Wednesday, February 8, 2017

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ - സച്ചിദാനന്ദൻ

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളെ കല്ലിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കുക എന്നർത്ഥം
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുകും പുരണ്ട
അവളുടെ പകലിനെ സ്വർഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുക എന്ന്
രാത്രി ആ തളർന്ന ചിറകുകൾക്ക് ചേക്കേറാൻ
ചുമലു കുനിച്ചു നിൽക്കുന്ന തളിരു നിറഞ്ഞ മരമായ് മാറുകയെന്ന്.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾക്കു കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി കപ്പലിറക്കുകയെന്നർത്ഥം.
ഒരു സ്ത്രീയേ സ്നേഹിക്കുകയെന്നാൽ അവളുടെ പ്രാചീനമായ വടുക്കളിൽ നിന്ന് സൂര്യരശ്മി പോലെ കൂർത്തൊരു വാൾ
കണ്ടെത്താൻ അവളെ സഹായിക്കുകയാണ്
എന്നിട്ട് ചോര വാർന്നു തീരും വരെ
ആ മൂർച്ഛയിൽ സ്വന്തം  ഹൃദയം അമർത്തി കിടക്കുകയാണ്.

ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.

Tuesday, February 7, 2017

ഫിദലിന് ഒരു കവിത - ചെഗുവേര

''ഫിദലിന്  ഒരു  കവിത'' - ചെഗുവേര
വിവര്‍ത്തനം: സച്ചിദാനന്ദന്‍...

നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.

ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.
ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.

ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.

നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.

സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.
അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.

ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.

സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.

ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം.

(മൂന്നാംലോക കവിത എന്ന പുസ്തകത്തില്‍ നിന്ന്)

ഒരു പെണ്ണ് എഴുതുന്നത് - ശീതൾ ബാലകൃഷ്ണൻ

ബുള്ളറ്റ് സ്റ്റണ്ട് നടത്തണമെന്നൊന്നും പറയുന്നില്ല,
പക്ഷേ പിൻ സീറ്റ് മാത്രമേ എനിക്കുള്ളൂ എന്ന് പറയരുത്.

നിന്നെ പിന്നിൽ പതിയെ പിന്തുടരുന്നതിൽ എനിക്ക് വിരോധമില്ല,
ഒറ്റവഴി തീരെ ചെറുതാണെങ്കിൽ മാത്രം.

നിന്റെ ശരീരത്തിനു തന്നെ ബലം,
പക്ഷെ എന്റെ ആത്മാവിനു ബലമില്ലെന്നു പറയരുത്.

നിനക്ക് ചോറ് വിളമ്പിത്തരില്ലെന്ന് ഞാൻ പറയില്ല,
നീ നിന്റെ പാത്രം കഴുകില്ലെന്ന് മാത്രം പറയരുത്.

നീ എന്നെ അമ്പലത്തിൽ കയറ്റാതിരുന്നോളൂ,
പക്ഷെ നീ എന്നെക്കാളും ശുദ്ധനെന്നു മാത്രം പറയരുത്.

ഞാൻ നിനക്ക് വേണ്ടി സാരിയണിയുമായിരിക്കും,
പക്ഷേ ബിക്കിനിയിട്ടാൽ ബലാത്സംഗിച്ചു കളയാമെന്ന് വിചാരിച്ചേക്കരുത്.

നീ ജോലി ചെയ്തു തളർന്നിരിക്കാം,
പക്ഷെ എന്റെ ചട്ടുകം പിടിച്ച കയ്യിലെ തഴമ്പ് കാണാതിരിക്കരുത്.

നീയ്യെന്നെ പെങ്ങളായി തന്നെ കാണണമെന്നില്ല,
പക്ഷെ സുഹൃത്തുക്കളില്ലാത്ത നിന്നോട് എന്ത് പറയാൻ.

മുലയൂട്ടില്ലെന്നെന്നൊന്നും പറയില്ല ഞാൻ,
പറയാതെ കുഞ്ഞിന്റെ ഉടുപ്പ് നീ മാറ്റുമെങ്കിൽ.

നിന്റെ സിക്സ്പ്പായ്ക്കും സെക്സ്പ്പിക്കും ആർക്കു വേണം,
നെഞ്ചിൽ അലയടിക്കുന്ന സ്നേഹമില്ലെങ്കിൽ.

ബസ്സിൽ എനിക്ക് പ്രത്യേക സീറ്റൊന്നും വേണ്ട,
പൊട്ടാൻ തയ്യറായി നിൽക്കുന്ന നിന്റെ ഞരമ്പ് വീട്ടിൽ വച്ചിട്ട് വന്നാൽ.

ദേവിയായിട്ടൊന്നും കാണണ്ട പൊന്നേ,
ദേഹമായി മാത്രം കാണാതിരുന്നാൽ മതി.

