Friday, November 6, 2020

മനസ്സ് മോഷ്ടിക്കുന്ന ചിലർ - പി ശിവപ്രസാദ്

 അങ്ങനെയും ചിലരുണ്ട്....

നമ്മളെ അർദ്ധബോധാവസ്ഥയിലാക്കി 
നേരിയ വേദനയുള്ള കത്തിമുനയാൽ 
മനസ്സിന്റെ ഒരു വലിയ തുണ്ടിനെ 
മുറിച്ചെടുത്ത് കടന്നുകളയുന്ന .... 
അസാധാരണ ഹൃദയവ്യാപാരികളായ 
എന്നാൽ...
ഏറെ സാധാരണക്കാരായ ചിലർ.

അവരുടെ വീട്....
ആർക്കും ഒരാശ്രമമായി തോന്നും.
മന്ത്രവും പ്രാർത്ഥനയുമില്ലെന്നാലും
ചന്ദനവും കർപ്പൂരവും മണക്കും. 
അടുക്കളയിൽ ചായയും പലഹാരവും 
അതിഥികളുടെ പേരുവിളിക്കും.
മെല്ലെമെല്ലെ അതിഥികൾ വീട്ടുകാരായി മാറും.
തിരികെപ്പോകുമ്പോൾ...
ഓരോരുത്തരും ആ വീടിനെ 
നെഞ്ചിലാവാഹിച്ച് സൂക്ഷിച്ചിരിക്കും. .

അവിടത്തെ വളർത്തുപൂച്ച 
എല്ലാ ഭാഷയും സംസാരിക്കുന്ന 
എട്ടാമത്തെ അത്ഭുതമായിരിക്കും.
അവൻ ലാറ്റിനമേരിക്കൻ കവിതയോടും 
എഴുത്തച്ഛന്റെ തത്തയോടുമൊപ്പം 
ഒളിച്ചേ-കണ്ടേ കളിക്കും.
ഹോക്കിൻസിന്റെ സമയസിദ്ധാന്തത്തെ 
ടൈംമെഷീനുമായി താരതമ്യം ചെയ്യും.
ചിലപ്പോഴൊക്കെ...
സ്വാതന്ത്ര്യത്തെക്കുറിച്ച് ഉപന്യസിക്കും.

അവരുടെ ബാൽക്കണിയിൽ 
ഭാവനയുടെ പ്രാവുകൾ വീടുപണിയും.
അടയിരുന്ന പ്രവാസത്തിൻറെ അക്ഷരങ്ങളായി 
ഇളംകൊക്കുകൾ സ്നേഹം തേടും.
മഴത്തണുപ്പിലും വെയിൽത്തിളപ്പിലും 
അവിടെ ഋതുഭേദം ജീവിതമാകും.
ജീവിതത്തിന്റെ പരിഭാഷയിൽ 
പദാനുപദം സ്നേഹമായിരിക്കും.

അവരുടെ പരിസ്ഥിതിബോധത്തിൽ 
ഹൃദയങ്ങൾ അമരതരുവായി വളർന്ന് 
ആകാശത്തിന്റെ മേലാപ്പുകളെ 
തൊങ്ങലും ഊഞ്ഞാലുമാക്കി 
ഭാവികാലങ്ങളിലേക്ക് തുറക്കുന്ന 
താരാട്ടുകളുടെ ജനാലകളാകും.
അതിലേക്ക് ഞാന്നുകയറാൻ 
നമ്മുടെ കുട്ടിക്കാലം ശ്രമിക്കുമെങ്കിലും 
ഓരോ തവണയും തോറ്റുമടങ്ങും.

യാതൊരു സുരക്ഷാസംവിധാനത്തിനും 
കണ്ടുപിടിക്കാനാവാത്ത,
കൊടും കുറ്റവാളികളായ അവരെ 
നമുക്കറിയില്ലെന്ന് വേണമെങ്കിൽ പറയാം.
പക്ഷെ, മറക്കരുത്.....
അവർ നമ്മുടെ മനസ്സ് കട്ടെടുത്തവരാണ്.

൦൦൦

പരശുറാമിലെ പതിനൊന്നാം നമ്പർ സീറ്റിൽ - പി ശിവപ്രസാദ്

 എതിർവശത്തുകൂടി 

ഏണികയറിയാണെത്തിയത്

വണ്ടി നീങ്ങിത്തുടങ്ങിയ 

മഴയുള്ള പുലർകാലത്ത് 

പതിനൊന്നാം നമ്പർ സീറ്റിൽ 

പതിവുപോലെ ഉരഞ്ഞ് 

സ്ത്രീകൾക്കിടയിൽ 

പതുങ്ങുന്ന പൂച്ചയായി 

അവൾ... ഏതോ വീട്ടമ്മ. 


കഴുത്തൊടിഞ്ഞ താറാവിന്റെ 

കുരുങ്ങിയ പ്രാണൻ പോലെ  

ദുർബ്ബലമായ എന്തോ ഒന്ന്

തൊണ്ടക്കുഴിയിൽ ഉയർന്നുതാണു.

പുകക്കുഴൽ നിശ്വാസം പോലെ 

അഹിതമായ കുരുന്നൊച്ചയോടെ 

മുഖം ചാഞ്ഞുവീഴുന്ന 

ഉറക്കം തൂങ്ങലിന്നിടയിൽ 

എത്രയോ നട്ടുച്ചകൾ തിളച്ചു?


സൂര്യനില്ലാത്ത സന്ധ്യകളും 

നിലാവില്ലാത്ത രാത്രികളും 

ദയാഹീനമായി കനത്തു പെയ്തു.

തുറന്നേയിരിക്കുന്ന വായിലൂടെ 

തെറിച്ച് നിശബ്ദം പരുങ്ങുന്നത് 

കുട്ടിയോടുള്ള കൊഞ്ചൽ

അമ്മയ്ക്കുള്ള ഓർമ്മപ്പെടുത്തൽ

മീൻകാരനോടുള്ള കടം പറച്ചിൽ

ബാങ്ക് വായ്പയുടെ ഒഴിയാച്ചിത

വാടകക്കരാറിന്റെ പുതുക്കായ്ക 

ഏറെ മുറിവേൽപ്പിക്കുന്ന 

ജാതിയുടെ തിരസ്കാര ശ്യാമഗാഥ.


ഇടയ്ക്കൊന്നുണർന്ന് 

ഇളകിയിരുന്ന് 

പുറത്തേക്ക് കണ്ണയക്കുമ്പോൾ 

ചെറുപള്ളിക്കൂടങ്ങൾ തിരികെവരുന്നു.

അച്ഛന്റെ തലോടൽ നെറുകയിലിറ്റുന്നു.

ഉപ്പുമാവിന്റെ മണം മനം നിറയ്ക്കുന്നു.

കപ്പമാവിന്റെ തോളിൽ കിളികളായ് 

കാലം ഉയരെ ചില്ലാട്ടമാടുന്നു.

സ്വപ്നം ചിറക് മുറിയുന്നു.


ഇടത്തെ കഴുത്തു വടിവിൽ 

ചതഞ്ഞ പാട്ടുറോസ പോലെ 

പല പഴുതാരപ്പാടുകളായി 

അക്രമരതിയുടെ രാത്രിപാഠം

തിണർത്തു തിളച്ചു കിടന്നു.

കണ്ണടച്ചില്ലിനു പിന്നിലുള്ളത് 

ചൂണ്ട വിഴുങ്ങിയ കരിമീനെന്നത് 

പഴകിക്കീറിപ്പോയ രൂപകമാവാം.

അവ മഞ്ഞിൽക്കുതിർന്ന കനലെന്ന് 

മൊഴിയാടാത്തത് ഭാഷാമര്യാദ.. 


പരശുറാമിലെ പതിനൊന്നാം നമ്പർ സീറ്റിൽ  

അവൾ ആയിരമായി പെരുകുന്നു.

വൈദ്യുതക്കമ്പിയിൽ ചുംബിച്ച് ചുംബിച്ച് 

ജീവിതം മുരണ്ടു മുഴങ്ങിപ്പായുന്നു.

===

ചിലതരം നിലവിളികൾ - പി ശിവപ്രസാദ്

ഒരിടവുമൊഴിയാതെ 
വീണ്ടും അന്വേഷിച്ചതിൽ 
അവയൊന്നും കണ്ടെത്താനായില്ല.
കല്പ്പാന്തത്തിൽ ഒഴുകിപ്പോയ 
നേരിന്റെ പേടകത്തിലെപ്പോലെ 
തികച്ചും ആത്മാവുള്ള ചിലവ.
അയൽക്കാരോടോ ബന്ധുക്കളോടോ 
ചോദിക്കാമെന്ന് കരുതി 
കുറിച്ചുവയ്ക്കാൻ ചിന്തിച്ചപ്പോൾ 
അവയെന്തൊക്കെയെന്ന് 
മറന്നുപോവുകയും ചെയ്തു.

മൂക്കുകണ്ണട തിരയുമ്പോൾ 
നിലക്കണ്ണാടി കണ്ടുകിട്ടാറില്ലേ?
മുഖം കഴുകാനായി പോയിട്ട് 
ഷവറിനു കീഴിൽ നിൽക്കാറില്ലേ? 
അമ്മാതിരി സന്ദർഭങ്ങളിൽ 
കൈമോശം വരാറുള്ള ചിലതൊക്കെ 
ജീവിതത്തിൽ അത്ര പ്രധാനമല്ലെങ്കിലും...
രാഷ്ട്രതന്ത്രത്തിൽ നയപരമാണ്.

പകരം കിട്ടിയതൊക്കെ 
പറഞ്ഞു പഴകിയ വാക്കുകളാണ്.
ഭയം... വ്യസനം... അതിർത്തിപ്പോര്... 
പശു... ഭഗവാൻ... പരമാധികാരം...
അധികം തിരയാതെ തന്നെ 
അവ നാനായിടത്തും കണ്ടെത്തി.
ആനന്ദവും സമാധാനവും  
മെല്ലെ മെല്ലെ തിരികെയെത്തിയെന്ന് 
പൊതുജനം പറഞ്ഞുതുടങ്ങി.  

എങ്കിലും ചില ഭ്രാന്തമനസ്സുകൾ 
തപ്പിത്തിരഞ്ഞ് നടക്കുന്നുണ്ട്
മുറികൂടാത്ത കബന്ധങ്ങളുമായി 
പതാക... പരദുഃഖം... പണയമുതൽ...
രക്തച്ചൊരിച്ചിൽ...  നീതിനിഷേധം...
പരിസ്ഥിതി... മൂല്യത്തകർച്ച... 
പ്രജാഹിതം... ഭരണഘടന...
എന്നിങ്ങനെ നിലവിളിച്ചു കൊണ്ട്. 
 -----

പ്രിയനേ... നിന്നെ ഞാൻ വായിക്കുമ്പോൾ - പി ശിവപ്രസാദ്

പ്രിയനേ.... നിന്നെ ഞാൻ വായിക്കുമ്പോൾ

പല ഭാഷയുടെ കടൽ സ്പന്ദിക്കുന്നു.

