്ട്രം പോലെ
ഉരസിപ്പോം കുന്നിന്റെ ചരിവുമക്കണ്ടക-
നിരയും മെതിച്ചു നടക്കയായ് ഞാന്‍.
നരി വന്നാല്‍-വന്നോട്ടേ, സുപരീക്ഷിതങ്ങളെന്‍ ചരണങ്ങള്‍, ഞാനൊരു പെണ്ണല്ലല്ലോ
നരി കണ്ടോനേറിയാല്‍ നായാട്ടുനായ്ക്കളെ;-
ശ്ശരി, ഞാനോ വാറണ്ടു ശിപ്പായ്മാരെ!
പകുതിയും പിന്നിട്ടൂ വഴിയിപ്പോളെത്തീ ഞാന്‍ സുഗതനാം ബുദ്ധന്‍ തന്‍ സന്നിധിയില്‍
പഴയൊരപ്പാറക്കല്‍ പ്രതിമയുണ്ടപ്പോഴും പരിശുദ്ധി ചുറ്റും പൊഴിച്ചു നില്പൂ
ഒരു കാലത്തുല്‍ക്കൃഷ്ടര്‍ ബുദ്ധഭിക്ഷുക്കളി- ത്തരുനീലത്തണല്‍കളില്‍ വാണിരിയ്ക്കാം.
ഒരു കാലം നിഷ്‌കൃഷ്ടാ ഹിംസയെപ്പറ്റിയും കരുണയെപ്പറ്റിയും ചൊല്ലിച്ചൊല്ലി
കരയിച്ചിട്ടുണ്ടാവാം കഠിനാമര്‍ഷത്താലേ
കരള്‍ തിന്നാനൂന്നും വിരോധിമാരെ.
തനതു സന്ദേശത്തിന്‍ സഫലപ്രയോഗത്താ- ലനഘമാം പാരിനെക്കണ്ടു കണ്ടേ
ചരിതാര്‍ത്ഥനായ് ധ്യാനനിരതനായ് വാഴ്കയാ- മിരുപതു നൂറ്റാണ്ടായ് മുനിയിവിടെ,
ഇരതേടും ക്രൗര്യങ്ങള്‍ നഖരമുരപ്പതു-
മറിയാതാം ധ്യാനപരതയോടെ!
ഇരുളുന്നു ചുറ്റിലു, മറിയാതായ് വെവ്വേറെ- ത്തളിരും മലരും കരിയിലയും
അറിയാറായൊ, ന്നതാ 'ചൊകചൊകെ' മിന്നുന്നു നരിയുടെ നിര്‍ദ്ദയക്കണ്‍കള്‍ മാത്രം!
ഒരു ഞൊടി ഒരു ഞൊടി പോരുമന്നരകമെന്‍ പിരടിയ്ക്കു ചാടുവാനെന്നായിട്ടും
കഴല്‍ പിന്തിരിഞ്ഞീല, നീണ്ടോരിരുകാതം വഴിവളഞ്ഞിട്ടെന്റെ കുടിലിലെത്താന്‍
അവിടെയെന്നുള്‍ക്കണ്ണാല്‍ക്കാണുന്നൂ ഞാനേറെ വിവശിതമാമെന്‍ കുടുംബചിത്രം:
സുമധുരപ്പാലറ്റ മുലയില്‍ നിന്നമ്മത- ന്നുയിര്‍നിണം തന്നെ വലിച്ചിറക്കി
വികൃതമെലിമ്പുന്തും മാറത്തമരുമാ-
ദുരിതത്തിന്‍ തൂമുഖത്തിന്നു നേരെ
മിഴിതുറിച്ചാര്‍ത്തിയാല്‍ രോഷത്താലായിരം കഠിനശാപങ്ങളെറിയുവോളെ;
അവളുടെ മുമ്പില്‍ നിന്നാര്‍ത്തലച്ചുന്മത്തം
നില തെറ്റിക്കേഴുന്ന മൂത്തവരെ,
'വരു നല്ല മാര്‍ഗ്ഗത്തൂടിരുകാത' മെന്നാരു
പറയു, മയാള്‍ക്കില്ല ഹൃദയലേശം!
നരിയെന്റെ നേര്‍ക്കു നിരങ്ങി നിരങ്ങിക്കൊ- ണ്ടരികത്തടുക്കയാണെന്തു ചെയ്യും?
ഇരയായ് ഞാന്‍ വീഴണോ, മടയില്‍ നിന്മക്കള്‍ തന്‍
പൊരിയും വയറ്റിലേയ്‌ക്കെത്തണോ ഞാന്‍
ഇരയായീ പണ്ടേതോ ജന്മത്തില്‍ നിന്നെപ്പോ- ലൊരു ഹിംസ്രജന്തുവിന്നിസ്സുഗതന്‍
കരുണയാലത്യാഗം; കരുണതന്‍ പേരില്‍ത്താ- നൊരു വാക്കു കൂറട്ടെ നരിയമ്മാനെ!
ചുമലിലൊരിത്തിരി റേഷനരിക്കിഴി;
ചുടു നെടുവീര്‍പ്പിതും കണ്ടില്ലേ നീ?
തരമായടുത്തവന്‍ ചാടാറായ്-ഞാനാക്കല്‍- പ്രതിമയാ ക്രൂരന്റെ മുതുകില്‍ത്തള്ളി
അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരിതിന്നാല്‍ നന്നോ മനുഷ്യന്മാരെ!
വയറൊട്ടു വീര്‍ത്തപ്പോള്‍ കളിചിരി പൂണ്ടൊട്ടെ- ന്നുയിരൊത്ത മക്കളുറക്കമായി
മധുരമൊരുമ്മ കൊടുത്തെന്‍ കുടുംബിനി മുതുനിവര്‍ത്തുന്നുണ്ടവര്‍തന്‍ ചാരെ
പരമമീ ലക്ഷ്യത്തില്‍സ്സമസൃഷ്ടച്ചെഞ്ചോര പുരളാനിടയാ, യെന്‍ തെറ്റു തന്നെ
ഇരുകാതം താണ്ടി ഞാന്‍ വരുവോളമെന്മക്കള്‍ പൊരിയുകില്‍ച്ചാവുകില്‍ത്തെറ്റല്ലെന്നോ?
ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗ്ഗവും ലക്ഷ്യവു- മിടറിയോ, ഞാനൊന്നു തലചായ്ക്കട്ടെ.