പിടിക്കോഴിയെ കൂവ്വിക്കണമെന്നൊന്നും ഇല്ല,
അല്ലെങ്കിൽ തന്നെ പിടിപ്പത് പണിയുണ്ട്.

കൊടുമുടി കീഴടക്കിയതും ബഹിരാകാശം ജയിച്ചതൊന്നും പറയുന്നില്ല,
അതിൽ എന്താ ഇത്ര പറയാൻ.

ആർത്തിപ്പൂണ്ട് നീ എന്നെ നയനഭോഗം ചെയ്യുമ്പോൾ,
ആക്രാന്തവുമായി മകൻ നിന്റെ പിന്നാലെ ഉണ്ടെന്ന് മാത്രം ഓർക്കുക.

നിന്റെ തലയ്ക്കു മുകളിലിരിക്കുന്നമെന്നില്ല എനിക്ക്,
കൂടെയിരിക്കാനാണ് ആഗ്രഹം, വിവാഹ പന്തലിലെന്ന പോലെ.

നീ പ്രസവിക്കണമെന്ന് ഞാൻ പറയില്ല,
പക്ഷെ മക്കളുടെ മൂക്കിള തുടയ്ക്കില്ലെന്ന് പറയരുത്.

അടുക്കള എന്റെ മാത്രം തടവറയാണ്,
നീ പനി പൂണ്ട് വിറയാർന്നു കിടക്കുന്ന നാളുകളിൽ മാത്രം.

എന്റെ തോളുകൾ നിനക്കു തന്നെ,
നിന്റെ തോളുകൾ എനിക്കുള്ളപ്പോൾ.

ഇതൊക്കെ ചോദിച്ച് വാങ്ങുന്നത്,
അറിഞ്ഞ് തരാൻ നിനക്ക് നാണമില്ലാതെ പോവുമ്പോഴാണ്, ക്ഷമിക്കുക.

സൈനികന്റെ ആത്മഗതം - സച്ചിദാനന്ദന്‍

എന്റെ കൈകളില്‍
രക്തം പുരണ്ടിരിക്കുന്നു.
ശത്രുവിന്‍റെത് എന്ന് രാഷ്ട്രം
മനുഷ്യന്റേത് എന്ന് ഞാന്‍.

അവന്റെ വീഴ്ച എന്റെ കണ്ണില്‍ നിന്ന്
മായുന്നതേയില്ല.
ആശ്ലേഷിക്കണം എന്നുണ്ടായിരുന്നു
കുടുംബത്തെയും കുഞ്ഞുങ്ങളെയും കുറിച്ച്
ചോദിക്കണം എന്നുണ്ടായിരുന്നു
പക്ഷെ അവനെ ഞാന്‍ ഭയന്നു,
അവന്‍ എന്നെയെന്നപോലെ തന്നെ.

ആരായിരുന്നു ആ ഭയം സൃഷ്ടിച്ചത്?
അതിര്‍ത്തികള്‍ സൃഷ്ടിച്ചവര്‍ തന്നെ.

എനിക്ക് അവന്റെ പ്രിയപ്പെട്ടവരോട്
മാപ്പു പറയണം. അവന്റെ കുഞ്ഞിനു മുന്നില്‍
മുട്ടു കുത്തണം.

നിറയൊഴിക്കുംമുന്‍പ് ഞാന്‍ അവന്റെ
കണ്ണിലേക്കു നോക്കി, അവിടെ അല്‍പ്പമെങ്കിലും
ക്രൂരത ഉണ്ടായിരുന്നെങ്കില്‍ എനിക്കു
അതൊരു ന്യായമായേനെ. ഇല്ല.
മൈത്രി, കരുണ, ദു:ഖം, മാത്രം.

നെഞ്ചുപൊത്തി വീഴുമ്പോള്‍ അവന്‍
എന്താവും ഓര്‍ത്തിരിക്കുക?
സ്കൂളില്‍ പോകും വഴി പറിച്ചു തിന്ന
കാട്ടുപഴത്തിന്റെ മധുരച്ചവര്‍പ്പ്?
ചെറുപ്പത്തില്‍ കൂട്ടുകാരൊത്തു
പാടിയ പാട്ട്? കാമുകിയ്ക്കെഴുതിയ
അവസാനത്തെ കത്ത്?
നാട്ടിന്പുറത്തെ ഇടവഴിയില്‍ നട്ടിരിക്കുന്ന
അമ്മയുടെ കാഴ്ച മങ്ങിയ കണ്ണുകള്‍?
വിളഞ്ഞ നെല്‍വയലിലെ കുളിര്‍കാറ്റ്?
തന്റെ ശവപ്പെട്ടി വണ്ടിയില്‍ നിന്ന്
ഇറക്കുന്നതു കാണുമ്പോള്‍
അനിയത്തിയുടെ കരച്ചില്‍?