തിരപ്പുറത്തേതോ മുക്കുവക്കൂട്ടം 

സ്രാവുകൾക്കൊപ്പം സവാരി ചെയ്യുന്നു.

ഏതൊക്കെയോ ഉഷ്ണധീരപ്രവാഹങ്ങൾ 

കാലാന്തർവാഹിനിപോലെ പായുന്നു.

അഗ്നിമുഖം തുറന്നുള്ള ഗിരികളിൽ 

നിശ്ചലമേതോ നിലാവ് പെയ്യുന്നു.

 

താരങ്ങളെ തൊട്ടറിയുവാനെന്ന പോൽ 

നാവുമരങ്ങളിൽ  ഇലഞരമ്പുണരുന്നു.

ലാൽഗുഡി വയലിനിൽ വേനൽ തിളച്ചുറഞ്ഞ്

ആദിക്രൌഞ്ചം പോൽ നിലവിളിക്കുന്നു.

പ്രാര്ത്ഥനക മീരയായ് വീണ്ടും ജനിക്കുന്ന 

തീക്കൊടുങ്കാറ്റിന്റെ കൊടിയാകുന്നു

ബന്ധിതയാമൊരു കുലദേവി കാറ്റിൻറെ  

പ്രതിഷേധമൊഴി മുറിച്ചകലേക്ക് മറയുന്നു.

 

ശൂലം തറച്ചൊരു ഭ്രൂണം അഹിംസയെ

സൂക്ഷ്മ തലങ്ങളിൽ വേർതിരിച്ചറിയുന്നു.

കാലം മറന്നതാം ചില പെരുമ്പേരുക  

കത്തിയുടെ വായ്ത്തല പോലെ തിളങ്ങുന്നു.

സൂര്യനെ തൊട്ടറിഞ്ഞുള്ളു കണ്ടെത്തിയ 

കുരുട ആഴങ്ങളിൽ  തുറക്കുന്നു.

ആയിരം സൂര്യനാളങ്ങ ശരവേഗത്തിൽ 

ആന്ധ്യം പുകഞ്ഞൊരുൾക്കണ്ണിലറിയുന്നു.

 .

അച്ഛനെഴുത്തുകൾ പിച്ച നടന്നൊരാ  

പൊന്നാനി മണ്ണിൽ ചുവടൂന്നി

വേനൽമഴ നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ

ഊരിയെടുത്ത് പതാക നാട്ടി 

വേർപടലങ്ങളിൽ  ലോഹമൗനത്തിന്റെ 

വായ്ത്തലയേറ്റ മഴക്കാടു പോൽ

ഏറെത്തപിച്ച സൂര്യോഷ്ണക്കനലുകൾ 

നീറിപ്പിടിച്ച മനോനിലമായ് 

ആടി കലക്കിയ പേരാറിൻ തീരത്ത്  

കൊയ്ത്തുകാരന്റെ ചിതയെരിച്ചു.  

 

നൂറായിരം ജലപാതങ്ങളിൽ പൊള്ളി 

ഏഴു സമുദ്രലവണങ്ങളും പേറി 

പാബ്ലോ നെരൂദയും പാവം കവിതയും 

എൻറെ ഗ്രാമത്തിൽ കുടിപാർപ്പിനെത്തി.

എല്ലു തകർന്ന പുരാതനസൗധങ്ങൾ

നൊന്തുപേക്ഷിച്ച നിറവയർ സീതമാർ 

ചില്ലുമുനകൾക്ക് മീതെ നടക്കവേ 

കണ്വനെപ്പോൽ നീ സമാശ്വാസമായി.

 

ആണ്ടാൾ മൊഴികളിലുഷ്ണിച്ച് കൃഷ്ണൻറെ 

പാതിയായ് മാറുമുന്മാദിനിയായ്  

ആർദ്രസർപ്പങ്ങൾ പുണർന്ന ജലകന്യയായ് 

ആകുലയാം സ്വപ്നാടകയായ് 

ഏറെത്തണുത്ത മലമുടിയിൽ കിളിർക്കുന്ന 

പഞ്ചാഗ്നിതോറും തപിക്കുന്ന പെണ്മയായ് 

നിന്റെയമൃതംതൊട്ട വാക്കിൻ കയങ്ങളിൽ 

നിർല്ലജ്ജനായി ഞാൻ മുങ്ങിമരിക്കുന്നു.

 

അമ്മി,അടുപ്പ്ഉറികപ്പികയർതവി,

അമ്മുമ്മ,തണുവുമ്മകണ്ണകിത്തീക്കണ്ണ് 

പിന്നിട്ടൊരിടവഴിചോരച്ച നേർവഴി 

എന്റെ കൂട്ടർക്ക് ഗൃഹാതുരപ്പെരുവഴി.  

ഇനി മുറിച്ചെറിയുവാനാവാത്ത തലയിലെ 

സർപ്പമാണിക്യമായ് ചിന്നും വെളിച്ചങ്ങൾ.

 

പ്രിയനേ.... നിന്നെ ഞാൻ വായിക്കുമ്പോൾ

പല ഗന്ധമുള്ള മനുഷ്യർ ചിരിക്കുന്നു.

ഒറ്റയ്ക്കു നിന്നൊരാൾ പാടുന്ന പാട്ടിൽ 

നീയൊറ്റയാകാതെ തളിർത്തു പൂക്കുന്നു.

 

***

 എന്നെ പ്രചോദിപ്പിച്ച പ്രിയകവി കെ. സച്ചിദാനന്ദന് 

=============

ഒറ്റയ്ക്ക് - പി ശിവപ്രസാദ്

"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ 
തോരൻ വച്ചതുണ്ട്...
ആൽപ്സിന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത 
ചുവന്ന ആപ്പിളുണ്ട്...
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും… 
നീ വരുന്നുണ്ടോ?”

കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയർപോർട്ട് - റോള ബസ്സിലെ വിയർപ്പിൽ 
ഏങ്കോണിച്ച് നിന്നു.

ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.
പുതുക്കാത്ത ക്രെഡിറ്റ് കാർഡായി മറ്റൊരാൾ 
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.
പരിധിക്കു പുറത്തായ സെല്ഫോണായി ഒരുവൾ 
ഇടിഞ്ഞ ഉടൽ വടിവിനെ ജീൻസണിയിച്ച്.
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുറികളുമായി 
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന് സാന്ത്വനങ്ങൾ
കീശയിൽ പരതി ഒരു വാർദ്ധക്യം. 
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ
ബ്ലൂടൂത്തിൽ കോർക്കപ്പെട്ട കൌമാരം. 
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച് 
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .
വിഷവാതകത്താൽ വീർത്ത നീലബലൂൺ മാതിരി 
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്. 
നർമ്മദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി 
ഇടറിയിടറി ഒരു ഹൃദയതാളം. 
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട് 
പന്തമെരിയിക്കുന്ന നട്ടുച്ച. 
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ 
കാർഗോപ്പെട്ടിയുടെ സ്ഥൂലാകൃതികളിൽ ....
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.


ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം. 
കറുമ്പിയുടെ 'ഹിമ്പേ...' വിളി.
അപ്പുവിന്റെ നീളൻ കുര.
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.
വയണയിലയിൽ ചക്കത്തെരളി മണം. 
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.

എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...! 
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി
തുയിലുണർത്തായി നിറയുന്നു. 
കടം കൊണ്ട സൂര്യ വെളിച്ചം 
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.

ഇല്ല, കൂട്ടുകാരാ... 
ഞാന്‍ വരുന്നില്ല.
ഒരിക്കൽക്കൂടി മുഴുകേണമെനിക്ക്
ഈ മടക്കയാത്രയുടെ പുഴയിൽ. 
ആത്മാവിന്റെ കടുംകയ്പ്പുള്ള പാവയ്ക്ക
സഹജമൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി
മധുരിക്കുന്ന നൊമ്പരമാക്കണം.
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ 
എനിക്ക് നീന്താനിറങ്ങണം...
ഇവർ
ക്കെല്ലാമൊപ്പം... 
ഒറ്റയ്ക്ക്.

ഹേ.... സോൻഭദ്ര - പി ശിവപ്രസാദ്


ഇടനെഞ്ചിലേക്ക് തുളച്ചുകയറിയ 
ആരക്കാലുകളാൽ പിടഞ്ഞ് 
നീ ബഹിഷ്കൃതയായ പതാകയുമായി 
ഇനിയും സ്വാതന്ത്ര്യ ദിനങ്ങൾ വരും.

ഭാരതിയാരും വള്ളത്തോളും ബോധേശ്വരനും 
എഴുതി നിറച്ച ആയിരം വരികളിൽ
അടിമത്തത്തിന്റെ താജ്മഹലുകൾ 
ആകാശത്തെ പുച്ഛിച്ച് നിലവിളിക്കും.

നുകമൂന്നി വിത്തിട്ട് കിളിയാട്ടി
ദുരിതമിഴിനീരിന്റെ മഴ തേവി
കള നീക്കി പാൽക്കതിർ വരവേറ്റ്
വെയിൽ കാഞ്ഞ് പൊൻമണി വിളയിച്ച 
നേരിന്റെ നെഞ്ചിൽ കിളിർത്ത.....
ഹേ... സോൻഭദ്ര,
നീ ഞെട്ടിത്തിരിഞ്ഞു നിന്നീടുക.
ഒരു മാത്ര നീയീ പടുകാല വറുതിയുടെ 
അന്ധയാം ദേവതയെ തോറ്റിയുണർത്തുക . 
പുരോഹിതക്കൂറിനാൽ ധർമ്മം മറന്നൊരീ 
സൗവർണ്ണ ശില്പത്തിലാണ്ടുപോയ 
നാട്ടുദൈവങ്ങളെ നഗരഗർവ്വങ്ങളെ
നരകവേദാന്തങ്ങൾ തീ തുപ്പുമാർത്തികളെ 
എറ്റിക്കുടഞ്ഞെറിക... മുടി പറിച്ചെറിയുക...
മുടിയട്ടെ നന്ദികേടിന്റെയീ മണ്ഡലം
കുതിരട്ടെ അധികാര ഗർവ്വിന്റെ വിണ്ടലം.
നിൻ നെഞ്ചുടഞ്ഞ മുലപ്പാലിൽ, ചോരയിലും
ഉയിരിട്ടു പൂക്കട്ടെ വിഷമാർന്നൊരന്നം. 