ചന്ദ്രന്‍ ജി ശങ്കരക്കുറുപ്പ്

അടിവെച്ചടിവെച്ചുയര്‍ന്ന കുന്നിന്‍
മുടിയില്‍ക്കൂടി വിയത്തിലേക്കു ചാടി
ചൊടിയോടെവിടേക്കു തിങ്കളേ,നീ-
യടിയില്‍ പോരുക കൂട്ടിനുണ്ടു ഞങ്ങള്‍.
ചെറുവെണ്‍മുകിലോടിവന്നു നിന്‍മെയ്
മുറുകെ പുല്‍കുവതെന്തയയ്ക്കയില്ലേ?
നറുപുഞ്ചിരിപൂണ്ടു നിന്നിടുന്നു
വെറുതേ നീ.,പറയാനറിഞ്ഞുകൂടേ?
കുളിരമ്പിളി നിന്നെ ഞാന്‍ പിടിക്കും
പുളിമേല്‍ക്കേറ്റിയൊരാളിരുത്തിയെങ്കില്‍
പൊളിയല്ലിവിടേക്കിറങ്ങി വന്നാല്‍
കളിയാടിക്കഥയും പറഞ്ഞുറങ്ങാം.
മുകില്‍ മുമ്പിലൊരാനയായി നില്പൂ
മുതുകില്‍ കേളിയിലേറി നീയിരിപ്പൂ
മുതിരുന്നിതൊരുത്സവം നടത്താന്‍
മുഖമേറെത്തെളിയുന്ന താരകങ്ങള്‍.
പെരികെക്കൊതിയുണ്ടെനിക്കുടന്‍ നി-
ന്നരികത്തെത്തുവതിന്നു.,പോന്നുവെന്നാല്‍
ശരിയാവുകയില്ല,ഞാന്‍ നിമിത്തം
പരിതാപം ജനനിക്കു വായ്ക്കുമല്ലോ.
(ഇളംചുണ്ടുകള്‍)

സഖാവ്‌ - സാം മാത്യു എ ഡി

നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ്‌ സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ.
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കു പിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ.
എത്ര കാലങ്ങളായ്‌ ഞാൻ ഈയിട-
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ്‌
നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞൂ വസന്തം
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീതപുഷ്പങ്ങളാറിക്കിടക്കുന്നു.
കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നത്‌.
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ്‌ പിറന്നിടും