സൈനികന്നു വികാരം വിധിച്ചിട്ടില്ല.
മുളയില്‍തന്നെ ചോദ്യങ്ങള്‍ കരിയുന്ന
മരുഭൂമിയിലൂടെയുള്ള നടത്തം മാത്രം.
കേവലം തളിക്കുന്നവന്റെ കല്‍പ്പന കേള്‍ക്കുന്ന
ആടിന്റെ അവസാനിക്കാത്ത മൌനം മാത്രം
കഴുത്തില്‍ കത്തി വീഴുന്ന കാളയുടെ
ആന്തലും പിടച്ചിലും മാത്രം.

വീരഗാഥകള്‍ക്കു വിട.
ഒരു സ്വര്‍ഗ്ഗവും എന്നെ കാത്തിരിക്കുന്നില്ല.

നരകത്തില്‍ നാം ഒരേ പാത്രത്തില്‍ നിന്ന് വിഷമുണ്ണും.
മുള്‍മെത്തയില്‍ ഒന്നിച്ചുറങ്ങും
അതിരുകള്‍ ഇല്ലാതാകുന്ന ഒരു ലോകത്തിന്റെ
അസാധ്യസ്വപ്നം കണ്ടു ഒന്നിച്ചു പൊട്ടിക്കരയും.

വിസ്മയയുടെ കത്ത് - മനോജ് മലയിൽ

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ –
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ,
കൊന്നുവെൻ നിങ്ങളെൻ ജീവിതത്തൂണിനെ?

കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ?
കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ
കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം-
മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ?
കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ?

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ

ഇഷ്ടം - പവിത്രൻ തീക്കുനി

ഒരു മഞ്ഞു തുള്ളിയിൽ
ജീവിതം കാട്ടുന്ന
കറുകയോടാണെ-
നിക്കേറേയിഷ്ടം

ഒരു മാത്ര മാത്രം
ജീവിച്ചു തീർക്കുന്ന,
നീർക്കുമിളയോ -
ടാണെനിക്കേറെയിഷ്ടം

ഒരു ദീപ നാള_
ത്തിലെരിയുവാനാ-
യുന്നൊരിയ്യ ലോടാ -
ണെ നിക്കേറേയിഷ്ടം

ഒടുവിലെന്നെ നീ ,
യിട്ടേച്ച്, പോകുമ്പോൾ ,
ഒടുങ്ങാത്ത, നിന്ന-
സാന്നിധ്യവും, നോവു -
മെനിക്കേറെയിഷ്ടം!

Sunday, February 5, 2017

കത്തുകൾ - അൻവർ കോഡൂർ

വേരുകൾ
പൂമ്പാറ്റകൾക്കയച്ച
പ്രണയ ലേഖനങ്ങളാണ്
പൂവുകൾ.
നനഞ്ഞ ചുംബനങ്ങളിൽ
ഹൃദയ മന്ത്രങ്ങളെഴുതി
പൂമ്പാറ്റകൾ
വേരുകൾക്കയക്കുന്നുണ്ട്
മറുപടി.
പൂക്കൾ ഇറുത്തു മാറ്റുമ്പോൾ
നിലച്ചുപോകുന്നു
പ്രകൃതിയുടെ
നിഗൂഢ സമ്പർക്കങ്ങൾ
പൗരാണികമായ കത്തിടപാട്.

പ്രണയിക്കാത്തവർ

പ്രണയിക്കാത്തവരെ
എവിടെ വെച്ചും
എളുപ്പത്തിൽ തിരിച്ചറിയാം

നടക്കുമ്പോള്‍
അവരുടെ കാലടികൾ
മണ്ണില്‍
ആഴത്തില്‍ പതിയില്ല

വെയിൽ
അവരുടെ കണ്ണുകളെ
പൊള്ളിക്കുകയോ
മഴ
അവരുടെ ഹൃദയത്തിലേക്ക്
ചോർന്നൊലിക്കുകയോ ചെയ്യില്ല