അശോക ചക്രമേ..... തിരികെ വരിക.
ഇരുട്ടിന്റെ കയ്പേറിയ ടിപ്പണികൾ 
ഇനിയെങ്കിലും തിരുത്തിയെഴുതാൻ
അംബേദ്ക്കറോട് ഒരു കുറി പറയുക.
======

തീയമ്പ് - പി ശിവപ്രസാദ്


ഉടലിനെയാകെ നുറുക്കി 
പെരുംവറുതിയുടെ വിറകാക്കി 
ഒടുവിൽ...
നിലനിൽപ്പിന്റെ ശിരസ്സറുത്ത് 
കുലദേവിക്ക് സമർപ്പിക്കണമെന്ന്  
നീ പറയുമ്പോൾ...
മരണക്കുറിപ്പെഴുതി മടങ്ങിപ്പോകാൻ 
ഞങ്ങൾ പണയപ്പണ്ടങ്ങളല്ല.
  
ഒരുതുണ്ട് അസ്ഥിയിലെങ്കിലും 
കനൽ ശേഷിക്കുവോളം 
ഈ ചിതാജീവിതത്തിന്റെ അരങ്ങിൽ 
ഞങ്ങൾ വേഷമഴിക്കില്ല....
മുഖത്തെഴുത്തുകൾ മായ്ക്കില്ല. 

പ്രളയം കൊണ്ടുപോയ പ്രതിജ്ഞകളല്ല 
പ്രണയം നഷ്ടപ്പെട്ട മനുഷ്യരുമല്ല
പ്രഹരങ്ങളേറ്റേറ്റ് പതംവന്ന 
കാരിരുമ്പിന്റെ കാതലുകൾ.
അടിച്ചമർത്തുന്തോറും കുതിപ്പേറുന്ന 
ആത്മമർദ്ദത്തിന്റെ പന്തുകൾ.
തളയ്ക്കാനാവാത്ത പുലരിയുടെ  
അവസാന പ്രതീക്ഷകൾ.

തൊവരിമല ഒരു മലയല്ല.
അഗ്നിപർവ്വതത്തിന്റെ 
മഞ്ഞുപുതച്ച മേൽമൂടി മാത്രമാണ്.
ഉപരിതല ശാന്തതയിൽ അഭിരമിക്കാതെ 
അതിനെ ഭയപ്പെട്ടുകൊള്ളുക.
 
തൊവരിമല ഒരു മലയല്ല.  
കാടിളക്കിവരുന്ന അസഹ്യരിൽ 
കാറ്റ് ഞാണേറ്റിയിട്ടുള്ള 
അദൃശ്യമായ ആഗ്നേയമാണ്.
====

അമ്മിഞ്ഞാമ്മ - പി ശിവപ്രസാദ്

 കൊതിയേറിയ ബാല്യത്തിൽ 
ആവർത്തിച്ചു കണ്ട സ്വപ്നം 
ഇപ്രകാരമായിരുന്നു:
അടുക്കളയിലേക്ക് ഓടിച്ചെല്ലുമ്പോൾ 
മറ നീക്കിയ മാറത്തേക്ക് 
വാത്സല്യത്തോടെ പിടിച്ചു ചേർക്കുന്ന 
പെറ്റമ്മ.

കുന്തിച്ചിരുന്ന് മുളകരയ്ക്കുമ്പോഴും 
നിലയ്ക്കാതെ ചുരത്തുന്ന 
എന്റെ പള്ളിക്കലാർ. 
പാൽമുലയുടെ മണത്തിൽ 
കാന്താരിയുടെ എരിവും കലർന്ന 
അമ്മമണം.
അനിയനെ വയറ്റിലുള്ളപ്പോൾ 
ചന്ന്യായം എഴുതിയ കണ്ണുകൾ കാട്ടി 
അമ്മമുലകൾ പരിഹസിച്ചു.

കൊതിയോ വിശപ്പോ തീരാതെ 
അങ്ങനെ അലയുന്ന പകലിൽ 
എനിക്കൊരു അമ്മിഞ്ഞാമ്മ ഉണ്ടായി.
അയലത്തെ സരസ്വതിയമ്മ,
അപ്പൂട്ടന്റെ അമ്മ.

അവനും ഞാനും ഒളിച്ചുകളിക്കുമ്പോൾ,
ഓല മെടയുന്ന അമ്മിഞ്ഞാമ്മ 
ഒരു കള്ളച്ചിരിയോടെ മാടിവിളിക്കും.
(അപ്പോഴത്തെ പറന്നുള്ള ഓട്ടം
പിന്നീട് ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ 
ഞാനൊരു മിൽഖാസിംഗാകുമായിരുന്നു.)

കൈതപ്പൂ ചൂടിയ അമ്മിഞ്ഞാമ്മയുടെ 
പാതിമടിയിൽ ഒളിച്ച്... 
ഞാൻ അപ്പൂട്ടനെ പറ്റിക്കാൻ ശീലിച്ചു.
ഓലയുടെ ചെളിഗന്ധവും 
കൈതപ്പൂവും ചേർന്ന് കുഴഞ്ഞ 
പുതിയൊരു മണം മൂക്കിലൊളിച്ചു.

പള്ളിക്കൂടത്തിൽ പിന്നീടൊരിക്കൽ 
കൃഷ്ണപിള്ള സാർ പറഞ്ഞു,
സരസ്വതിയുടെ ഒന്നാം മുല സംഗീതവും 
മറ്റേത് സാഹിത്യവുമാണെന്ന്.
അമ്മിഞ്ഞക്കൊതിയിലൂടെ
എന്നിൽ സംഗീതവും വായനയും 
പുതുമണങ്ങളായ് പുഷ്പിച്ചു. 
അമ്മിഞ്ഞാമ്മയുടെ രണ്ടു മുലകളും 
ഈമ്പിയീമ്പി വറ്റിക്കുന്നതു വരെ
അപ്പൂട്ടനും ഞാനും ഇരട്ടകളായി....
വലത്തേത് അവനെങ്കിൽ ഇടത്തേത് എനിക്ക്.

ഇപ്പോൾ...
അതേ അമ്മിഞ്ഞാമ്മയുടെ 
പരന്ന മാറിൽ തല ചേർത്ത്,
നെഞ്ചിടിപ്പിൽ തബല കേട്ട്, 
രാസലായനിയുടെ തീക്ഷ്ണതയിൽ 
ഉണ്ണിയായി കിടക്കുമ്പോൾ 
വിഷഞണ്ടുകളുടെ വീമ്പു കേട്ട് 
കണ്ണ് നിറയുന്നല്ലോ...


====


പുരോചനൻ - പി ശിവപ്രസാദ്


മുത്തലാഖ് നിയമം വരുന്നതിൽ 
ആഹ്ളാദിച്ച് ചിരിച്ചുകൊണ്ട്
ദ്രൗപദിയെയോർത്ത് കണ്ണ് തുടച്ച് 
'ഹാ... കൃഷ്ണാ' എന്ന് സങ്കടപ്പെട്ടു. 

ഭീകരവിരുദ്ധ നിയമഭേദഗതിയെ  
വിജയിപ്പിച്ച രാജ്യസ്നേഹത്താൽ 
പരിത്യജിക്കപ്പെട്ട സീതാദേവിക്കായ് 
'ഹേ... രാമാ' മൂന്ന് തവണ ഉച്ചരിച്ചു. 

തല തകർക്കപ്പെട്ട 
എല്ലുകൾ നുറുക്കപ്പെട്ട 
തൂക്കിലേറ്റപ്പെട്ട 
ബലാൽക്കാരം ചെയ്യപ്പെട്ട 
തീകൊളുത്തപ്പെട്ട.....
അജ്ഞാതരായ ഭാരതീയരുടെ 
അലയുന്ന പ്രേതാത്മാക്കൾ 
ഓരോ വീടിന്റെയും വാതിലിൽ 
നിലവിളിയോടെ മുട്ടിവിളിക്കുമ്പോൾ....
 
കുരുജനാധിപത്യ സ്മാർട്ട്ഫോണിൽ 
വിദേശ ആപ്പിലേക്ക് കയറി 
ഇന്നത്തെ സ്‌പെഷ്യൽ പിസ 
എനിക്കും അവൾക്കും വെജ് 
മക്കൾക്കെല്ലാം ബീഫും... 
നാല് സെറ്റ് ഓർഡർ ചെയ്ത് 
ഞാനൊരു ദീർഘനിശ്വാസം വിട്ടു. 

'മധുരിക്കും ഓർമ്മകളേ...' 
റിങ് ടോൺ മാറ്റിയപ്പോൾ 
എന്തത്ഭുതം... അതിശയം...!
"ലോകാ സമസ്താ സുഖിനോ ഭവന്തു..."

പെട്ടെന്ന് ഫോൺ ബെല്ലടിക്കയായി
അപരിചിതമേതോ നമ്പറിൽനിന്ന്...!
'ഓർമ്മയുണ്ടാകുമോ, മഹാത്മൻ... 
പുരാതനൻ ഞാൻ, പുരോചനൻ.
അങ്ങേയ്ക്കും കുടുംബത്തിനും 
വാരണാവതത്തിലേക്ക് സ്വാഗതം."
===
*  പുരോചനൻ: കുന്തിക്കും പാണ്ഡവർക്കും വേണ്ടി അരക്കില്ലം പണിഞ്ഞയാൾ.   
=================

ഉമയും ജാസ്‌മിനും - ഒരു സത്യകഥ - പി ശിവപ്രസാദ്

താടിയില്ലാത്ത രമേശനും  
താടിയുള്ള റഹീമും 
മഞ്ഞുനദിയുടെ അയൽപ്പൊക്കത്തിൽ 
ആപ്പിൾ കൃഷി ചെയ്തിരുന്നു. 
അടുത്തും അകലെയുമുള്ള ബന്ധുക്കൾ  
വെറുപ്പും പകയും വിളയിച്ചപ്പോൾ 
അവർ ഒഴുക്കിനെതിരെ നീന്തി.
തുടുഹൃദയം പോലെ മിനുങ്ങി 
വിളഞ്ഞുപഴുത്താൽപ്പിന്നെ 
ഒട്ടും വേദനിപ്പിക്കാതെ തന്നെ 
പൂവിനെ  അടർത്തിയെടുക്കുമ്പോലെ 
കൂടകളിൽ നിറച്ച് 
സ്വപ്നം പുതപ്പിച്ച് 
ഉന്തുവണ്ടിയിലേറ്റി  
താഴ്വരയിലെ ചന്തയിലേക്ക് 
*ഹർ ചെഹരാ, യഹാം ചാന്ദ്... 
പാടിപ്പാടി കൊണ്ടുപോയിരുന്നു.