ആകാശം
അവർക്ക്
പക്ഷികൾക്ക് പറക്കാനുള്ള
വഴികൾ മാത്രമാണ്

കടൽ
അവർക്ക്
കപ്പലോടിക്കാനും
മീൻ പിടിക്കാനുമുള്ള
വെറും ജലാശയം മാത്രവും

കാട്
മരങ്ങളുടെ കൂട്ടവും
ക്രൂരമൃഗങ്ങളുടെ കൂടും മാത്രമാണ്

നിലാവ്
ഇരുട്ടത്ത് നടക്കാനുള്ള വെളിച്ചവും

മഴ
വേനലിൽ
കിണർ വറ്റാതിരിക്കാനുള്ള
ജല സമൃദ്ധിയും മാത്രമാണ്

നിദ്ര
നേരം വെളുപ്പിക്കാൻ വേണ്ടി മാത്രമുള്ള വെറും നേരമ്പോക്കും

ഓർമ്മ
മറക്കാൻ വേണ്ടി മാത്രം
ഓർത്തുവെക്കുന്ന തോന്നലുകളും

മറവി
സ്മൃതിമാലിന്യങ്ങൾ
വലിച്ചെറിയാനുള്ള
ചവറ്റുകുട്ടയും മാത്രമാണ്

പ്രണയിക്കാത്തവർ
എത്ര ഭാഗ്യവാൻമാരാണ്

എപ്പോള്‍ വേണമെങ്കിലും
അവർക്ക് ചിരിക്കുകയോ
കരയുകയോ ചെയ്യാം

അവർ
കൊഴിഞ്ഞ പൂക്കളെ നോക്കി
സങ്കടപ്പെടില്ല

വാടിയ ഇലകളിൽ
ചവിട്ടി നടക്കുമ്പോള്‍
മരത്തെ ഓർക്കില്ല

ഒടിഞ്ഞ ചില്ലകൾ കാണുമ്പോള്‍
കരിഞ്ഞ തൂവലുകളിൽ തൊടില്ല

വറ്റിയ നദി മുറിച്ചുകടക്കുമ്പോൾ
അവരുടെ കാലടികൾ പൊള്ളില്ല

പ്രണയിക്കാത്തവരുടെ രക്തത്തിൽ
ഏകാന്തയുടെ വിഷം കലരില്ല

അവരുടെ വാക്കുകളെ
മൗനം മുറിവേൽപ്പിക്കില്ല

അവരെഴുതുന്ന കവിതകളിൽ
വെടിയേറ്റ പാടുകളുണ്ടാവില്ല

പ്രണയിക്കാത്തവരെ
എളുപ്പം കണ്ടുപിടിക്കാം

അവരുടെ കാലുകളിൽ നിന്ന്
ഒരിക്കലും
ചങ്ങലക്കിലുക്കം കേൾക്കില്ല.........

Saturday, February 4, 2017

ആദ്യപ്രേമം -സച്ചിദാനന്ദൻ

ആദ്യപ്രേമം
ആദ്യത്തെ മുയല്‍ പോലെയാണ്
ചുവന്ന മിഴികളും ഉണര്‍ന്ന ചെവികളുമായി
മഞ്ഞു വീണ മേച്ചില്‍ പുറങ്ങളില്‍
ചാടി നടക്കുന്ന പതു പതുത്ത അത്ഭുതം
അതിനെ ഇണക്കിഎടുക്കുക എളുപ്പമല്ല
അടുത്ത് എത്തുമ്പോഴേക്കും
അത് ഓടിയൊളിക്കുന്നു
അതിനു ഭയമാണ്,വന്യ വാസനകളുടെ
മുഴങ്ങുന്ന ഗര്‍ജനങ്ങളെ
ഒരു ദല മര്‍മ്മരം പോലും
അതിന്‍റെ ചെവി പൊട്ടിക്കുന്നു
ഒരു പനിനീര്‍ പൂവിന്‍റെ സുഗന്ധം പോലും
അതിന്‍റെ മൂക്ക് പൊള്ളിക്കുന്നു
ഒടുവില്‍ തീവ്ര പ്രണയത്തിന്‍റെ
കടും വെളിച്ചം കൊണ്ട് കണ്ണ് മഞ്ഞളിപ്പിച്ചു
നാമതിനെ പിടി കൂടുന്നു .
എങ്കിലും മടിയിലിരുത്തി
ഒന്ന് തലോടുമ്പോഴേക്കും
അത് മഞ്ഞു പോലെ അലിഞ്ഞലിഞ്ഞു
കാണാതാവുന്നു
അതിരുന്നിടത്ത് വെളിച്ചം തുടിക്കുന്ന
ഒരു മഞ്ഞിന്‍ തരി മാത്രം ബാക്കിയാവുന്നു ,
ഘനീഭവിച്ച ഒരു കണ്ണീര്‍ തുള്ളി.
----------------------------------------------

ആകാശ മിഠായി - കൽപ്പറ്റ നാരായണൻ


കൂട്ടുകാരന്റെ മകളുടെ പേര്
മഴയാണെന്നറിഞ്ഞപ്പോൾ
മനസ്സ് തെളിഞ്ഞു
സാറാമ്മായുടെയും കേശവൻനായരുടെയും 
സങ്കടം
വൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ

വംശ മുദ്രയില്ലാത്ത
ജാതി മുദ്രയില്ലാത്ത
ജീവജാതികൾക്കെല്ലാം മീതെ
തുല്യമായ ഉത്സാഹത്തോടെ
പെയ്തിറങ്ങുന്ന മഴ
ആദ്യമായൊരുവളുടെ പേരായിരിക്കുന്നു 
മഴ പോലെ നല്ലൊരു പേര്
എത്രകാലം കൂടിയിട്ടാണ്‌
ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്?
കുഞ്ഞായിരിക്കുമ്പോഴേ
അവൾക്കു പേരായി
മഴയ്ക്കുമുണ്ടാകില്ലേ കൊതി
വീടായി കുടുംബമായി കഴിയാൻ
നാട്ടിലെത്താനും വീട്ടിലെത്താനും
ഓർമ്മിപ്പിക്കുന്ന ചുമതല
കാലങ്ങളായി വഹിക്കുന്നതല്ലേ,
അടച്ചിട്ട വാതിലിനു പിന്നിൽ
ജന്മത്തിനു പിന്നിൽ എന്ന പോലെ
ഏറെ കാലം ക്ഷമയറ്റ് നിന്നതല്ലേ,
പഴുത് കിട്ടിയപ്പോഴൊക്കെ
അകത്ത് കയറി നോക്കിയതല്ലേ.
ഇനി മഴ
കുട ചൂടി
കൈയ്യിൽ പുസ്തകങ്ങളുമായി
മുറ്റത്ത്‌നിന്നേ അമ്മേ എന്ന് വിളിച്ച്
വീട്ടിൽ കയറിച്ചെല്ലും 
പൂച്ചയും അമ്മയും
വാതിൽ തുറന്ന്
അവളെ അകത്തേക്ക് കൂട്ടും.
മഴ
മഴയായപ്പോൾ
എവിടെയെല്ലാം എത്തി?
തോട് ചാടിക്കടന്ന് മഴ വരുന്നു 
മഴ ചമ്രം പടിഞ്ഞിരിക്കുന്നു
മഴ ചോറുതിന്നുന്നു
മഴ കൈ കഴുകുന്നു 
മഴ മഴയത്ത് തുള്ളിച്ചാടുന്നു
ഓട്ടോയിൽ കയറുന്ന,
ഓടിത്തുടങ്ങിയ ബസ്‌ പിടിക്കാനാകാതെ
മുഖം വീർപ്പിച്ച് മടങ്ങി വരുന്ന
വെച്ച് കുത്തിയതിന്റെ വേദന മാറും വരെ 
കുമ്പിട്ടിരിക്കുന്ന
ക്ലാസ്സിലടങ്ങിയിരിക്കാത്ത
ചിരിച്ച് കുഴയുന്ന
പ്രേമിക്കുന്ന
കൊട്ടുവായിടുന്ന
ഉച്ചയായിട്ടും മൂടിപ്പുതച്ചുറങ്ങുന്ന മഴ.
മഴയ്ക്ക്
മാറാത്ത ജലദോഷമുണ്ടെങ്കിൽ
പേരിന്റെ ദോഷമാണെന്നു പറയുമോ വൈദ്യർ?
ചോർച്ചയടച്ചിട്ടെന്താ
മഴ വീടിനകത്തല്ലേ
എന്ന് കളിയാക്കുമോ പ്ലംബർ?
എണ്‍പതെഴുപത് വർഷം നീളുന്ന മഴ
എന്നാരെങ്കിലും മൂക്കത്ത് വിരൽവെക്കില്ലേ?
ഓ, മഴയെത്തി 
എന്ന് ചിരിച്ചാർക്കില്ലേ മഴയുടെ സഹപാഠികൾ
(മണ്ണ ട്ടയും തവളയും കാറ്റും ഇലയുമായിരുന്നു
മുൻപ്അവളുടെ സഹപാഠികൾ)
ഒരു വീട്ടിൽ മാത്രം മഴ
എന്ന് പിറുപിറുക്കുമോ അയൽപക്കം?
നശിച്ച മഴ എന്ന് ശപിക്കുമോ
കുശുമ്പും കുന്നായ്മയും?
മഴ എന്ന് കേട്ട പാതി കേൾക്കാത്ത പാതി
ആരെങ്കിലും കുട നിവർത്തില്ലേ?
അവളാക്കുട
ചിരിച്ചു തള്ളുമോ?
മഴേ,
നീ വെയിലിന്റെ കൂടെയോ
കാറ്റിന്റെ കൂടെയോ
മിന്നലിന്റെ കൂടെയോ
ഉലയുന്ന മരങ്ങളുടെ കൂടെയോ
പ്രായമാകുമ്പോൾ പോകുക?
പ്രായമേറുന്തോറും
മഴയ്ക്ക് മഴയെ ഇഷ്ടമല്ലാതാകുമോ? 
പെണ്ണിന് മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാൻ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്
അല്പം കൊണ്ടും മടുക്കുന്ന പേര്
എത്ര നല്ല പേരുകളാണ്
ആ പേരുകാർ മാത്രമായി
അവരുണ്ടാക്കുന്ന നീരസം മാത്രമായി മാറുന്നത്
മഴേ,
നീയങ്ങനെയാവരുതേ.
----------------------------------------------