2    
കുട്ടികളായിരുന്നപ്പോൾ 
രമേശന്റെ ഉമയും 
റഹീമിന്റെ ജാസ്മിനും  
മഞ്ഞു വാരിക്കളിച്ച് 
അന്യരുടെ പറമ്പുകളിലേക്ക് 
ഓടിപ്പോകുമായിരുന്നു. 
ബിർച്ച് മരങ്ങളുടെ നിഴലിലൂടെ 
സ്‌കേറ്റ് ചെയ്യുന്ന അവർക്ക് 
യൗവനകാന്തി പകർന്നത് 
ഗുൽമാർഗ്ഗിലെ ഒരു നട്ടുച്ചയായിരുന്നു.
രണ്ടുകുന്നുകളുടെ തുടയിടുക്കിൽ 
മഞ്ഞാടയൊഴിഞ്ഞ താഴ്ചയിൽ  
സമുദ്രയോനി പോലെ നീർച്ചാൽ...
ഒരാൾ കണ്ണ് തുറക്കുമ്പോൾ 
മറ്റെയാൾ ചോരയിൽ കുളിച്ച്.
ഒരാൾ കാൽമുട്ടിലെ നീറ്റലൊപ്പുമ്പോൾ 
മറ്റെയാൾക്ക് അടിവയറ്റിൽ കുങ്കുമപ്പൂക്കൾ...
മരംകൊത്തികൾ ചുംബിച്ചുകൊണ്ട് 
ഓക് മരങ്ങളോട് ചോദിക്കുന്നു...
വസന്തം വരവായോ?
സ്വർണ്ണവണ്ടുകൾ മൂളിപ്പറന്ന് 
മഴവില്ലുകൾ നിവർത്തുന്നു. 
ആകാശം മഞ്ഞയിലകളാൽ 
ചില്ലകൾ നിവർത്തുന്നു.
ബുൾബുൾ പക്ഷിയുടെ ഈണങ്ങളിൽ 
ഹേമന്തം തുടിച്ചുണരുന്നു.
കാശ്മീർ മ്ലാവിന്റെ തിരനോട്ടമുള്ള 
പൊന്തപ്പടർപ്പിലൊളിച്ച് 
അതീവ ലജ്ജയോടെ 
തിരിച്ചറിവിന്റെ  ഹിമഹർഷം.

 
ചെറിപ്പഴങ്ങൾക്ക് നിറമേറുന്ന 
ഗ്രീഷ്മതരുക്കളുടെ ലാസ്യത്തിലൂടെ 
മങ്ങിമിനുങ്ങുന്ന 
കുസൃതിക്കവിളുമായി 
ഉമ റഹിം ചാച്ചയെ നമസ്കരിച്ച് 
ശ്രീനഗറിലേക്ക്.
അവൾ ഡോക്‌ടറായി തിരികെ വരുമെന്ന് 
ചാച്ചിയുടെ സ്വാസ്ഥ്യം.

ആപ്രിക്കോട്ട് പഴുത്തു പാകമായ
മുള്ളുകാറ്റിന്റെ നടവഴിയിലൂടെ 
മഞ്ഞയുടെയും ചുവപ്പിൻറെയും 
ഒരു കൂട തുലിപ് പുഷ്പങ്ങളുമായി 
രമേശ് ചാച്ചയെ പുണർന്ന് ജാസ്മിൻ 
ജമ്മുവിലേക്ക്.  
അവൾ കൃഷി ആപ്പീസറായിത്തീരുമെന്ന്  
ചാച്ചിയുടെ സ്വപ്നം.

4   
എങ്ങനെയാണ് ഇരുളിന്റെ മേഘം 
പ്രഭാതത്തിന്റെ പ്രശാന്തതയുള്ള 
താഴ്വരയെ വിഴുങ്ങുന്നത്...?
പൂക്കൾ സ്വാഗതം പാടിയ കാറ്റിൽ 
രക്തത്തിന്റെ തീക്ഷ്ണമായ ചൂര് 
ദിക്കുകളെ പരസ്പരം വച്ചുമാറുന്നത്?
വൈവിധ്യങ്ങളുടെ മഴവില്ലിനെ 
വൈധവ്യങ്ങളുടെ നിലവിളി 
പരിഭാഷപ്പെടുത്തുന്നത്?
യഥേഷ്ടം യാത്രചെയ്ത മനുഷ്യർ 
വിവസ്ത്രരെപ്പോലെ വിറച്ച് 
പരിശോധിക്കപ്പെടുന്നത്?
ഏതോ ദുർമ്മന്ത്രവാദിയുടെ 
വിരൽത്തുമ്പിലേക്ക് പാഞ്ഞ് 
ഒരു നാട് ചിതറിപ്പോകുന്നത്! 

5   
കാണാതിരുന്ന് കാണുന്ന 
ഉമയും ജാസ്‌മിനും 
കെട്ടിപ്പുണർന്ന്  കവിളുകൾ ചേർത്ത് 
ഏതെങ്കിലും അസ്ഥികടഞ്ഞ പ്രണയം 
നീന്നെ പിടികൂടിയോ, കള്ളീ... യെന്ന് 
ഓടിച്ചിട്ടു പിടിച്ച് കോർക്കുമ്പോൾ...
ഉം... ഞാൻ പ്രണയത്തിലായി 
കന്യാകുമാരിയിൽ നിന്നൊരു കണ്ണൻ 
ബംഗാളിൽ നിന്നൊരു കുറുമ്പൻ 
മറാഠയിൽ നിന്നൊരു പാഴ്‌സി...
ഒരേ തരംഗ ദൈർഘ്യമുള്ള 
വെറും കളിയാക്കലുകൾ.

 
എങ്ങനെയാണ് ഭീഷണമായ ഒരു കാലം..
അവരെ ഇരുവരെയും...
മറ്റുള്ള പല പൗരരെയുമെന്നവണ്ണം 
അതിർത്തിയുടെ സംത്രാസത്തിലേക്ക് 
പിടിച്ചുവലിക്കുന്നത്...?
ഇരുവശങ്ങളിൽ നിന്നും 
മുനയാർന്ന വേഗത്തിലുള്ള 
അനേകം വെടിയുണ്ടകൾ 
ഒരാളുടെ ഹൃദയത്തെയും 
അപരയുടെ കരളിനെയും 
ഒരേ നിമിഷത്തിൽ ഭേദിക്കുന്നത്...?

നീട്ടിയ കൈത്തണ്ടയിൽ 
രാഖി ബന്ധിക്കുമ്പോൾ അവൻ പറഞ്ഞു:
നീ എന്റെ മനസ്സിന്റെ താഴ്വരയിലെ 
പിറക്കാതെ പോയ പെങ്ങൾ.
ദാൽ-വൈഗ-ഗോദാവരിയെന്ന 
ജലശേഖരങ്ങളുടെ വൈജാത്യം 
മുറിച്ചെറിയണം... ജാസ്മിൻ.
ആസേതുഹിമാചലമെന്ന ഏകതയിൽ  
അടിമുടി മുങ്ങി അനുഭവമാർന്ന് 
കവിതകൾ ചൊല്ലണം.
വെടിയുണ്ടയും ഗ്രനേഡുകളും 
കൊലയന്ത്രങ്ങളും കൈയൊഴിഞ്ഞ് 
പൂർണ്ണ സ്വതന്ത്രരാകണം.
ഭരണഘടനയുടെ നദിയിലേക്ക് 
ഉടലുപേക്ഷിച്ച്  നീന്തണം.

ദാൽ തടാകമേ... 
തിരക്കൈകളാൽ സ്വീകരിക്കുക നീ 
പൊലിഞ്ഞൊരീ സ്വപ്നത്തിന്റെ 
അശാന്തമായ അസ്ഥിശേഷം.
ഒരു മൺകുടത്തിൽ ഒതുങ്ങാത്ത 
ഭാരതീയതയുടെ, ഭാവിയുടെ ...
ദ്രാവിഡനായ ഒരുവന്റെ 
കുല-വർണ്ണ-ധർമ്മ-നിഷ്ഠയില്ലാത്ത 
മാനവ പ്രകീർത്തനം.

9   
അടുത്ത പ്രഭാതത്തിൽ 
ആ രണ്ടുവീടുകളിലും 
അകലെ ഏതൊക്കെയോ വീടുകളിലും 
ഉദിക്കാത്ത സൂര്യനെത്തേടി 
രഹസ്യപ്പോലീസുകാർ വന്നു.
ഇലകളുടെ പൂക്കളുടെ മറവുകളിൽ
മഞ്ഞുകട്ടകൾ മാത്രം 
ഏറെ ശാന്തമായി മൊഴിഞ്ഞു...
പുതുക്കപ്പെടാത്ത ഒരു സൂര്യഗായത്രി. 
൦൦൦ 
----------------------------------------------------------------------------------------------------
*ആബ്‌റൂ എന്ന ഹിന്ദി സിനിമയിലെ മുഹമ്മദ് റാഫിയുടെ പാട്ട്.
===


ഭൂതകാലം പുകഞ്ഞ ഒരു തീവണ്ടി - പി ശിവപ്രസാദ്

രാത്രി നേർത്തതായിരുന്നു...
ഇളനീർ ചേർത്ത ചാരായമെന്ന് 
കുടിയന്മാർക്ക് തോന്നുംവിധം
ഏറെ നിലാവുള്ളത്.
മാനം നക്ഷത്രഭരിതമായിരുന്നു....
മനസ്സിന്റെ സ്വപ്നജാലം പോലെ.
മേഘക്കറുപ്പിന്റെ  മാർക്കച്ച 
അഴിച്ചും മുറുക്കിയും 
കാറ്റിൽ ഉപ്പുള്ള ചന്ദനം ചേറിയും 
പ്രലോഭനത്തിന്റെ വിതാനം 
വിലാസവതിയായി കിടന്നു.

കച്ചിക്കുറ്റികൾ നനഞ്ഞ വയലിൽ 
അയഞ്ഞ ഭാണ്ഡം തോളിലേറ്റി 
ഓറഞ്ച് നിറമുള്ള താടിയുമായി 
അപ്പോൾ...
വിൻസന്റ് വാൻഗോഗ് പറന്നിറങ്ങി.
അവൻ അവധൂതന്റെ ശബ്ദത്തിൽ  
എന്നോട് ഒരു ബീഡി ചോദിച്ചു.

ബീഡിയുടെ മിന്നാമിനുങ്ങ്  
കാൻവാസിന്റെ വെളുപ്പ്‌ 
ചായപ്പശകളുടെ മണം 
തേഞ്ഞ ബ്രഷുകളുടെ മടുപ്പ് .... 
എല്ലാം ഇഴചേർന്ന ഒരു ഗാനം 
സൂര്യകാന്തികൾ  പാടുമ്പോലെ !
സ്വരങ്ങളിൽ ചടുലത
നാദങ്ങളിൽ നഗ്നത 
നീർത്തടങ്ങളിൽ നിറയും 
ജലകേളികളുടെ ഓർമ്മകൾ...

ഒരു കെട്ട് പ്രേമലേഖനങ്ങൾ
അഴിച്ചുവെച്ച വരമ്പിൽ 
ഇരണ്ടപ്പക്ഷികൾ  ശരങ്ങളായി 
പെയ്തുവീണ് ചിലച്ചു.
പരിഭവങ്ങളുടെ ശിശിരം 
പൊട്ടിത്തെറിക്കലിന്റെ ഗ്രീഷ്മം 
അലിവിന്റെ ഹേമന്തം 
പ്രണയത്തിന്റെ വസന്തം 
എല്ലാം....
മനസ്സിന്റെ മഞ്ഞുപാളികളിൽ 
ചോരത്തുള്ളികൾ ഉറഞ്ഞ 
തീയക്ഷരങ്ങളായി തെളിഞ്ഞു.

ഉരുളക്കിഴങ്ങ് വെന്തില്ലെന്ന് 
ഒരു മധ്യവയസ്‌കന്റെ പരാതി.
ജയിൽപ്പുള്ളികളുടെ ചത്വരം 
നിരാലംബമായികിടന്നതിൽ 
ദുഃഖിതനായ വൃദ്ധൻ മാത്രം
കൂനിക്കൂടിയിരിക്കുന്നു.
ഇടറുന്ന മഴപോലെ നീലിച്ച 
ഒലിവുമരങ്ങൾക്കിടയിലൂടെ 
രാത്രിയിലെ ശ്വേതഗൃഹങ്ങൾ 
താരകങ്ങളെ മാടിവിളിക്കുന്നു.
സിപ്രസെസ്സ് മരങ്ങൾ 
ഇളകിമറിഞ്ഞ ആകാശത്തെ 
ഭീതിയോടെ നോക്കുമ്പോൾ 
മഴ കൊതിച്ച് രണ്ട് സ്ത്രീകൾ.

എനിക്ക് ജലത്തെ വരയ്ക്കണമെന്ന് 
കടുംനീല ചാലിച്ച് അവൻ...  
മരതകത്തിന്റെ മലകളെന്ന് 
കടുംചുവപ്പിന്റെ സൂര്യനെന്ന് 
മഞ്ഞകളുടെ മദപ്പാടെന്ന്....
ഓരോ ചെറുവരകളും ഇടകലർന്ന് 
വളർന്ന് മഴപെയ്യുകയായി.

അകലെയുള്ള മലകളിലൊന്ന് 
ആരോ ഇളക്കിമാറ്റിയ പോലെ 
അടുത്തടുത്ത് വരുമ്പോൾ,
പ്രളയം ഇഴകൾ പാകിയ വയലിൽ 
ഞങ്ങൾ ഒഴുകാൻ തുടങ്ങി.
കടൽ തേടുന്ന നദികൾക്കൊക്കെ 
പറയാനുള്ള പാട്ടിലെല്ലാം 
പല ദിക്കുകളുടെ ഭാഷയിൽ 
ഒരേ കണ്ണീർ മാത്രം. 

തോന്നിയതൊക്കെയും 
സ്വപ്നമായിരുന്നില്ല.
ആയിരുന്നെങ്കിൽ...
8 അതിർക്കല്ലുകളും 
22 തരം വിളകളും 
395 ഏക്കറുകളുടെ 
ഒരൊറ്റ ജന്മസഫലതയുമായി 
അയാൾ നമുക്ക് മുന്നിൽ 
സ്വയം വിസ്മൃതനാകുമായിരുന്നില്ല!

ഞങ്ങളുടെ ആർത്തിയ്‌ക്കൊപ്പം 
മരിച്ചു പോയ വാൻഗോഗ് 
റദ്ദുചെയ്യപ്പെട്ട ഭരണഘടനയിലെ  
അത്ഭുതകരമായ സ്വാസ്ഥ്യമായി 
ആർക്കും അനുഭവമായേക്കാം.

ഭൂതകാലം പുകഞ്ഞ ഒരു തീവണ്ടി 
പാളംതെറ്റി ഓടിത്തുടങ്ങുന്നു.
 
===

സ്വാസ്ഥ്യം - പി ശിവപ്രസാദ്



എവിടേയ്ക്ക് പോയി നീ 
എൻ സ്വാസ്ഥ്യമേയെന്ന് 
കരളിലിരുന്നാരോ തേങ്ങി?

മുടി കറുപ്പിക്കുവാൻ 
മുനകൂർത്ത പ്രായത്തെ 
മുറിയിലടക്കിയ ഖബറിൽ...
മിഴികൾ തിളക്കുവാൻ 
മഷിയെഴുതുന്നൊരാ 
ഗതകാല സന്ധ്യതൻ ചെരിവിൽ...
മൊഴികളിൽ ബാഷ്പവും 
മഞ്ഞുപെയ്ത്തും  ഖഡ്‌ഗ-
മൂരിയുയർത്തിയ സ്മൃതിയിൽ...
ഇനിയൊരിക്കൽ വന്നു
ഹൃദയംതൊടാമെന്ന 
പ്രണയ വാഗ്‌ദത്തച്ചതിയിൽ...
ഇവിടെയേകാന്തമായ് 
മരുവുമെൻ പ്രാണന്റെ 
വികലമാം ഹൃദയമിടിപ്പിൽ.

പലവഴികളിൽ വന്ന് 
ചിരകാലസൗഹൃദം 
പകരുന്ന ജനിതകസ്ഥിതിയിൽ...
ഇലകൾ വാടും മുമ്പ് 
കിളികൾക്ക് കൂരയായ് 
പരിണമിക്കുന്ന തുരുത്തിൽ...
ശലഭങ്ങൾ നൃത്ത്യരായ് 
സ്വപ്നവർണ്ണങ്ങളെ 
ചിറകിലാവാഹിച്ച ജതിയിൽ...
തിരകൾ മരുമണലേറി 
ഉരഗവേഗങ്ങളിൽ 
കനൽമരം ചുട്ടെടുക്കുമ്പോൾ....
അകലങ്ങളിൽ പ്രാണ-
ഗന്ധം വഹിച്ചുകൊ-
ണ്ടലയുന്ന കാറ്റിൻെറ ശ്രുതിയിൽ...

ഇനിയും വരാത്തതാം 
സുപ്രഭാതങ്ങൾ തൻ 
രതിയൂഷ്മള ശൃംഗവനിയിൽ...
അറിയാത്ത രാഗങ്ങൾ 
അനുപദം മൂളുന്ന 
തടിനി പോൽ പായും മിഴിയിൽ.

ഒരു കല്പകാലത്തി-
ലുയരുന്ന പ്രളയത്തിൽ 
അലിയുന്ന ജന്മാന്ധവൈരം...
വഴികളിലുപേക്ഷിച്ച് 
വ്രണിതനായ് നിൽക്കുന്നു 
ഇനി മാപ്പ് നൽകൂ സതീർത്ഥ്യാ.

കൊല്ലപ്പെട്ടവരുടെ ദൈവം - പി ശിവപ്രസാദ്

 

കൊല്ലപ്പെട്ടവരുടെ ദൈവം 

അങ്ങനെയിരിക്കെ,
ഏറ്റവും അസ്വസ്ഥമായ  ഒരു ദിനം 
ദൈവം ഇപ്രകാരം അരുളിച്ചെയ്തു:
"മതങ്ങളെയെല്ലാം ഞാൻ പിരിച്ചുവിട്ടിരിക്കുന്നു.
അവയുടെ ഉഗ്രശാസനങ്ങൾ 
ഇനിയാരും പിൻപറ്റേണ്ടതില്ല.
സൃഷ്ടികളിൽ മികച്ചതായ മനുഷ്യർക്ക്‌ 
മതമില്ലാതെയും സന്തോഷിക്കാം.
മതത്തോട് ചേർത്ത് അവർ പണിത 
ദുർഗ്ഗന്ധം വമിക്കുന്ന എടുപ്പുകൾ 
പൊള്ളിയടർന്ന് വീണൊഴിയാതെ
സ്വന്തം പാപത്തിന്റെ പൂർണ്ണ നഗ്നത 
അവർക്ക് തിരിച്ചറിയാനാവില്ല."

അന്നത്തെ മൂവന്തിചർച്ചകൾക്കിടയിൽ
കൊലചെയ്യപ്പെട്ട മതനിഷേധികളുടെ 
വെട്ടിമുറിക്കപ്പെട്ടും കത്തിക്കരിഞ്ഞും കിടന്ന 
ഉടലുകളുടെ കണ്ണുകളിലൂടെ
ദൈവം അപ്രത്യക്ഷനായതായി
ലോകർക്ക് വേദനയോടെ ബോധ്യപ്പെട്ടു.

ആ കടുത്തുതണുത്ത രാത്രിയിൽ 
ഭൂമി പ്രളയത്തിൽ  മുങ്ങാങ്കുഴിയിടുമ്പോൾ
മതമില്ലാത്ത ലോകത്തിനു വേണ്ടി 
കൊല്ലപ്പെട്ടവരുടെ ജാഥ 
നക്ഷത്രങ്ങൾക്കുമേൽ അണിനിരന്നു.
അതിനെ അഭിമുഖീകരിച്ച ദൈവാത്മാവ്, 
മൂന്നാംലിംഗക്കാർക്കു വേണ്ടി 
താൻ പുതുതായി സൃഷ്ടിച്ച മതമാണ്‌ 
ഇനി ലോകത്തെ നയിക്കുകയെന്ന് 
അർഥശങ്കയ്ക്കിടമില്ലാതെ പ്രഖ്യാപിച്ചു.

അപ്പോൾ....
ആകാശങ്ങളുടെ ഉടഞ്ഞുവീണ അതിർത്തിക്കപ്പുറം 
സൂര്യനെപ്പോലെ ജ്വലിക്കുന്ന താരങ്ങളും 
ചന്ദ്രനെപ്പോലെ തണുത്ത ഗ്രഹങ്ങളും 
എടുപിടീന്ന് സ്വയംഭൂവായി വന്നു.

പിന്നീടാണത്രേ ബുദ്ധിശാലികളായ മനുഷ്യർ 
ഭീതിയും സംശയവുമില്ലാതെ, 
നുണയും ദ്വേഷവുമില്ലാതെ 
സഹജീവികളോട് സംവദിക്കാൻ തുടങ്ങിയത്. 