ചില പ്രണയങ്ങൾ - സച്ചിദാനന്ദൻ

ചില പ്രണയങ്ങൾ
പടർച്ചപ്പനി പോലെയാണ്
ആദ്യമൊരു തുമ്മൽ
പിന്നെ ഉടലാകെ വേദന
പുറവും അകവും
പൊള്ളുന്ന ചൂട്
ദുഃഖങ്ങളുടെ ഒരാഴ്ചയ്കുശേഷം
അതു ശമിക്കുന്നു.
നാമിപ്പോൾ മറവിയുടെ
സ്വാസ്ഥ്യത്തിലാണ് .....

ചില പ്രണയങ്ങൾ
വസൂരി പോലെയാണ്
പൊട്ടുന്നത് കുളിരോ കുരുവോ
എന്നറിയാതെ നാം പരിഭ്രമിക്കുന്നു.
പ്രണയതാപത്താൽ ശരീരം
ചുട്ടുപഴുത്തു ചുവക്കുന്നു.
നാം അതിജീവിച്ചേക്കാം
പക്ഷേ,പാടുകൾ ബാക്കിയാവുന്നു..
ആയുസ്സു മുഴുവൻ
ആ ഒാർമ്മകൾ
നാം ഉടലിൽ പേറുന്നു.

ചില പ്രണയങ്ങൾ
അർബുദ്ധം പോലെയാണ്
ആദ്യം നാം അതറിയുന്നേയില്ല
വേദന തുടങ്ങുമ്പോഴേക്കും
സമയം വൈകിയിരിക്കും
അവൾ മറ്റൊരാളുടേതായിരിക്കും
വൃഥാ പെരുകിയ ആ
പ്രണയകോശത്തിനുള്ള
മരുന്നുകൾ നമ്മെ
കൃശമദനന്മാരാക്കും
അവഗണന ഫലിക്കാതാവുമ്പോൾ
കത്തിവയ്ക്കേണ്ടി വരും
പിന്നെ ഒരവയവം
നഷ്ടപ്പെട്ടവരെ പോലെ
നാം മരിച്ചു ജീവിക്കുന്നു
പിന്നെയും അതു പടരുമ്പോൾ
ഒരു മരക്കൊമ്പിലോ
പുഴയിലോ കിളരമേറിയ
മട്ടുപ്പാവിലോ
ഒരു കൊച്ചു കുപ്പിയ്ക്കുള്ളിലോ
നിന്ന് കൃപാലുവായ മരണം
നമ്മെ പ്രലോഭിപ്പിക്കുന്നു.
പ്രണയം നമ്മെ അതിജീവിക്കുന്നു......

ചില പ്രണയങ്ങൾ
ഭ്രാന്തു പോലെയാണ്
നാം മുഴുവനും
ഭാവനയുടെ ലോകത്തിലാണ്
മറ്റെയാൾ അതറിയുന്നു പോലുമില്ല..
നാം പിറുപിറുക്കുന്നു
പാടുന്നു,ഒറ്റയ്ക്കു ചിരിക്കുന്നു
കലഹിക്കുന്നു,
അലഞ്ഞു തിരിയുന്നു
ചങ്ങലകൾക്കും
വൈദ്യുതാഘാതങ്ങൾക്കും
അതിനെ മെരുക്കാനാവില്ല
കാരണം,അതൊരു രോഗമേയല്ല,ഒരു സ്വപ്നാവസ്ഥയാണ് .
അതിനാൽ അത്
നക്ഷത്രങ്ങൾക്കിടയിലാണ്

ഒരിക്കലും സാക്ഷാത്ക്കരി
നിടയില്ലാത്ത പ്രണയമാണ്
ഏറ്റവും മനോഹരം
അത് അവസാനിക്കുന്നേയില്ല,
രാധയുടേതു പോലെ......
...........................................  !!

പലതരം സെല്‍ഫികള്‍ - ദ്രുപദ് ഗൗതം

ഒറ്റ വെട്ടിന് തിരകള്‍ നീക്കിയ കടല്‍
തൊട്ടും തോണ്ടിയും
തന്നെയാവും തുടക്കം
ഒരു അടുക്കളയുടെ സെല്‍ഫി
നിങ്ങള്‍ കണ്ടിട്ടുണ്ടോ...?