മരിക്കാത്ത കോശങ്ങളുടെ സംഗീതം - പി ശിവപ്രസാദ്


അംഗവസ്ത്രങ്ങളെല്ലാം അഴിച്ചാൽ  
നീയെന്ന നിശ്ചലത കനലാകും.
തലച്ചോറിൽ ഒരു ചിലങ്ക കിലുങ്ങും
ഹൃദയത്തിൽ തടാകം ശ്വസിക്കും  
വലയിൽപ്പെട്ട വെള്ളിമീനോ 
ജീവൻ പിരിഞ്ഞ കടൽശംഖോ 
കരയിലേക്ക് പ്രാണവായു തിരയും.
വെളിച്ചം... മെല്ലെമെല്ലെ 
അതിർത്തിയിലെ അസ്തമയമാകും.

തിരയടങ്ങിയ ചാവുകടലിൽ 
നീയിപ്പോൾ നടക്കാനിറങ്ങും.
പുലരിയെഴുതിയ മഞ്ഞുകവിതയുടെ 
പുൽമൈതാനത്തിലൂടെയെന്നവണ്ണം...
തോടിനു കുറുകെ കാറ്റത്തു വീണ 
ഒറ്റത്തടിപ്പാലത്തിലൂടെയെന്ന വണ്ണം...  
വർത്തമാനത്തിനും ഭാവിക്കുമിടയിലെ 
ദ്രവിച്ച ഭൂതകാലത്തിന്റെ ഓർമ്മയിലൂടെ....

വായു ജനിച്ചിട്ടില്ലാത്ത ആകാശത്തിൽ 
നീയിപ്പോൾ യൂറി ഗഗാറിനാകും.
ഉടഞ്ഞുവീണ സോയൂസിൽ ചിതറും 
സ്വേച്ഛകളുടെ പെരുങ്കണ്ണാടികൾ.
ഗോതമ്പ് മൂത്ത കർണാലിലെ പാടങ്ങളിൽ  
നീയിപ്പോൾ  കല്പന ചാവ്ലയാകും.
വിമാനങ്ങൾ വരച്ചു വരച്ച് വീടാകെ 
ഉരുക്കുയന്ത്രങ്ങളുടെ പൂന്തോട്ടമാക്കും.
സ്വപ്നങ്ങളിൽ പറക്കാൻ കൊതിച്ച്  
പുഷ്പകത്തിൽ ഒരുനാൾ കുതിച്ചുയരും.   

ക്രമത്തിലും ക്രമമില്ലായ്മയിലും 
നീയൊരു നീലത്തിമിംഗലമാകും.
ഓരോ അവയവങ്ങളുടെയും ധർമ്മം 
അപരബാധ്യതയായി തുടരും.
ജഢം കിടത്തപ്പെട്ട പെട്ടിയായി 
യന്ത്രം സ്വയം ഉടുപ്പ് മാറ്റും.
കണ്ണുകളിലേക്ക് പറന്നിറങ്ങുന്ന 
അത്ഭുതത്തുമ്പികളുടെ ക്രൗര്യം 
മിസൈലുകളായ് ചീറിവീഴും.
*കാപോറേൽസ് നൃത്തത്തിന്റെ 
താളാത്മകമായ ചുവടുകളുമായി 
മരിച്ചവർ അണിനിരക്കും.
അവരുടെ സംഘസംഗീതത്തിൽ 
ദേവരാജനും രാഘവനും എം.ബി.എസ്സും...
ഒരൊറ്റ ക്വയറായി ഉച്ചസ്ഥായിയിൽ പാടും.

ചുറ്റിലും പ്യൂപ്പ പൊളിച്ചയുയരുന്ന 
പുഷ്‌പച്ചിറകുള്ള ശലഭങ്ങൾ 
അഗ്നിക്കാവടിയുടെ ആരോഹണമാകും. 
പൊക്കിൾത്താമരയിൽ ബ്രഹ്മധ്യാനം 
അനന്തതയുടെ ഇടിമിന്നലേറ്റുണരും.
ഏഴാം സിംഫണിയുടെ ഭ്രമവും വേഗവും 
ഭയാനകമായ കത്തിമുറിവുകളാവും. 
ബാവുലിന്റെ വിയർപ്പും നെടുവീർപ്പും 
ചോരയും കണ്ണീരും ചേർന്ന് 
നിന്നെ അന്ധതയുടെ ദേവനാക്കും.

നട്ടെല്ലിന്റെ അവസാന കശേരുവിൽ നിന്ന് 
മരിക്കാത്ത കോശങ്ങൾ ഉയർത്തെണീൽക്കും .
മസ്തിഷ്‌കം എയ്യുന്ന ഒരു ഫോൺ കോൾ
കോൺഫറൻസ് സംഭാഷണമായി 
ഡീ-കോഡ് ചെയ്യപ്പെടും.
അതിർത്തിയിൽ ഒരു പടനീക്കം 
അടിമജനാധിപത്യത്തെ പുകഴ്ത്തും.

മരിക്കാത്ത കോശങ്ങളുടെ സംഗീതം 
ഏകാന്തമായ ആലാപനത്താൽ 
തീമഴ പോലെ പെയ്തിറങ്ങും .
അപ്പോൾ......
വ്യാളീമുഖമുള്ള സിംഹാസനങ്ങളുടെ 
മൂലക്കല്ലുകൾ ഒന്നാകെ ഇളകും.
മനുഷ്യന്റെ ആത്മബോധത്തിലെ 
പുലരിവെട്ടത്തിനപ്പുറം കതിരിടുന്ന 
യാതൊന്നുമില്ലെന്ന് തിരിച്ചറിവുണ്ടാകും.  

അപ്പോഴും നീ... പ്രതിജ്ഞയോടെ, 
ജനാധിപത്യവേദത്തിന്റെ കാവലായി  
യന്ത്രജീവിതത്തിന്റെ പൽച്ചക്രങ്ങളിൽ 
സ്വയം അരഞ്ഞുകൊണ്ടെങ്കിലും...
ഉലയിലെ ചുട്ടുപഴുത്ത ഇരുമ്പ്തുണ്ടിനെ 
ആവർത്തിച്ച് പ്രഹരിച്ചുകൊണ്ടേയിരിക്കും. 
(((0 )))
----------------------------------------------------------------------------------------------------
*കാപോറേൽസ് - വേഗമേറിയ ബൊളീവിയൻ ആചാരനൃത്തം . 
====


Wednesday, September 16, 2020

ചുവപ്പ് - രോഷ്നി സ്വപ്ന

 കൊല്ലം മുമ്പ്‌
കൊല്ലപ്പെട്ടവൻ
ഇന്ന് ഇറങ്ങിയ ആഴ്ചപ്പതിപ്പിൽ
അറ്റു പോയ
കൈപ്പത്തിയെക്കുറിച്ച്‌ എഴുതിയിരിക്കുന്നു. 
ഞാൻ
ഒരിക്കലും കാണാത്ത അവൻ 
അതു 
എനിക്ക്‌ സമർപ്പിച്ചിരിക്കുന്നു 
അവന്റെ മുഖഛായ
മരിച്ചവരുടെയോ 
മരിക്കാനിരിക്കുന്നവരുടെയോ എന്നറിയാതെ 
ഞാൻ കുഴങ്ങുന്നു.
രോമകൂപങ്ങൾ ചുവക്കുന്നു

തൊലിയുടെ ഓരോ  അടരും
ചുവന്ന് ചുവന്ന് 
ഞാൻ തീക്കനലാകുന്നു
ആരുമറിയാ തെ ഞാൻ കാണുന്ന സ്വപ്നങ്ങളിൽ അവൻ....
അരയിൽ ഓട്ടുമണിയണിഞ്ഞ്‌ 
ചുവന്ന പട്ടുടുത്ത്‌ 
ഉറഞ്ഞു തുള്ളുന്നു. 
നിലാവും വെളിച്ചവും കലർന്ന 
രാത്രിയെചുവപ്പിക്കുന്നു 
എന്റെ ശിരസ്സിനു മുകളിൽ
ചുവന്ന അരയാലിന്റെ 
ചില്ലകൾ പടർത്തുന്നു. 
നാട്ടു വഴിയിലും തെരുവിലും 
ഊൺമേശയിലും ഗാഗുൽത്തയിലും അവൻ
എന്റെ ഒപ്പം കൂടുന്നു.
ഞാനുറങ്ങുമ്പോൾ
എനിക്കു പകരം പുറത്തിരുന്ന് 
അവൻ
പൊടുന്നനെ നിലവിളിക്കുന്നു. 
ഞാൻ കത്തുന്ന 
മരുഭൂമിയിലെത്തുന്നു.
അവൻ നിലവിളിക്കുന്നത്‌ 
മറ്റേതോ ഭാഷയിൽ മറ്റേതോ
ഭൂമിയിൽ ഞാൻ 
ഇതു വരെ കാണാത്ത തെരുവുകളിലവൻ 
തക്കാളിച്ചാറൊഴുക്കുന്നു. 

ഞാനതിൽമുങ്ങി മരിക്കുന്നു 

ജനിച്ച നാടിനെ തള്ളിപ്പറയാൻ 
അവനെന്നെ നിർബന്ധിക്കുന്നു. 
തക്കാളി നീരു ചൂണ്ടിക്കാട്ടി "രക്തം","രക്തം" 
എന്ന് പറഞ്ഞു 
അവനെ 
എന്നെയൊഴിച്ച്‌
എല്ലാവരെയും കബളിപ്പിക്കുന്നു. 
അതിരുകൾ മുഴുവനവൻ 
കടുപ്പിച്ചു വരക്കുന്നു. 
ഞാൻ കേട്ടാലുമില്ലെങ്കിലും 
അവനെ 
എന്നെ നിരന്തരം ഉപദേശിക്കുന്നു. ഉടലിൽ നിന്ന
് പ്രാണനെ പിരിയും പോലെ ഞാൻ അവനെ കുടഞ്ഞ്‌ എറിയാൻ ശ്രമിക്കുന്നു. 
ഭൂമിയിലെ 
ഏറ്റവും ശക്തമായ 
വേഗ0കൊണ്ട്‌ എന്റെ കൈകളുയർത്തു അവന്റെ നെറുകയിൽ ഒരാണിയടിക്കാൻ
ഞാൻ ഒരുങ്ങുന്നു. 
അറ്റു പോയ 
കൈപ്പത്തിയിലെ 
അദൃശ്യമായ
ചൂണ്ടു വിരലറ്റത്തു നിന്ന
് ഒരു 
ചുവന്ന പുഴ
കുതിച്ചു വന്നു

ഓറഞ്ച് മത്സ്യം - രോഷ്നി സ്വപ്ന

ഈ 
നീന്തൽ
 കഴിയും മുമ്പ് 
ഞാൻ 
നിന്നെയും 
നീ 
എന്നെയും 
മറക്കും 

കടൽനിരപ്പിലേക്ക് 
 ഊക്കനെ കുതിക്കുന്ന 
ഓറഞ്ചു പെൺമത്സ്യം 
ഞങ്ങൾ പറയുന്നത് കേട്ടു .

ചുണ്ടുകൾ ചേർത്ത് വെക്കുമ്പോൾ 
അവനു മീൻമുലപ്പാലിന്റെ 
മണം .


ഞാനൊരിക്കലും 
ഉമ്മ വക്കാത്ത 
അവളുടെ
 മീൻ കണ്ണുകൾ 
എന്നെക്കാണുമ്പോൾ 
അടയുമായിരുന്നു .


കടലിന്റെ മധ്യത്തിൽ വച്ച് 
എപ്പോഴെങ്കിലും 
കണ്ട് മുട്ടുമ്പോൾ 
അവളെന്റെ 
ഓർമ്മയെ 
ചിക്കി ചികഞ്ഞു നീന്തി .


കടലിനു നടുവിൽ ഒറ്റക്കായിപ്പോയ 
ഒരു മീനിന്റെ 
ഏകാന്തത 
അറിയുമോ നിനക്ക് ?


മനുഷ്യരുടെ കപ്പലിൽ നിന്ന് വീണു കിടപ്പുണ്ടായിരുന്നു 
കടൽപ്പത നിറയെ 
മീനുകളുടെ ഫോസിലുകൾ .
മരിച്ച മീനുകൾ 
രതിയിൽ ഏർപ്പെടുന്നതിന്റെ 
ഇളക്കങ്ങൾ .


ഞങ്ങൾ ഒറ്റക്കൊറ്റക്ക്‌ 
അതിലേക്ക് പോയി 
നോക്കിക്കൊണ്ടിരുന്നു .


"നിന്റെയോർമ്മയെ 
അത്രമേൽ മറക്കാൻ 
ശ്രമിക്കുന്നത് കൊണ്ടാണ് 

അത് നീ എപ്പോഴും 
ഓർക്കുന്നത് കൊണ്ടാണ് 
ഞാനും നീയും 
കണ്ടുമുട്ടുന്നതും 

നാം പരസ്പരം 
നോക്കാതെ 
മീനുകൾ അല്ലാത്ത പോൽ 
നീന്തി മറയുന്നതും .


രാത്രികളിൽ 
അവളില്ലാത്ത 
കടലാഴങ്ങളിൽ 
ഞാൻ ആഞ്ഞു നീന്തി .


പ്രണയത്തിനു 
നേരെ നോക്കി 
ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിയാത്ത 
നിസഹായനായ ഞാൻ 
അപ്പോഴായിരിക്കാം 
ഒരു മനുഷ്യന്റെ 
ജന്മം 
കൊതിച്ചു കാണുക .


എന്റെ വിരലറ്റങ്ങൾ തട്ടി 
കടലും 
പിന്നെ കടലിൽ 
പ്രതിഫലിക്കുന്ന 
ആകാശവും 
നീലിച്ചു ചുവന്നു .


അവളുടെ ഉടൽ 
ഓറഞ്ചിലേക്ക് 
പടരുന്ന കാഴ്ചയിൽ 
കടൽ ഞെട്ടി .


ഇപ്പോൾ 
കടലിനും 
അവളുടെ ഓറഞ്ച് നിറം .
കടലിലേക്ക് നോക്കുമ്പോഴേക്കും 

മരണത്തിന്റെ മണം .
അടിച്ചേല്പിക്കപ്പെട്ട 
നിശബ്ദതയുടെ കനം ...

വെറുപ്പ് - രോഷ്നിസ്വപ്ന

ചില മുറിവുകൾ 
സാവധാനത്തിലാണ് 
ഉണങ്ങുക 

തൊലിയിലൂടെ 
നുഴഞ്ഞുകയറി ഞരമ്പിലേക്ക് ഒഴുകിയിറങ്ങുന്ന
 ശത്രുവിന്റെ 
കുതന്ത്രമുണ്ടായിരിക്കും 
അതിന്. 

അപ്പോഴാണ് 
എനിക്ക് കാണുന്നതെല്ലാം
 രണ്ടായി മുറിക്കാൻ തോന്നും.

 ചലനമുള്ളതെല്ലാം 
അറുത്തു കളയാൻ തോന്നും.

 റോഡ് മുറിച്ച് 
വെറുതെ 
അങ്ങോട്ടും ഇങ്ങോട്ടും പായുന്ന 
പൂച്ചയെ പോലെയാകും
 ഞാനും.

 അപ്പോഴാണ്. 
അപ്പോൾ മാത്രമാണ് 
അവന്റെ 
ശരീരം
എനിക്ക് അരോചകമാകുക.

 അവന്റെ കുടിൽ എന്നിൽ 
അറപ്പ് ഉണ്ടാക്കുക.
 അവന്റെ പേരും മണവും പോലും 
എന്നിൽ 
ഓക്കാനമുണ്ടാക്കുക.

 എന്നാലും "എന്റെ മുറിവ്"
"എന്റെ മുറിവ്"
 എന്ന് ഞാൻ ഉള്ളിൽ 
കിതച്ചു കൊണ്ടിരിക്കും

 പേപ്പട്ടിയെപ്പോലെ

 വെറുക്കപ്പെടാനായി 
 ഞാനൊന്നും ചെയ്തിട്ടില്ല. 

പനിനീർ തോട്ടത്തിലേക്കുള്ള
 അവന്റെ കുടിൽ ഞാൻ നിരപ്പാക്കി കടലിനെ ഞാൻ രണ്ടായി വിഭജിച്ചു കറുപ്പും തവിട്ടും കലർന്ന 
മണ്ണിനെ രണ്ടായി 
കൊത്തി മറിച്ചിട്ടു.  

ഇരുട്ടിൽ
 നിശബ്ദനായിരുന്ന് 
 പലനിറത്തിലുള്ള 
 ഉടുപ്പുകൾ തുന്നി ആളുകൾക്ക്
സമ്മാനിച്ചു. 
ഇത്രമാത്രം

എല്ലാ ചോരക്കുഞ്ഞുങ്ങളെയും 
 ഞാൻ കൊന്നൊടുക്കി.

 അവർ പിതൃ ഹത്യ നടത്തുമെന്ന് കഴുകന്മാർ പ്രവചിച്ചിരുന്നു.

 പ്രണയിക്കുന്നവർക്കിടയിൽ 
ഞാൻ
 വലിയ മതിലുകൾ പണിതു. 
രാജ്യത്തെ രക്ഷിച്ചു.

 എന്നിട്ടുംഅവന്റെ 
 തകർന്നടിഞ്ഞ കുടിലിലേക്ക് നോക്കുമ്പോൾ 
എന്റെ മുഖച്ഛായയുള്ള കുഞ്ഞ് വിളിച്ചു പറയുന്നത് എനിക്ക് സഹിക്കാനാവുന്നില്ല

 "ഞാൻ 
നഗ്നനാണെന്ന്"

കുറ്റപത്രം - രോഷ്നിസ്വപ്ന

ഒരു കാലത്ത്   കുഴച്ച മണ്ണ് മാത്രമായിരുന്നു 
നമ്മൾ
തിന്നിരുന്നത്. 

അന്ന് 
അതിർത്തികൾ
ഇത്ര വിണ്ടു തുടങ്ങിയിരുന്നില്ല

പിച്ചിപ്പൂക്കളെയും
 താമരയിതളുകളെയും സ്വപ്നം കാണുക ഇത്ര ആയാസമേറിയതായിരുന്നില്ല
 അന്ന്

നമ്മൾ വിടർന്നു പരന്ന  ഭൂപ്രദേശമായിരുന്നു.

 നമുക്ക് 
ആകാശത്തെയും 
സമുദ്രത്തെയും
എളുപ്പത്തിൽ 
 കാണാമായിരുന്നു 


പിന്നീടത് 
ആകാശയുദ്ധങ്ങളുടെയും കപ്പൽച്ചേതങ്ങളുടെയും  
ഓർമയാകും വരെ മാത്രം !

നമ്മുടെ ഉടലിനും 
കൈയ്ക്കും കാലിനും 
ചങ്ങലയിട്ടവർക്ക് 
നിന്റെ മുഖച്ഛായ ആയിരുന്നു. 
ഞാൻ ഖേദിക്കുന്നില്ല.

നമ്മുടെ കണ്ണുകൾ 
ഇരുന്നിടത്ത് കൃഷ്ണമണികളുടെ 
ആഴക്കുഴികൾ ആണിപ്പോൾ. 

അവസാനമായി നമുക്കാരോ 
 കുറച്ച് ചുവന്നപൂക്കൾ 
സമ്മാനിച്ചു. 

നമ്മുടെ മൂക്ക്, 
മണം  മറന്നുപോയിരുന്നു.

 അതിർത്തികൾ
നാസാരന്ധ്രങ്ങളിലൂടെ  
ഒച്ചിനെപ്പോലെ 
ശിരസ്സിലേക്കും
തലച്ചോറിലേക്കുമുള്ള  പ്രവേശനത്തിനായി 
കാത്തുനിൽക്കുകയായിരുന്നു 

പക്ഷികൾ ഉപേക്ഷിച്ചു പോയ കൂട്ടിലേക്ക് എന്നപോലെ...!

 നമ്മുടെ പ്രതിബിംബത്തിന്റെ  
സ്ഥാനത്ത് ശൂന്യത!

 ഈ മണ്ണിന് ചുവപ്പും ചുവയും ആണെന്ന് നീ സാക്ഷ്യം പറഞ്ഞു.

 നമ്മുടെ  ആമാശയത്തിലേക്ക് വെറുപ്പിനെ പുഴുക്കൾ 
ഇഴഞ്ഞു വന്നു

 പോകെപ്പോകെ
ബുദ്ധനായി മാറിയ 
 ഒരു ചെന്നായയുടെതായി മാറി
 നിൻറെ മുഖം. 

നിനക്ക് തേറ്റകൾ വളർന്നു.
നഖങ്ങൾ കൂർത്തു. 

 നാം  തിന്നുന്ന മണ്ണ് 
നീ കുഴച്ചു  മറിച്ചിട്ടു. 

നമ്മുടെ  വെള്ളത്തിൽ
 നീ വിഷം കലക്കി

 അപ്പോൾ നീ ഞങ്ങളെക്കുറിച്ച് 
ഞങ്ങൾക്കറിയാത്ത ഭാഷയിൽ 
എന്തോ പറഞ്ഞു കാണണം.