വരച്ചുവച്ചതുപോലെ
അതൊരു കടലാണ്.
മുറിച്ചുനീന്താനാവാത്തത്
ഒരു നീന്തലും കരപറ്റാത്തത്ര
ആഴമുള്ള പിടച്ചിലുകള്‍
അതില്‍ ഞൊറിഞ്ഞുഞൊറിഞ്ഞുവച്ചിരിയ്ക്കും

എന്നാല്‍,
ചിറകഴിച്ചുവച്ചൊരാകാശം
അതില്‍
നീന്തിനീന്തിനീലിയ്ക്കുന്നത്
സൂക്ഷിച്ചുനോക്കിയാല്‍ കാണാം

യാത്രയ്ക്കിടയില്‍
മുന്നറിയിപ്പില്ലാതെ
റദ്ദാക്കപ്പെടുന്ന
തീവണ്ടിയാണ്
അതിന്റെയിഷ്ടങ്ങള്‍

വീടിന്റെ ഒച്ചയിലേയ്ക്ക്
ഒരീച്ചപോലും കയറും മുമ്പേ
കിളിയൊച്ചകള്‍ ഒക്കത്തെടുത്ത്,
വെളിച്ചം കുന്നിറങ്ങിവരും മുമ്പേ
അത്ര തിളക്കമില്ലാത്ത
ഒരു വരിയിലേയ്ക്ക്
തന്നെത്തന്നെ കൊളുത്തിവച്ചിരിയ്ക്കും
അത്.

ഒരു കട്ടന്‍കാപ്പിയില്‍
അത് വീടിന്റെയുറക്കം
അലിയിച്ചുകളയും
ഇരുളിന്റെ
വക്കുകള്‍ വെട്ടിയെടുത്ത്
അതൊരു
പകലിനെത്തുന്നിയെടുക്കും.

പിന്നെ,
പതിവുകള്‍ ഉപ്പിലിട്ട
കാന്താരിനീറ്റലില്‍
അച്ചാറുപോലെ
പാകപ്പെടും.

വാക്കിനെ
കവിതയിലേയ്ക്കെന്നപോലെ
സങ്കടത്തുള്ളികളെ
കൂട്ടുകറിയിലേയ്ക്ക്‍ ചേര്‍ത്തിളയ്ക്കിവയ്ക്കും.

ചില,ഇഷ്ടങ്ങളെ
തിളപ്പിച്ച്
പാലൊഴിച്ച്
ചായയെന്നപോലെ
നീട്ടിയൊഴിച്ചാറ്റിവയ്ക്കും

എപ്പോഴും ഒച്ചവയ്ക്കുന്ന
പഴയ മിക്സിക്ക്
ഇടയ്ക്ക് ചവയ്ക്കാന്‍
എന്തെങ്കിലുമിട്ടുകൊടുക്കും

കാടിയും
കഞ്ഞിവെള്ളവും തൂവിപ്പോയവറ്റും
മാത്രം കൊടുത്ത്
ജീവിതത്തെയൊന്നു കറന്നുനോക്കാം
എന്ന സാധ്യതയിലേയ്ക്ക്
ഇടയ്ക്കൊന്നിറങ്ങിപോകും.

ഇതിനിടയ്ക്ക് തുളുമ്പിയ
കുഞ്ഞിക്കലത്തെ മറക്കും.

സങ്കടത്തുള്ളികളെയെല്ലാം
വിറകുപോലെകീറി
അടുക്കി അടുക്കി വയ്ക്കും
പിന്നെ
അടുപ്പുപോലെ
പുകഞ്ഞുകൊണ്ടിരിയ്ക്കും

എങ്കിലും,
ഒരു ചിരി
ചുമരിലെ
ഒാര്‍മ്മച്ചിത്രത്തിന്റെ മുമ്പിലെന്നപോലെ
എപ്പോഴും
തെളിച്ചുവച്ചിരിയ്ക്കും

വിശപ്പിനെ
കൊളുന്തുപോലെ നുള്ളുന്ന
സമരങ്ങള്‍ക്കിടയിലും
ഒട്ടും രസമായിരിയ്ക്കില്ല
അതിന്റെ പുറംകാഴ്ചകള്‍.

ഇതിനിടയ്ക്കെപ്പോഴോ
വെളിയിലിറങ്ങിപ്പോയ
ഒരച്ചാറുമണം
ആടിയാടിക്കയറിവരും.

വാക്കുകളുടെ സാമ്പാറില്‍നിന്നും
അപ്പോള്‍
ബുദ്ധന്റെ മുഖമുള്ള
ഒരു മുരിങ്ങാക്കോല്‍ മാത്രം
തിരക്കിട്ടിറങ്ങിപ്പോകും

അപ്പോഴേയ്ക്കും,അതിന്റെ
പപ്പടംപോലെ പൊള്ളിച്ച
കിനാവുകളെല്ലാം
പൊടിഞ്ഞുപോയിരിയ്ക്കും

എത്രയടച്ചുവച്ചാലും
ഒറ്റത്തിളപ്പിന്
മൂടിതെറിയ്ക്കുന്ന
നിശ്വാസത്തില്‍
വെന്തുവെന്തിരിയ്ക്കും
എന്നും
അടുക്കള.

കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.

നിലാവിന്റെ
വെളിച്ചെണ്ണയുറ്റിച്ച്
ചൂടോടെ
അതടച്ചുവയ്ക്കുന്നു
രാത്രി.

അച്ഛനോട് - ജിനേഷ് കുമാർ എരമം

മുത്തശ്ശിക്കഥ കേൾപ്പിച്ചില്ല
പൊട്ടൻതെയ്യം കാണിച്ചില്ല
മണ്ണിലിറക്കിയില്ല
മലയാളം തൊടീച്ചില്ല.

വേരുകളും കന്നിക്കൊയ്ത്തും
പാവങ്ങളും അയൽക്കാരും
കണ്‍വെട്ടത്തേ വന്നില്ല.

കുറുന്തോട്ടിയും ശതാവരിയും
തിരിച്ചറിഞ്ഞില്ല
ആഴവും ഒഴുക്കും അനുഭവിച്ചില്ല.

മത്സരങ്ങളിൽ ഞാൻ
പണത്തിലേക്ക് തൊടുത്ത അമ്പ്
ഉത്സവങ്ങളിൽ
ആർക്കും കയ്യെത്താത്ത തിടമ്പ്.

ചെറുപ്പത്തിലെ തന്നത്
വാഷിംഗ് ടണിലേക്കുള്ള
സ്വപ്നവിമാനത്തിന്റെ ടിക്കറ്റ്.

സിലിക്കണ്‍ താഴ്‌വരയിൽ
അമ്പത് നില ഫ്ലാറ്റിന്റെ
തീറാധാരം.

എന്നിട്ടിപ്പോൾ നിലവിളിക്കുന്നു
മക്കൾ വൃദ്ധസദനത്തിലടച്ചെന്ന് !

പാകിസ്ഥാനിലേക്ക് പോകുംമുമ്പ് -ഹസ്ന ഷെറിൻ

പാകിസ്ഥാനിലേക്ക്
പോകും മുമ്പ്
ഒരുപിടിമണ്ണ് കൂടെകരുതണം.

അഹിംസയുറങ്ങുന്ന
രാജ്ഘട്ടിന്റെ
ഹൃദയത്തിൽനിന്ന്...
ഇന്ത്യയെകണ്ടെത്തിയ
റോസാച്ചെടിയുടെ
സുഗന്ധംപുരട്ടിയ
വേരിനടിയിൽനിന്ന്..
മനസ്സിടറാതെചെന്ന്
ആത്മാവുറങ്ങുന്ന
ഗ്രാമങ്ങളിൽ നിന്ന്.

ഷാജഹാന്റെ പ്രണയമൊഴുകുന്ന
യമുനാതീരത്തുനിന്ന്
ജാതിചോദിക്കാതെ
മനുഷ്യൻ നന്നായ
അരുവിപ്പുറത്ത് നിന്ന്.

ഓണത്തിനു ഊഞ്ഞാലിട്ട
കുളിരു വറ്റാത്ത മാഞ്ചോട്ടിൽനിന്ന്
ജാനകി ചേച്ചിയും
കുഞ്ഞാത്തുമ്മയും
പത്തിരിക്കിണ്ണവും
അടപ്രഥമനും
കൈമാറിയ
അടുക്കളകളിൽ നിന്ന്.

സാന്തയുടെ വരവും
കാത്ത് ഉറങ്ങാതെ കാത്തിരിക്കാറുള്ള
നക്ഷത്ര വിളക്കിന്റെ വെട്ടം വീഴുന്ന പുൽക്കൂടുകളിൽ നിന്ന്.

ആറാട്ടിന് ആനയെ കുളിപ്പിക്കാറുള്ള
ഹാജ്യാരുടെ
കുളക്കടവിൽ നിന്ന്.

പരസ്പരം പൊതിച്ചോറു
പങ്കുവച്ച
സ്കൂളിലെ
ആ പഴയ വാകമര തണലിൽനിന്ന്.

പിന്നെ
നാൽക്കാലികൾക്കു വേണ്ടി
തച്ചുടക്കപ്പെട്ടവരുടെ,
നിറം മങ്ങിയതിന്
അടിച്ചമർത്തപ്പെട്ടവരുടെ, 
ജാതിയുടെ കണ്ണീരതിൽ
ചാലിച്ചു ചേർക്കണം

കറുത്ത കോട്ടുകൾ
മറന്നു വച്ച
നീതി ദേവതയുടെ ത്രാസിലതൊന്ന്
തൂക്കി നോക്കണം

എന്നിട്ട് മൃതദേഹം 
തോളിലേറ്റി നടന്ന  
നാട്ടിടവഴികളിലൂടെ
വെന്ത മനസ്സുമായ്
പതിയെ നടന്നു നീങ്ങണം..