"''തൊട്ടുകൂടാത്തവർ "
 എന്നാണതിനർത്ഥം എന്ന് 
നിൻറെ ഒച്ച ഞങ്ങളെ ഓർമിപ്പിച്ചു.. 


 എത്ര എളുപ്പത്തിലാണ് 
ഞങ്ങളുടെ  പേരിലുള്ള 
കുറ്റപത്രത്തിൽ 
നീ 
ഒപ്പിട്ടത്!!

Thursday, September 3, 2020

വിൽപ്പത്രം - രോഷ്നി സ്വപ്ന

ഒരിക്കൽ മരിച്ചു മണ്ണോടടിഞ്ഞ 
ഒരു അരയാൽ മരമാണ് ഞാൻ. 

എന്റെ തണലിൽ ഇരുന്നാണ് യശോധര ബുദ്ധനെ ഉപേക്ഷിച്ചത്. 

അന്ന് 
രാജ്യങ്ങൾ തമ്മിൽ പുണർന്നൊഴുകിയിരുന്ന പുഴകളിൽ 
കഥകൾ 
നീന്തിതുടിച്ചിരുന്നു 

മീനുകൾ എന്ന് അവ അന്ന് വിളിക്കപ്പെട്ടു. 

അന്ന് ഞാൻ എന്റെ യൗവനം 
ആലിൻ കൊമ്പിൽ തൂക്കിയിട്ടു. 
പ്രാവുകൾ അതിന്മേൽ 
ഞാണ്ട് പറന്നുകളിച്ചു. 

ഞാൻ എപ്പോഴൊക്കെ എന്റെ കണ്ണുകൾ അടച്ചുവോ 
അപ്പോഴൊക്കെ ഓരോ 
ദേശങ്ങൾ മാഞ്ഞു പോയി. 

ഒരിക്കൽ നീ ജനിക്കുമെന്നും അന്ന് നമ്മൾ ഒരുമിച്ചു കാണുന്ന കടലിൽ 
ഈ ആൽ  വിത്തുകൾ മുളക്കുമെന്നും എനിക്കറിയാം. 
അതുകൊണ്ട് 
ഞാൻ 
ചന്ദ്രനെ എന്റെ ഉടലിനു കാവൽ നിർത്തി. 

എന്റെ കോശങ്ങളിൽ നിന്ന് നക്ഷത്രങ്ങൾ 
ഉദിച്ചുകൊണ്ടേയിരുന്നു 

ചന്ദ്രന്റെ വെളിച്ചം തട്ടാത്തയിടങ്ങളെ  അമാവാസി എന്നു വിളിക്കപ്പെട്ടു. 

അപ്പോൾ ഞാൻ ഭ്രമണപഥത്തിൽ നിന്ന് തെന്നി മാറിയ
 ആഹ്ലാദവതിയായ ഒരു ഗ്രഹമായി മാറിക്കാണും. 
എനിക്ക് അതിന്റെ പേരറിയില്ലായിരുന്നു 

ഞാനും നീയും ജനിക്കും 
പക്ഷെ ഞാൻ മരിക്കുന്നത് നീയും നീ മരിക്കുന്നത് ഞാനും കാണണ്ട എന്ന് അന്നേ നമ്മൾ തീരുമാനിച്ചു. 

അപ്പോൾ അതിരുകൾ എന്ന വാക്ക് ആദ്യമായി മനുഷ്യൻ കേൾക്കുകയായിരുന്നു. 
അത് മനസുകൾക്ക് മേൽ മുദ്ര വച്ച പോൽ പതിപ്പിക്കുകയായിരുന്നു. 

ആരും ആരോടും മിണ്ടിയില്ല. 
പതുക്കെ ഭൂമി പിളർന്നു. 
ആണും പെണ്ണുമല്ലാത്ത 
ഓരോമനക്കുഞ്ഞു ഉയർന്നു വന്നു. 
ഇലകൾ ശ്വാസം പിടിച്ചു.. 
വേരുകൾക്ക് രോമാഞ്ചം... 

നീ എന്റെ കണ്ണുകൾ ഇറുക്കിപ്പിടിച്ചു 
പുഴകൾ ഗതി മാറിയൊഴുകി. 
ഭൂമിയിൽ പ്രളയം വരും. 
ഏഴാം നാൾ നമുക്ക് ഉയിർത്തെണീക്കാം. 
നീ പറഞ്ഞു. 

ആൽമരം പെട്ടെന്ന് പൂത്തുലഞ്ഞു..

ഭ്രാന്ത്‌ - രോഷ്നിസ്വപ്ന

ഭ്രാന്തുണ്ടായിരുന്നപ്പോൾ 

ഞാൻ കൈനീട്ടി 

അയൽ രാജ്യങ്ങളിലെ 

പഴങ്ങൾ 

മോഷ്ടിച്ചു തിന്നു .


ഒരു കാൽചുവട് 

ഇവിടെ പതിച്ചു വച്ച് 

അടുത്ത ചുവട് 

മറ്റേതോ 

ദേശത്തിന്റെ 

ഓർമകളിലേക്ക് 

കോർത്തു വച്ചു .


എപ്പോൾ വേണമെങ്കിലും

എങ്ങനെ വേണമെങ്കിലും 

ഊർന്നഴിഞ്ഞു പോകാവുന്ന 

ഒന്നായി 

ഓർമ്മയും ബോധവും 

എന്നിൽ 

കുതിച്ചു .


കൃഷ്ണമണികൾ 

മറ്റേതോ കാലങ്ങളിൽ 

വിളഞ്ഞ 

മുന്തിരികളായി മാറി .

മരിച്ചു പോയ 

പക്ഷികൾ 

എന്റെ വിരലുകളിലേക്ക് ചേക്കേറാൻ തുടങ്ങി .


കൈപ്പത്തികൾ സംഘകാലത്തെ ബസവണ്ണയുടെ 

ഗ്രാമത്തിലെ 

ചാണകവറളികൾക്കൊപ്പം ചേർന്ന് ,

ജീവിതത്തിൽ നിന്ന് 

പുഞ്ചിരിച്ചുകൊണ്ട് 

മരണത്തിലേക്ക് 

ഇറങ്ങിപ്പോയവരുടെ ഉടൽ 

സുഗന്ധത്തോടെ 

തീയിനോട് ചേർത്തു കൊടുത്തു .


കുളത്തിലേക്ക് ജലം എന്നപോലെ 

ജീവൻ വായുവിലേക്ക് 

കലർന്നു .

ശിരസ്സ് മണൽത്തരികൾക്കൊപ്പം ...

ചുണ്ട് 

പൂക്കൾക്കൊപ്പം 

ചെവികൾ 

പക്ഷികളുടെ ചിറകുകൾക്കൊപ്പം 

അടിവയർ 

സൂര്യകാന്തിക്കൊപ്പം 

മാറിടങ്ങൾ 

താമരപ്പൂവുകൾക്കൊപ്പം .


എന്റെ കാഴ്ച 

ഇതിഹാസങ്ങളിലേക്കും 

കെട്ടുകഥകളിലേക്കും 

യുദ്ധങ്ങളിലേക്കും 

വറുതികളിലേക്കും 

പോയി 

തിരിച്ചു വന്നു .


കേൾവി 

കൊല്ലപ്പെട്ടവരുടെയും 

കാണാതായവരുടെയും 

നിലവിളികൾക്കൊപ്പം അദൃശ്യതയിലേക്ക് പോയിത്തിരിച്ചു വന്നു .


നാസാരന്ധ്രങ്ങൾ 

കാറ്റിനൊപ്പം പോയി 

ഉടലുകൾ കത്തുന്ന മണം കേട്ട് 

മിണ്ടാതെ 

തിരിച്ചു വന്നു .


ഓർമ്മ മറവിയെത്തേടി 

അലാദീന്റെ മരുഭൂവിൽ അലഞ്ഞു .


ഭ്രാന്ത്‌ മാറിയപ്പോൾ 

എല്ലാം തിരിച്ചു വന്നു .

കാഴ്ച 

കേൾവി 

സ്പർശം 

മണം 

ഓർമ്മ ...


പക്ഷെ 

അവയൊന്നും 

എന്നെക്കണ്ട് 

തിരിച്ചറിഞ്ഞതേയില്ല .


എന്റെ 

ഉടലിൽ നിന്ന് 

കൈകാലുകളും 

മൂക്കും മുലകളും 

കാതുകളും 

വെട്ടി മാറ്റിയിരുന്നു .

................................

Wednesday, September 2, 2020

രക്ഷിക്കണേ - രോഷ്നി സ്വപ്ന



 ഞാൻ
 കടലിലും 
പർവ്വതങ്ങളിലും 
 മരുഭൂമികളിലും 
 യാത്ര ചെയ്തിട്ടുണ്ട് 

ഇത്രക്ക്
 ഒച്ച വെക്കേണ്ടി വന്നിട്ടില്ല  

കടലിൽ 
മീനുകളും 
പർവ്വതങ്ങളിൽ
 ഉറവകളും 
മരുഭൂമികളിൽ 
ഒട്ടകങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്

ഇത്രക്ക് 
 ഒച്ച വെക്കേണ്ടി വന്നിട്ടില്ല

 രാത്രികളിൽ മാത്രം 
വെളുക്കുന്ന
 നഗരങ്ങളിലെ മുഖങ്ങൾ
 അവരുടെ കണ്ണുകളിലെ 
 വെളിച്ചം
 എന്നിൽനിന്നു 
മറച്ചു പിടിച്ചു. 

എന്നിട്ടും 
 ഇത്രക്ക് 
ഒച്ച വെക്കേണ്ടി വന്നിട്ടില്ല

 ജീവനുവേണ്ടി 
കരഞ്ഞുകൊണ്ട് 
ഓടിയൊളിക്കുന്ന 
മുയലുകളെ
 നഗരങ്ങളിൽ മാത്രമേ 
ഞാൻ 
കണ്ടിട്ടുള്ളൂ 

ആളുകൾക്ക് 
കേൾക്കാവുന്നത്രയ്ക്ക് ഉച്ചത്തിലാണ് 
ഞാൻ 
വിളിച്ചു പറഞ്ഞത്.

ഇത്രയുച്ചത്തിൽ 
 ഇതേവരെ 
പറഞ്ഞില്ല 
എന്നപോലെ....

വെളുപ്പിൽ 
 ഒരിത്തിരി 
ചുവന്ന കറ പടർന്നാൽ
 എങ്ങനെയിരിക്കും? 

ചോരക്കറ "
എന്നല്ലേ നാം പറയുക? 

പിന്നെയെനിക്കെങ്ങനെ 
ഇത്രയും
 ഉച്ചത്തിൽ 
നിലവിളിക്കാതിരിക്കാനാവും

" രക്ഷിക്കണേ" എന്ന്